- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മരം മുറിക്കപ്പെടുമ്പോൾ കുടിയൊഴിക്കപ്പെടുന്നത് അനേകം പക്ഷികൾ: കണ്ണടച്ച് തുറക്കുമ്പോൾ അപ്രത്യക്ഷമാകുന്ന തണൽ മരങ്ങളെ രക്ഷിക്കാൻ വികസിത രാജ്യങ്ങൾ മുന്നിട്ടിറങ്ങണം
വൈകിട്ട് വീട്ടിലേക്കുള്ള യാത്ര തിരക്കിട്ടാവും. അതുകൊണ്ട് നാലുപുറമൊന്നും നോക്കാൻ നേരം കിട്ടാറില്ല .ഇന്നാണ് അത് ശ്രദ്ധിച്ചത് ,പോസ്റ്റ് ഓഫിസിന് മുൻപിൽ ട്രാൻസ്‌ഫോർമേറിനു അടുത്തു നിന്നിരുന്ന വൻ മഴമരം വെട്ടിക്കളഞ്ഞിരിക്കുന്നു. അത്രക്കും വലിയ ഒരു മരം അവിടെ ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണം പോലും അവിടില്ല. കുറെ നാളുകൾക്കു മുൻപ് ഒരു വൈകിയ വൈകുന്നേരത്തു ഞാൻ ആ മഴ മരത്തിന്റെ മുൻപിലെ സ്റ്റോപ്പിൽ കുറെ നേരം ആ മരത്തിനെ തന്നെ നോക്കി നിന്നിരുന്നു. വേറൊന്നുമല്ല ,കിളികൾ കൂടുതലും കാക്കകൾ ചേക്കേറുന്ന സമയമായിരുന്നു .ആകാശത്തു മുഴുവൻ ആയിരക്കണക്കിന് കാക്കകൾ. ഓരോ ചില്ലയിലും അനേകമനേകം കിളികൾ. എണ്ണമില്ലാത്ത ഇലകൾ പോലെതന്നെ. ഇടക്ക് ചിലർ ഇരിപ്പു സുഖമായില്ല എന്നമട്ടിൽ ഒന്ന് പൊങ്ങിപ്പറന്നു വേറൊരു കമ്പിൽ ചെന്നിരിക്കും. ഒരു വൻ തേനീച്ചക്കൂടുപോലെ ഇളകിക്കൊണ്ടിരുന്നു ഓരോ ഇലയും ടൗണിന്റെ ബഹളങ്ങൾക്കിടക്കു സന്ധ്യ പ്രാര്ഥനപോലെ കാക്കകളുടെ ശബ്ദം. വീട്ടിൽ എത്താൻ യാതൊരു തിരക്കുമില്ലാതെ ഞാൻ ആ കാഴ്ച കണ്ടുകൊണ്ടിരുന്നു. ചില നിമിഷങ്ങൾ അങ്ങനെ
വൈകിട്ട് വീട്ടിലേക്കുള്ള യാത്ര തിരക്കിട്ടാവും. അതുകൊണ്ട് നാലുപുറമൊന്നും നോക്കാൻ നേരം കിട്ടാറില്ല .ഇന്നാണ് അത് ശ്രദ്ധിച്ചത് ,പോസ്റ്റ് ഓഫിസിന് മുൻപിൽ ട്രാൻസ്‌ഫോർമേറിനു അടുത്തു നിന്നിരുന്ന വൻ മഴമരം വെട്ടിക്കളഞ്ഞിരിക്കുന്നു. അത്രക്കും വലിയ ഒരു മരം അവിടെ ഉണ്ടായിരുന്നതിന്റെ യാതൊരു ലക്ഷണം പോലും അവിടില്ല.
കുറെ നാളുകൾക്കു മുൻപ് ഒരു വൈകിയ വൈകുന്നേരത്തു ഞാൻ ആ മഴ മരത്തിന്റെ മുൻപിലെ സ്റ്റോപ്പിൽ കുറെ നേരം ആ മരത്തിനെ തന്നെ നോക്കി നിന്നിരുന്നു. വേറൊന്നുമല്ല ,കിളികൾ കൂടുതലും കാക്കകൾ ചേക്കേറുന്ന സമയമായിരുന്നു .ആകാശത്തു മുഴുവൻ ആയിരക്കണക്കിന് കാക്കകൾ. ഓരോ ചില്ലയിലും അനേകമനേകം കിളികൾ. എണ്ണമില്ലാത്ത ഇലകൾ പോലെതന്നെ. ഇടക്ക് ചിലർ ഇരിപ്പു സുഖമായില്ല എന്നമട്ടിൽ ഒന്ന് പൊങ്ങിപ്പറന്നു വേറൊരു കമ്പിൽ ചെന്നിരിക്കും. ഒരു വൻ തേനീച്ചക്കൂടുപോലെ ഇളകിക്കൊണ്ടിരുന്നു ഓരോ ഇലയും ടൗണിന്റെ ബഹളങ്ങൾക്കിടക്കു സന്ധ്യ പ്രാര്ഥനപോലെ കാക്കകളുടെ ശബ്ദം. വീട്ടിൽ എത്താൻ യാതൊരു തിരക്കുമില്ലാതെ ഞാൻ ആ കാഴ്ച കണ്ടുകൊണ്ടിരുന്നു.
