വാഷിങ്ടൺ: ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്ട് അറ്റോർണിയും ഇന്ത്യൻ വംശജനുമായ പ്രീത് ബരാരയെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഡൊണാൾഡ് ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇന്ത്യയിൽ ജനിച്ച് വളർന്നിട്ടും ഇന്ത്യക്കാർക്കിട്ട് പണി കൊടുക്കാൻ ആവേശം കാട്ടിയ പ്രീത് ബരാരക്കിട്ട് ട്രംപ് പണി കൊടുത്തിരിക്കുകയാണ്. ഇദ്ദേഹത്തെ തൊലിനിറം നോക്കി ട്രംപ് പുറത്താക്കിയിട്ടും കണ്ണീരൊഴിക്കാൻ ആരുമില്ലാത്ത അവസ്ഥയാണിപ്പോൾ.

യുഎസിലെ ഏറ്റവും അറിയപ്പെടുന്ന ഫെഡറൽ പ്രോസിക്യൂട്ടർമാരിലൊരാൾക്കാണിപ്പോൾ ഇത്തരത്തിൽ പണി തെറിച്ചിരിക്കുന്നത്. ഇദ്ദേഹത്തോട് സ്ഥാനത്ത് നിന്നും മാറാൻ ദിവസങ്ങൾക്ക് മുമ്പ് ട്രംപ് ആവശ്യപ്പെട്ടിട്ടും ഇതിന് വഴങ്ങാത്തതിനെ തുടർന്നാണ് ഇപ്പോൾ പിടിച്ച് പുറത്താക്കിയിരിക്കുന്നത്. തന്നെ പിരിച്ച് വിട്ട കാര്യം ബരാര തന്നെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്. മുൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയാണ് ബരാരെയ ഉന്നതസ്ഥാനത്ത് നിയമിച്ചിരുന്നത്.

ഇന്ത്യൻ നയതന്ത്രജ്ഞയായിരുന്ന ദേവയാനി ഖോബ്രാഗേഡിനെ അറസ്റ്റ് ചെയ്തതിൽ പ്രീത് ബാരയ്ക്കുള്ള പങ്ക് വ്യക്തമായതിനെ തുടർന്ന് അദ്ദേഹം ദിവസങ്ങൾക്ക് മുമ്പ് തന്നെ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. ദേവയാനിയുടെ അറസ്റ്റിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വരെ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. ദേവയാനിക്ക് പുറമെ അമേരിക്കയിൽ ഉന്നത സ്ഥാനത്തിരിക്കുന്ന നിരവധി ഇന്ത്യൻ വംശജർക്കെതിരെ നീക്കം നടത്തിയതിന് പുറകിൽ ബരാരയാണെന്ന് വ്യക്തമാക്കുന്ന മെയിൽ സൗത്ത് ഒഫീഷ്യലുകൾക്കിടയിൽ പ്രചരിച്ചിരുന്നു.

ഇതിനെ തുടർന്ന് ട്രംപ് ഭരണകൂടം ബരാരയെ സൂക്ഷ്മനിരീക്ഷണത്തിന് വിധേയനാക്കുകയും തൽഫലമായി ഇപ്പോൾ പുറത്താക്കുകയും ചെയ്തിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ദേവയാനിയുടെ കേസിന് മുമ്പ് തന്നെ മുൻ മാക് കിൻസെ എംഡിയും ഇന്ത്യൻ വംശജനുമായ രജത്ത് ഗുപ്തയെ പ്രോസിക്യൂട്ട് ചെയ്തതിലും ബരാരയുടെ കറുത്ത കരങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. ഇന്ത്യയ്ക്കെതിരെ ഇത്രയൊക്കെ കാട്ടിക്കൂട്ടിയിട്ടും ബരാരയ്ക്കെതിരെ എന്തുകൊണ്ട് നടപടിയുണ്ടാകുന്നില്ലെന്ന് ആശങ്ക ഡിപ്ലോമാറ്റിക് സമൂഹം ഉയർത്തിയിരുന്നു.

