ദുബായ്: ഖത്തറിൽ ജിസിസി രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി രാജാവുമായി ടെലിഫോണിൽ ചർച്ച നടത്തി. ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയമെന്ന് വൈറ്റ് ഹൗസ് അധികൃതർ വ്യക്തമാക്കി.

ഖത്തറിനെതിരായ നടപടി ഇരുനേതാക്കളും വിലയിരുത്തി. ഭീകരവാദം തടയുന്നതിൽ ഗൾഫ് ഏകോപന കൗൺസിൽ ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ ആവശ്യകത സൽമാൻ രാജാവുമായി ട്രംപ് പങ്കുവച്ചെന്നും വിവരമുണ്ട്. നേരത്തെ, തന്റെ സൗദി സന്ദർശനത്തെ തുടർന്നാണു ഖത്തറിനെതിരായ നടപടിയെന്ന് സൂചിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

വിഷയത്തിൽ കുവൈത്ത് ഇടപെട്ടതും ഖത്തർ ചർച്ചകൾക്കു മുന്നോട്ടുവന്നതും പ്രശ്‌ന പരിഹാരത്തിന് അധികനാൾ വേണ്ടിവരില്ലെന്ന സൂചനയാണു നൽകുന്നത്. ഈ സാഹചര്യത്തിൽ പെരുന്നാളിനു മുൻപു പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. പെരുന്നാൾ സമയത്ത് ലക്ഷക്കണത്തിനു ജനങ്ങളാണു ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനായി ഖത്തറിലേക്കും അവിടെനിന്നു സൗദി, യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നത്.

ഖത്തറുമായുള്ള കടൽ, ആകാശ ബന്ധം യുഎഇ വിഛേദിച്ചതിനെ തുടർന്നു ഫുജൈറ, ജബൽ അലി, അബുദാബി തുടങ്ങിയിടങ്ങളിൽനിന്നു ചരക്കുനീക്കം തടസ്സപ്പെട്ടെങ്കിലും നിരോധനമില്ലാത്ത രാജ്യങ്ങൾവഴി അത്യാവശ്യസാധനങ്ങൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

സൽവ, അബു സംറ അതിർത്തി അടച്ചു ഖത്തറുമായി സൗദി അറേബ്യ കരമാർഗമുള്ള ബന്ധവും വിച്ഛേദിച്ചതോടെ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ വൻതോതിൽ ചരക്കുഗതാഗതം നിലച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളിൽ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ഖത്തർ. ഇതിൽ 40 ശതമാനവും സൗദി അറേബ്യ വഴിയാണ്.

എണ്ണൂറോളം ലോറികളാണു ദിവസവും സൗദി അതിർത്തിവഴി ഖത്തറിലെത്തിയിരുന്നത്. ഈ വഴി ലക്ഷക്കണക്കിനു സന്ദർശകരും എത്തിയിരുന്നു. സൗദി അറേബ്യയും യുഎഇയുമാണു ഖത്തറിന്റെ മുഖ്യവ്യാപാര പങ്കാളികൾ.

2012ൽ സൗദിയിലെ വില നിയന്ത്രണവുമായി ബന്ധപ്പെട്ടു ഖത്തറിലേക്കുള്ള ഇറച്ചി കയറ്റുമതി നിർത്തിയിരുന്നു. അന്നു ബൾഗേറിയയിൽനിന്നു ഹലാൽ ചിക്കൻ ഇറക്കുമതി ചെയ്താണു ഖത്തർ പ്രതിസന്ധി തരണം ചെയ്തത്.