വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രംശേഷിക്കെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ഹിലരി ക്ലിന്റണെ മറികടന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപ് മുൻതൂക്കം നേടിയതായി റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റും എ.ബി.സി. ന്യൂസും നടത്തിയ ട്രാക്കിങ് പോളിൽ ട്രംപ് വ്യക്തമായ മുൻതൂക്കം നേടിയെന്നാണ് വിലയിരുത്തൽ. ഇതോടെ അനായാസ വിജയം ഹിലരിക്ക് ലഭിക്കില്ലെന്ന് ഉറപ്പായി. ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന് തന്നെയാണ് കളം ഒരുങ്ങുന്നത്.

പ്രസിഡൻഖെ സംവാദങ്ങളിൽ ഹിലരി വ്യക്തമായ മേൽക്കൈ നേടിയിരുന്നു. സ്ത്രീവിരുദ്ധ പരാമർശങ്ങൾ ട്രംപിനു തിരിച്ചടിയായപ്പോൾ റിപ്പബ്ലിക്കൻ ക്യാമ്പും പ്രതീക്ഷ കൈവിട്ടു. എന്നാൽ ഹിലരിയ്‌ക്കെതിരെ ഉയർന്ന പുതിയ ആരോപണം ട്രംപിന് ഗുണകരമായി. തന്ത്രപ്രധാന ആവശ്യങ്ങൾക്കായി സ്വകാര്യ ഇമെയിൽ ഉപയോഗിച്ചെന്ന ആരോപണം സംബന്ധിച്ച് എഫ്.ബി.ഐ. വീണ്ടും അന്വേഷണം ആരംഭിച്ചതാണു ഹിലരിക്കു തിരിച്ചടിയായതെന്നാണു സൂചന. ഇതാണ് ട്രാക്കിങ് പോളിലും നിറയുന്നത്. ഇതോടെ ട്രംപ് ക്യാമ്പ് ആവേശത്തിലാകുന്നു.

ട്രംപിന് 46 ശതമാനംപേരുടെ പിന്തുണ ലഭിച്ചപ്പോൾ ഹിലരിയുടെ പിന്തുണ 45 ശതമാനമായി കുറഞ്ഞു. ഇത് റിപ്പബ്ലിക്കൻ ക്യാമ്പിനും ഡൊണാൾഡ് ട്രംപിനും ഉണർവേകിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലെ അഭിമുഖങ്ങളും പ്രചാരണങ്ങളുമാണു ട്രംപിന് കാര്യങ്ങൾ അനുകൂലമാക്കിയത്. മുൻതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി രണ്ടു സ്ഥാനാർത്ഥികൾക്കും വോട്ടർമാരിൽ വേണ്ടത്ര ആവേശം സൃഷ്ടിക്കാനാകുന്നില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇ

2012ൽ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ 64 ശതമാനം വോട്ടർമാരും തങ്ങൾ ബരാക് ഒബാമയെ ആവേശപൂർവം പിന്തുണയ്ക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പൊതുജനാഭിപ്രായത്തിൽ എതിർസ്ഥാനാർത്ഥി മിറ്റ് റോമ്‌നി, ബരാക് ഒബാമയുടെ തൊട്ടുപിന്നിൽത്തന്നെയുണ്ടായിരുന്നു.
എന്നാൽ, ഇക്കുറി ഹിലരിക്കും ട്രംപിനും ലഭിക്കുന്ന പിന്തുണ കടുത്ത മത്സരത്തിന്റെ സൂചനയാണ് നൽകുന്നത്. ലിബർട്ടേറിയൻ സ്ഥാനാർത്ഥി ഗാരി ജോൺസണും ഗ്രീൻപാർട്ടിയുടെ ജിൽ സ്‌റ്റെയിനും ഇക്കുറി തെരഞ്ഞെടുപ്പിൽ നിർണായക സ്വാധീനം ചെലുത്തിയേക്കുമെന്നാണു സൂചന.

ട്രംപിനെതിരെയുള്ള ലൈംഗികാരോപണങ്ങൾ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നുണ്ടെന്നായിരുന്നു ആദ്യ സർവ്വേ ഫലങ്ങൾ. എപിജിഎഫ്‌കെ സർവ്വേയിൽ 70 ശതമാനത്തിലധികം പേരാണ് ട്രംപിനെതിരായ ആരോപണങ്ങൾ വിശ്വസിക്കുന്നത്. പ്രസിഡന്റു തെരഞ്ഞെടുപ്പിനുള്ള രണ്ടാം സംവാദം നടന്ന ഒക്ടോബർ ഒൻപതു മുതൽ 11 ലധികം സ്ത്രീകളാണ് ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ട്രംപ് ക്യാംപ് നിഷേധിച്ചിരുന്നു. അതേ സമയം സ്വന്തം പാർട്ടിയിൽ നിന്നുള്ളവരിൽ പോലും ട്രംപ് തെറ്റ് ചെയ്തിട്ടുണ്ടാകാമെന്ന് കരുതുന്നവരുണ്ടെന്ന് സർവ്വേ വ്യക്തമാക്കിയിരുന്നു. ട്രംപ് ക്യാംപിൽ നിന്നുള്ള 35 ശതമാനം പേരാണ് ഇത്തരത്തിൽ ട്രംപ് കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നതെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഹിലരി ഏറെ മുന്നിലെത്തി.

എന്നാൽ പ്രചരണത്തിന്റെ അവസാന നാളിൽ ഇമെയിൽ വിവാദം വീണ്ടും ഹിലരിക്ക് തിരിച്ചടിയായെത്തി. ഇതോടെ ട്രംപ് വീണ്ടും പ്രചരണത്തിൽ മുന്നേറുകയായിരുന്നു. സ്ത്രീ വിരുദ്ധതയ്‌ക്കൊപ്പം ട്രംപിന്റെ വംശീയ പ്രസ്താവനകളും ഏറെ ചർച്ചയായിട്ടുണ്ട്.