നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധനാമൂർത്തിയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുട്ടിൻ. ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി റഷ്യ ഇടപെട്ടുവെന്ന റിപ്പോർട്ടുകളും സജീവമായി രംഗത്തുണ്ട്. എന്തുകൊണ്ടാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റിന് പുട്ടിനോടിത്ര ആരാധനയെന്നത് അമേരിക്കക്കാരെപ്പോലും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിന് പിന്നിൽ ചില രഹസ്യങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.

ബ്ലാക്ക്‌മെയിൽ ഭയന്നാണ് ട്രംപ് പുട്ടിനെ ഇഷ്ടപ്പെടുന്നതെന്നാണ് പുതിയ റിപ്പോർട്ട്. ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തന്നെ അപകടത്തിലാക്കാൻ പോന്ന ചില രഹസ്യങ്ങൾ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്ന് അമേരിക്കൻ അധികൃതർ ട്രംപിനെ അറിയിച്ചെന്നും റിപ്പോർട്ടുണ്ട്. മോസ്‌കോ സന്ദർശനത്തിനിടെ പ്രസിഡന്റ് ബരാക് ഒബാമ താമസിച്ച ഹോട്ടലിലെ പ്രസിഡന്റ് സ്യൂട്ടിൽ ട്രംപ് പിന്നീട താമസിച്ചുവെന്നും വേശ്യകളുമൊത്ത് കഴിഞ്ഞെന്നും അതിന്റെ തെളിവുകൾ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്നുമാണ് ട്രംപിന് കിട്ടിയിട്ടുള്ള മുന്നറിയിപ്പ്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയുടെ ഡയറക്ടർ ജയിംസ് ക്ലാപ്പറാണ് ഇക്കാര്യം ട്രംപിനെ അറിയിച്ചതെന്നും റിപ്പോർട്ട് തുടരുന്നു. അമേരിക്കൻ രാഷ്ട്രീയ നേതാക്കളുടെ രഹസ്യങ്ങൾ റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ പക്കലുണ്ടെന്നും ഡമോക്രാറ്റുകളുടെയും റിപ്പബ്ലിക്കന്മാരുടെയും തെളിവുകളും ഇതിലുണ്ടെന്നുമാണ് സൂചന. എന്നാൽ, ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ഡമോക്രാറ്റുകളെ മാത്രം താറടിക്കുന്നതിനാണ് റഷ്യക്കാർ ശ്രമിച്ചതെന്നും ആരോപണമുയർന്നിരുന്നു.

ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യൻ ഇടപെടലുകളുണ്ടായിട്ടുണ്ടെന്ന വാദവും ശക്തമാണ്. തങ്ങൾക്ക് വിധേയനായി നിൽക്കുന്ന അമേരിക്കൻ പ്രസിഡന്റിനെയാണ് പുട്ടിൻ ലക്ഷ്യമിടുന്നത്. അതിന് ട്രംപിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനുള്ള രഹസ്യങ്ങൾ റഷ്യ ശേഖരിച്ചതായാണ് സൂചന. പുട്ടിനോടുള്ള ആരാധന പലവട്ടം ട്രംപ് തുറന്നുപറഞ്ഞതും ഇതറിഞ്ഞിട്ടാവാമെന്നും വിലയിരുത്തപ്പെടുന്നു.