പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം അദ്ദേഹവുമായി ഏറ്റവും അടുപ്പം പുലർത്തിയ ലോക നേതാവ് അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയായിരുന്നു. എന്നാൽ, അമേരിക്കയിൽനിന്നുള്ള അതേ പിന്തുണ ഡൊണാൾഡ് ട്രംപ് അധികാരത്തിലേറിയശേഷം മോദിക്ക് ലഭിച്ചോ എന്ന് സംശയിച്ചവരുമേറെയാണ്. അവർക്കൊക്കെ മറുപടി നൽകിക്കൊണ്ട് നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം തിങ്കളാഴ്ച നടക്കും.

ഡൊണാൾഡ് ട്രംപും നരേന്ദ്ര മോദിയും തിങ്കളാഴ്ച അഞ്ചുമണിക്കൂറോളം നേരം ഒരുമിച്ച് ചെലവിടും. വ്യക്തിബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധം സുദൃഢമാക്കുന്നതിനും ഈ ചർച്ച വഴിവെക്കുമെന്നാണ് സൂചന. വൈകിട്ട് മൂന്നരയോടെയാണ് ഇരുനേതാക്കളും തമ്മിൽ കാണുക. മാധ്യമപ്രവർത്തരുമായി ഏതാനും സമയം ചെലവിട്ടശേഷം ഇരുവരും ചർച്ചകളിലേക്ക് കടക്കും.

വൈറ്റ് ഹൗസ് ഡിന്നറോടെയാണ് കൂടിക്കാഴ്ച സമാപിക്കുക. ട്രംപ് അധികാരമേറിയശേഷം ആദ്യമായാണ് സന്ദർശനത്തിനെത്തുന്ന ലോകനേതാവിന് വൈറ്റ് ഹൗസിൽ ഡിന്നറൊരുക്കുന്നത്. മോദിയോടുള്ള ആദരസൂചകമായാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയും അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ ബന്ധം ബലപ്പെടുത്തുന്നതിന് മോദിയുടെ സന്ദർശനം വഴിയൊരുക്കുമെന്ന് വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ട്രംപ് അധികാരമേറ്റശേഷം രണ്ടുതവണ മോദിയുമായി ടെലഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, നേരിൽക്കാണുന്നത് ഇതാദ്യമാകും. ലോകത്തേറ്റവും കൂടുതൽ പേർ സോഷ്യൽ മീഡിയയിലൂടെ പിന്തുടരുന്ന നേതാക്കൾ എന്ന നിലയിൽ സന്ദർശനം ഇതിനകം ലോകശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. ട്രംപിന് ട്വിറ്ററിൽ 3.27 കോടിയും മോദിക്ക് 3.09 കോടിയുമാണ് ഫോളോവേഴ്‌സ്.

മാധ്യമങ്ങൾക്ക് മുന്നിൽ സംയുക്ത പ്രസ്താവന നടത്താൻ ട്രംപും മോദിയുമെത്തുമെങ്കിലും, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അധികാരമേറ്റശേഷം അമേരിക്കൻ മാധ്യമങ്ങളുമായി അത്ര നല്ല ബന്ധത്തിലല്ല ട്രംപ്. പത്രസമ്മേളനം ഒഴിവാക്കിയയത് സംബന്ധിച്ച് അഭ്യൂഹങ്ങൾ വേണ്ടെന്നും ഇരുനേതാക്കളുടെയും തീരുമാനപ്രകാരമാണതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.