കഠ്മണ്ഡു: വിദേശരാജ്യമാണെങ്കിലും നേപ്പാളിന് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകുന്നത് ഇന്ത്യയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേപ്പാളുമായുള്ള നയതന്ത്രത്തിൽ നിർണായക റോൾ നിർവഹിക്കാനുമുണ്ട്. അയൽക്കാരായ ചൈനയുടെ ഇടപെടൽ നേപ്പാളിൽ കുറയ്ക്കുക എന്ന ലക്ഷ്യമാണ് അവിടെ എപ്പോഴും ഇന്ത്യയുടെ കണ്ണുണ്ടാകാൻ പ്രേരിപ്പിക്കുന്ന ഘടകവും. ഏറ്റവും ഒടുവിൽ നേപ്പാളിനെ തകർത്തുകളഞ്ഞ ഭൂകമ്പം ഉണ്ടായ വേളയിൽ ആദ്യം സഹായവുമായി ഓടിയെത്തിയത് ഇന്ത്യയായിരുന്നു. നേപ്പാൾ പുനരുദ്ധാന പ്രവർത്തനത്തിന്റെ ഭാഗമായി ഇപ്പോൾ 6300 കോടി രൂപ (100 കോടി ഡോളർ) നല്കുമെന്ന് പ്രഖ്യാപിച്ചിരിക്കയാണ് ഇന്ത്യ. ചൈന 3150 കോടിയാണ് വാഗ്ദാനം ചെയ്ത വേളയിലാണ് ഇന്ത്യ ഇതിന്റെ ഇരട്ടി തുക നൽകാൻ തീരുമാനിച്ചത്. നേപ്പാൾ സർക്കാർ നടത്തുന്ന പുനരുദ്ധാരണ ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.

നേപ്പാളിന്റെ പുനരുദ്ധാരണം ലക്ഷ്യമാക്കി വിവിധ രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇവിടെ ചേർന്ന യോഗത്തിലാണ് സുഷമയുടെ പ്രഖ്യാപനം. ഇപ്പോൾ നൽകുന്ന തുകയ്ക്കു പുറമേ തത്തുല്യമായ സഹായം അടുത്ത അഞ്ചു വർഷത്തിനിടയിൽ വീണ്ടും നൽകും. യോഗത്തിൽ വിവിധ രാജ്യങ്ങൾ സാമ്പത്തിക സഹായം അടക്കമുള്ള പിന്തുണ പ്രഖ്യാപിച്ചു.

44100 കോടി രൂപയുടെ (700 കോടി ഡോളർ) ചെലവുണ്ടാകും പുനരുദ്ധാരണത്തിന് എന്നാണ് നിഗമനം. 300 കോടി ഡോളർ സഹായ വാഗ്ദാനമാണ് യോഗത്തിൽ ഉണ്ടായത്. ചൈന, ബ്രിട്ടൻ, ശ്രീലങ്ക, നോർവെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കു പുറമേ ലോക ബാങ്ക്, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങൾ നൽകുന്ന സഹായം ഉചിതമായ രീതിയിൽ ഉപയോഗിക്കുമെന്ന് പ്രധാനമന്ത്രി സുശീൽ കൊയ്‌രാള ഉറപ്പു നൽകി.

ഇന്ത്യ നൽകുന്ന അകമഴിഞ്ഞ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേപ്പാൾ നന്ദി പ്രകാശിപ്പിച്ചു. പ്രസിഡന്റ് രാം ബരൺ യാദവ് രാജ്യത്തിന്റെ നന്ദി മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചു.

ഏപ്രിൽ 25നാണ് രാജ്യത്തിന്റെ തകർച്ചയ്ക്ക് ഇടവരുത്തിയ ഭൂകമ്പമുണ്ടായത്. 9000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പം അഞ്ചു ലക്ഷത്തോളം വീടുകളും തകർത്തു. 28 ലക്ഷത്തോളം ജനങ്ങൾ ഇപ്പോഴും താൽക്കാലിക ക്യാംപുകളിൽ കഴിയുന്നു. ഇതിനിടെ രാജ്യത്തു തങ്ങുന്ന നേപ്പാൾ പൗരന്മാരെ വീസ കാലാവധി കഴിഞ്ഞാലും തുടരാൻ തൽക്കാലം അനുവദിക്കുമെന്ന് അമേരിക്ക അറിയിച്ചു.