വാഷിങ്ടൻ: മതിയായ രേഖയില്ലാത്ത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം മൂന്നു ലക്ഷത്തോളം ഇന്ത്യൻ വംശജരെ പ്രതികൂലമായി ബാധിക്കും. അമേരിക്കയിലെ 1.1 കോടി പേരെയാകും ഇത് ബാധിക്കുക, രേഖകളില്ലാത്ത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ മാർഗനിർദേശങ്ങൾക്ക് ആഭ്യന്തര സുരക്ഷാ വകുപ്പ് രൂപം നൽകിക്കഴിഞ്ഞു.

കൂട്ടത്തോടെ പുറത്താക്കൽ ഉണ്ടാകില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. ഏഴു രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർക്കു വിലക്ക് ഏർപ്പെടുത്തുന്ന ട്രംപിന്റെ ഉത്തരവ് കോടതി മരവിപ്പിച്ചുവെങ്കിലും കുടിയേറ്റക്കാരെ ഒഴിവാക്കുകയെന്ന ട്രംപ് നയം ശക്തമായി തുടരുന്നതിന്റെ ഭാഗമാണു നടപടികൾ. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ കുടിയേറ്റക്കാർക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

കുടിയേറ്റവുമായി ബന്ധപ്പെട്ട ഫെഡറൽ നിയമങ്ങളുടെ പരിധി വിപുലമാക്കുന്നതാണു പുതിയ വ്യവസ്ഥകൾ. കുടിയേറ്റനിയമം ലംഘിച്ചതായി സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യും. ഇതിന് ആഭ്യന്തര സുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. അറസ്റ്റ് നടന്നാലുടൻ സ്വരാജ്യത്തേക്കു മടക്കി അയയ്ക്കണം. കുടുംബാംഗങ്ങൾക്കു താമസരേഖകളോ പൗരത്വമോ ഉണ്ടെങ്കിലും സ്വന്തമായി രേഖകളില്ലാതെ വർഷങ്ങളായി അമേരിക്കയിൽ കഴിയുന്നവരാകും പ്രശ്‌നത്തിൽപ്പെടുക. അനൗദ്യോഗിക കണക്കനുസരിച്ചു മതിയായ രേഖകളില്ലാത്ത മൂന്നു ലക്ഷത്തോളം ഇന്ത്യൻ വംശജരാണു അമേരിക്കയിലുള്ളത്.

പുറത്താക്കിയാൽ രണ്ടുവർഷത്തേക്ക് അമേരിക്കയിലേക്ക് ഇവർക്കു തിരികെ വരാനുമാകില്ല. ആരും കൂടെയില്ലാത്ത പ്രായപൂർത്തിയാകാത്ത വ്യക്തിയാണെങ്കിൽ അഭയത്തിന് അപേക്ഷിക്കാം. സ്വരാജ്യത്തു പീഡനത്തിന് ഇരയാകാനുള്ള സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടാലും പുറത്താക്കൽ നടപടിയിൽ നിന്ന് ഒഴിവാക്കും. കുടിയേറ്റക്കാരായ കുറ്റവാളികളെ ഉടൻ പിടികൂടി പുറത്താക്കണമെന്ന ഉത്തരവ് ഇതിനകം ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ട്.

കുറ്റകൃത്യത്തിനു സാധ്യത കണ്ടാൽപോലും അറസ്റ്റ് ചെയ്യും ഇതോടെ രേഖകളില്ലാത്ത എല്ലാവരും ഇതിൽ കുടുങ്ങാൻ സാധ്യതയേറി. കുടിയേറ്റക്കാരെ തിരഞ്ഞുപിടിക്കാൻ 10,000 പുതിയ ഉദ്യോഗസ്ഥരെയാണ് നിയമിക്കുക.