ന്യൂഡൽഹി: ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളും ഒട്ടേറെ പാർട്ടികളിലെ നേതാക്കളും ഫണ്ട് പിരിവിലൂടെയാണ് ജീവിച്ചുവരുന്നത് എന്നത് നഗ്നമായ സത്യമാണ്. ഇതിനൊരു തടയിടാൻ കഴിയുമോ എന്നും ഏതെങ്കിലും പാർട്ടികൾക്ക് അതിന് ധൈര്യമുണ്ടോയെന്നും ഉള്ള ചോദ്യങ്ങൾ ഏറെക്കാലമായി ഉയരുന്നുമുണ്ട്. ഇക്കാര്യത്തിൽ ഒരു പുതുചുവടാണ് ഇന്ന് ബിജെപി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പു സമയത്തെ ഫണ്ട് ശേഖരണം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ടറൽ ബോണ്ട് സമ്പ്രദായം മോദി സർക്കാർ പ്രഖ്യാപിച്ചിട്ട് ഏറെക്കാലമായി. ഇന്ന് അതിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു.

ഇതോടെ ഏതെങ്കിലും പാർട്ടിക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ ആ തുകയുടെ ഇലക്ടറൽ ബോണ്ടുകൾ ബാങ്കിൽനിന്ന് വാങ്ങിയാൽ മതിയാകും. ബോണ്ട് കൈമാറുന്നതിലൂടെ തുക പാർട്ടിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് വിഭാവനം ചെയ്യുന്നത്. പണം ആർക്കാണ് സംഭാവന ചെയ്യുന്നത് എന്ന് ബോണ്ടിൽ വ്യക്തമാക്കേണ്ടതില്ല. എന്നാൽ കെ വൈ സിയിൽ ആവശ്യമായ വിവരങ്ങൾ നൽകണം. അതായത്. സംഭാവനകൾ ഇനിമുതൽ അക്കൗണ്ടബിൾ ആകുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

എന്നാൽ ഇതിൽ പഴുതുകൾ ഏറെയുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കുൾപ്പെടെ നൽകുന്ന സംഭാവനകൾക്ക് നികുതി ഇളവുണ്ട്. അതിനാൽ പല വഴികളിൽ പാർട്ടികൾക്ക് പണം സ്വീകരിച്ച് ത്ട്ടിപ്പ് നടത്താവുന്ന സാഹചര്യവും ഉണ്ടെന്നാണ് ഒരു വിമർശനം. അതേസമയം, എല്ലാം രേഖാപരമാകണമെന്ന നിർദ്ദേശം വരുന്നതോടെ ഈ വിജ്ഞാപനം പല രാഷ്ട്രീയ പാർട്ടികൾക്കും വലിയ തലവേദനയാകും. ദേശീയ പാർട്ടികളേക്കാളും വിലപേശി ഫണ്ട് സ്വീകരിക്കുന്ന പ്രാദേശിക പാർട്ടികൾക്ക് ഇത് വലിയ തിരിച്ചടി സൃഷ്ടിക്കും. ചില സംസ്ഥാനങ്ങളിൽ മാത്രം നിലനിൽക്കുന്ന പാർട്ടികളാണ് വൻതോതിൽ ഇത്തരത്തിൽ ഫണ്ട് സ്വീകരിച്ചിരുന്നത്. അവർക്ക് ഈ വിജ്ഞാപനം വലിയ തിരിച്ചടിയാകും. പ്രവർത്തന മൂലധനം ടാക്‌സ് വെട്ടിച്ച് സ്വന്തമാക്കാനാവില്ലെന്നതാണ് ഈ വിജ്ഞാപനത്തിന്റെ വിജയമെന്നാണ് വിലയിരുത്തലുകൾ വരുന്നത്.

ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നിങ്ങനെ എത്ര മൂല്യമുള്ള ബോണ്ടുകൾ വേണമെങ്കിലും വാങ്ങാം.. എസ് ബി ഐയുടെ പ്രത്യേക ശാഖകളിലാണ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാനുള്ള സൗകര്യമുണ്ടാവുക. പതിനഞ്ച് ദിവസം മാത്രമായിരിക്കും ഇലക്ടറൽ ബോണ്ടുകളുടെ കാലാവധി. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിൽ പത്തുദിവസമാകും ഇലക്ടറൽ ബോണ്ടുകൾ ബാങ്കിൽനിന്ന് ലഭ്യമാവുക. പൊതു തിരഞ്ഞെടുപ്പു നടക്കുന്ന വർഷങ്ങളിൽ ബോണ്ടുകൾ വാങ്ങാവുന്ന ദിവസങ്ങളുടെ എണ്ണം മുപ്പത് ദിവസങ്ങളായും ക്രമപ്പെടുത്തും.