ചില നിമിഷങ്ങൾ അങ്ങനെയാണ്, പൂർണത ഉള്ള കൊച്ചു കാഴ്ചകളും ഓർമ്മകളും തന്ന് അവ അനശ്വരമായി തീരും. പിന്നെ ഒരിക്കൽ തൃശൂർ നിന്നും തിരികെ ബസിലെ സൈഡ് സീറ്റിൽ ആകാശം കണ്ട് കൊണ്ടിരിക്കുമ്പോഴാണ് കൊരട്ടി ആകാറാകുമ്പോൾ അത് കണ്ടത്. നൂറു കണക്കിന് പക്ഷികൾ ആകാശത്തു ഫ്ളോട്ട് ചെയ്യുന്ന പോലെ പറക്കുന്നു. ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് അവ കാക്കകളല്ല, വവ്വാലുകളാണെന്ന്! കൗതുകവും പേടിയും തോന്നി, കാരണം അന്ന് ഒക്ടോബർ 31 ആയിരുന്നു ഹാലോവീൻ ദിനം.
അങ്കമാലിയിൽ ഇപ്പോഴത്തെ മിനി സിവിൽ സ്റ്റേഷന് മുൻപിലും ഒരു വലിയ മഴമരം ഉണ്ടായിരുന്നു. ഇലകളൊക്കെ ഉറക്കം തൂങ്ങി നിൽക്കുന്നതും കണ്ടാണ് വൈകിട്ട് ഓഫിസിൽ നിന്നും ഇറങ്ങുന്നത്. പത്തു വർഷം മുൻപ് ഡ്രൈവിങ് പഠിച്ചിരുന്ന ആരും ആ മരം മറന്നുകാണില്ല. നീണ്ട വെളുത്തപഞ്ഞി പോലുള്ള താടിവച്ച ആശാൻ മനോജ് ഡ്രൈവിങ് സ്‌കൂളിന്റെ അംബാസഡർ കാറിൽ കുട്ടികളെക്കൊണ്ട് എടുപ്പിക്കുന്നതിനിടക്ക് സ്വന്തം ഊഴം കാത്ത് അങ്കമാലിക്കാർ നിന്നത് ആ മരത്തിന്റെ തണലിലാണ്.
ഉച്ചക്ക് തെണ്ടിപ്പട്ടികൾ ആ മരത്തിനു ചുവട്ടിൽ കിടന്നുറങ്ങി. ഒരു വെളുത്ത പെൺപട്ടി വലിയ കണ്ണുകൾ തിരിച്ച് എന്റെ നേരെ നോക്കിയിരുന്നതും അത് കാണുമ്പോൾ എന്തുകൊണ്ടോ സങ്കടം വന്നിരുന്നതും എനിക്ക് നല്ല ഓർമ്മ. വൈകുന്നേരങ്ങളിൽ പെൺകുട്ടികൾ സ്‌കൂട്ടർ പഠിച്ചിരുന്നതും ഇവിടെത്തന്നെയായിരുന്നു.
ഞങ്ങളുടെ ഓഫീസ് നിന്ന സ്ഥലത്തു രണ്ടുമൂന്നു വലിയ മാവുകളും ഒന്നുരണ്ട് പ്ലാവുകളും ഉണ്ടായിരുന്നു. മാമ്പഴക്കാലമായാൽ ഓഫീസിൽ കയറുന്നതിനു മുൻപ് മാവിന്റെ ചുവട്ടിൽ ഒന്ന് പ്രദക്ഷിണം വെക്കുന്നതിൽ ആരും മുടക്ക വരുത്താറില്ല. പിന്നീട് മിനി സിവിൽ സ്റ്റേഷൻ പണി ആരംഭിക്കുന്നതിനു ആദ്യപടിമരം വെട്ടു കർമ്മം തന്നെ ആയിരുന്നു. ആ മഴമരത്തിനാണ് ആദ്യം മഴു വീണത്. ഒരു ദിവസം വൈകിട്ട് ആ മരത്തിന്റെ ചുവട്ടിലൂടെ നടന്ന് വീട്ടിൽ പോയതാണ്. പിറ്റേന്നു രാവിലെ വരുമ്പോൾമരം ഇല്ല. മരത്തിന്റെ കട മാത്രം ഇഞ്ച ചതച്ചത് പോലെ ഒരുപാട് മുറിയടയാളങ്ങളും പരിക്കുകളുമായി അവിടെ ബാക്കിയുണ്ട് ,അതിന്റെ വേറൊരു ഭൗതികവശിഷ്ടവും ബാക്കി വയ്ക്കാതെ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തിയ ഒരു പാതിരാ കൊലപാതകം. സൂര്യന്റെ കത്തിരി വെയിലിനു താഴെ കുറെ ചതഞ്ഞയിലകൾ മാത്രം ബാക്കി.
