ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണ്ണായകമാണ്. തെരഞ്ഞെടുപ്പിൽ ഇന്ത്യാക്കാരുടെ നിലപാടും അതിനിർണ്ണായകം. പ്രവചനങ്ങളിൽ പിന്നിലാണെങ്കിലും എങ്ങനേയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ ശ്രമം.

ഇതിന്റെ ഭാഗമായി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് യുഎസിലെ ഇന്ത്യൻ വംശജരുടെ വോട്ടു നേടാൻ ഡോണൾഡ് ട്രംപ് രംഗത്ത് എത്തി. എതിരാളി ഹിലറി ക്ലിന്റൻ ഇന്ത്യൻ വംശജരോടു വോട്ടഭ്യർഥിക്കുംമുൻപേയാണ് യുഎസിലെ റിപ്പബ്ലിക്കൻ ഹിന്ദു സഖ്യം സംഘടിപ്പിച്ച ജീവകാരുണ്യ പരിപാടിയിൽ ട്രംപ് വോട്ടുചോദിക്കാനെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അതിവേഗ വികസനപാതയിലെത്തിച്ചു. മോദിയിലും ഇന്ത്യയിലും ഉറച്ച വിശ്വാസമുണ്ട്. ഞാൻ അധികാരത്തിലെത്തിയാൽ ഇന്ത്യയും യുഎസും ഉറ്റമിത്രങ്ങളാകും. ഊർജസ്വലനായ മോദിക്കൊപ്പം പ്രവർത്തിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഹിന്ദുക്കളോടും ഇന്ത്യയോടും എനിക്ക് ആരാധനയുണ്ട്. മുംബൈ ഇഷ്ടനഗരമാണ്. ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരാക്രമണങ്ങൾ അപലപനീയമാണ്. ഞാൻ പ്രസിഡന്റായാൽ, ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്‌ക്കൊപ്പമുണ്ടാകും - ട്രംപ് പ്രഖ്യാപിച്ചു.

എവിജി ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ശലഭ് കുമാർ നേതൃത്വം നൽകുന്ന റിപ്പബ്ലിക്കൻ ഹിന്ദു സഖ്യമാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിനെ പങ്കെടുപ്പിച്ചുള്ള പരിപാടി സംഘടിപ്പിച്ചത്. സമ്മേളനത്തിന്റെ മുഖ്യചർച്ചാവിഷയം ഭീകരതയ്ക്ക് ഇരകളായ കശ്മീരി പണ്ഡിറ്റുകളുടെയും ബംഗ്ലാദേശ് ഹിന്ദുക്കളുടെയും പ്രശ്‌നങ്ങളായിരുന്നു. ബോളിവുഡ് നടൻ അനുപം ഖേർ പ്രത്യക്ഷപ്പെടുന്ന വിഡിയോ സമ്മേളനത്തുടക്കത്തിൽ പ്രദർശിപ്പിച്ചു. പ്രഭുദേവ, ശ്രേയ ശരൺ തുടങ്ങിയ താരങ്ങളുടെ നൃത്തവും അരങ്ങു കൊഴുപ്പിച്ചു.