മുൻ ഖാലിസ്ഥാൻ വാദികൾക്ക് അമേരിക്ക പരിധിയില്ലാത്ത അഭയം നൽകുന്നതിന്റെ ഭാഗമായിട്ടാണ് ബരാരയെും സംരക്ഷിച്ചതെന്നാണ് കരുതുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ നേതാക്കൾക്കെതിരെ ഖലിസ്ഥാൻ അനുകൂലികൾ സമർപ്പിച്ച കേസുകൾ അമേരിക്കൻ കോടതികളിൽ സ്വീകരിക്കപ്പെടുക വരെയുണ്ടായി. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രി കമൽനാഥ് , കോൺഗ്രസ് പാർട്ടി എന്നിവർക്ക് നേരെ സമൻസുകൾ അയച്ചിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ പേരിലായിരുന്നു ഈ സമൻസ്.അമേരിക്കൻ പ്രദേശത്ത് സംഭവിക്കാത്ത കാര്യമായിരുന്നിട്ട് കൂടി യുഎസ് കോടതികൾ ഇക്കാര്യത്തിൽ അമിതതാൽപര്യം എടുക്കുന്നതിൽ മുതിർന്ന ഒഫീഷ്യലുകൾ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഇന്ത്യൻ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ ഡിപ്ലോമാറ്റിന്റെ മകളായ കൃതിക ബിശ്വാസിനെ പഠിക്കുന്ന സ്‌കൂളിൽ വച്ച് 2011ൽ അറസ്റ്റ് ചെയ്ത സംഭവവും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. സൈബർ ബുള്ളിയിങ് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ പിന്നീട് യഥാർത്ഥ കുറ്റവാളി മറ്റൊരു വിദ്യാർത്ഥിയാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇന്ത്യൻ അമേരിക്കക്കാർക്കെതിരെയുള്ള ഇത്തരം നിരവധി ദ്രോഹപ്രവർത്തികളിൽ ബരാരയുടെ പങ്കുണ്ടായിരുന്നുവെന്നാണ് സൂചന. അതിനാൽ അവസാനം അദ്ദേഹത്തെ പുറത്താക്കിയതിൽ ഇവിടുത്തെ ഇന്ത്യൻ സമൂഹത്തിലെ നിരവധി പേർ സന്തോഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പുതിയ ട്രംപ് ഭരണകൂടം ഭരണമാറ്റത്തിന്റെ ഭാഗമായി യുഎസ് അറ്റോർണിമാരെ കൂട്ടത്തോടെ മാറ്റുന്ന തിരക്കിലാണ്. വെള്ളിയാഴ്ച 46 പ്രോസിക്യൂട്ടർമാരോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബരാരയെ നീക്കം ചെയ്തിരിക്കുന്നത് വൻ വിവാദമാണ് ഉയർത്തിയത്. അദ്ദേഹത്തെ സ്ഥാനത്ത് തുടരാൻ അനുവദിക്കുമെന്ന് ആദ്യം ട്രംപ് തന്നെ ഉറപ്പ് നൽകിയിരുന്നു. ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ഉടൻ ബരാരയെ ട്രംപ് ടവറിലേക്ക് വിളിച്ച് വരുത്തി പ്രസിഡന്റ് നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. തന്നെ ജോലിയിൽ തുടരാൻ അനുവദിച്ചുവെന്ന് അധികം വൈകാതെ അദ്ദേഹം ടെലിവിഷനിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ആക്ടിങ് അറ്റോർണി ജനറൽ ഡാന ബോയിന്റെ ബരാരയോട് പെട്ടെന്ന് രാജി ആവശ്യപ്പെട്ടത് വൻ സംശയങ്ങൾ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹം രാജി വയ്ക്കാൻ വിസമ്മതിക്കുകയും അവസാനം പുറത്താക്കപ്പെടുകയും ചെയ്തിരിക്കുകയാണ്.