അതിൽ പാർത്തിരുന്നവർ ആ പാതിരാകുടിയൊഴിപ്പിക്കൽ എങ്ങനെ നേരിട്ടുഎന്തോ ! അതിന്റെ തണലിൽ നിൽക്കാത്ത ഒരു അങ്കമാലിക്കാരനും കാണില്ല .കാരണം വില്ലേജ് ഓഫീസിൽ തൊട്ടടുത്തു തന്നെ ആയിരുന്നു. ഒരു മാന്യമായ മരണത്തിനു അതിന് അർഹത ഉണ്ടായിരുന്നില്ലേ എന്ന് ഞാൻ ഓർക്കാറുണ്ട്. ജെ സി ബി യുടെ രാക്ഷസക്കൈകൊണ്ട് ആഞ്ഞാഞ്ഞ ടിച്ചു കൊല്ലാൻ എങ്ങിനെ തോന്നി?
കെട്ടിടം പണി തീരുന്നതു വരെ അതിനെ അവിടെ നിറുത്താമായിരുന്നില്ലേ ?പണിക്കർക്ക് ഇത്തിരി തണലും തണുപ്പുമായി ആ മരം അവിടെ നിന്നിരുന്നേനെ ആവശ്യമായിരുന്നെങ്കിൽ കുറെ ചില്ലകൾ മുറിച്ചുമാറ്റിയാൽ മതിയായിരുന്നില്ലേ?
ഇപ്പോൾ സർക്കാർ സ്ഥലങ്ങളിലുള്ള അപകട സാധ്യതയുള്ള മരങ്ങളെ മുറിച്ചു മാറ്റാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കോതമംഗലത്ത് മരം വില്ലനായി വന്ന ഒരു ദാരുണ സംഭവത്തിന്റെ ശേഷ ക്രിയ. എന്നാൽ എത്ര എത്ര അപകടങ്ങളിൽ നിന്നും മരങ്ങൾ നമ്മളെ രക്ഷിച്ചിട്ടുണ്ട്. ഓർക്കുന്നുണ്ടോ. പത്രവാർത്തകളിൽ ട്രാൻസ്പോർട് ബസ് കൊക്കയിലേക്ക് മറിഞ്ഞു, മരത്തിൽ തടഞ്ഞു നിന്ന് വൻ ദുരന്തം ഒഴിവായി എന്നൊക്കെ വായിക്കാറില്ലേ. എന്റെ വീടിനു മുകളിലേക്ക് മറിഞ്ഞു വീണഅടുത്ത പറമ്പിലെ തെങ്ങിനെ തടുത്തു നിറുത്തിയത് ഒരു വലിയ കറുവ മരമാണ്.
വെട്ടുന്നതിനു മുൻപ് അപകട സാധ്യതയെക്കുറിച്ചു ഒരു പരിശോധന നടത്തേണ്ടതല്ലേ ?
കുഴപ്പമൊന്നുമില്ലെങ്കിൽ ആ മരം അവിടെ നിന്നോട്ടെ എന്ന് വച്ചാൽ പോരെ?
കഴിഞ്ഞ ദിവസം ഒരു അസി എക്‌സികുട്ടീവ് എഞ്ചിനീയർ പറഞ്ഞു വെട്ടാനുള്ള മരങ്ങളുടെ എണ്ണം. ഞാൻ ഞെട്ടിപ്പോയി!
ജനകീയാസൂത്രണപദ്ധതിയിൽ ഇത്തവണ മരം സംരക്ഷിക്കാനായി ഒരു പരിപാടി ഉണ്ട് .കാശിനു വേണ്ടി മരം മുറിക്കുന്നവർക്കു പലിശ രഹിത വായ്‌പ്പയായി ആ മരത്തിന്റെ ഈടില് വായ്‌പ്പനൽകുന്ന പരിപാടി. ഇതുവരെ അങ്ങനെ ഒരു പ്രോജക്ടും എന്റെ മുൻപിൽ വന്നില്ല. ഇതുപോലെ സർക്കാരിന്റെ പൊതുസ്ഥലത്തെ മരം വെട്ടാതിരിക്കുന്നതിനു കാർബൺ ക്രെഡിറ്റ് എന്ന നിലയിൽ വികസിത രാജ്യങ്ങൾ വല്ലതുമൊക്കെ തരേണ്ടതാണ് എന്നാണ് എന്റെ ഒരു ചെറിയ നടക്കാത്ത ആഗ്രഹം. അപ്പോൾ മരങ്ങൾക്കു ആയുസ്സു നീട്ടിക്കിട്ടിയേനെ!
(പാടം നികത്താതെ ഇട്ടിരിക്കുന്നവർക്കും എന്തെങ്കിലുമൊക്കെ കൊടുക്കണം, കൃഷി ചെയ്തില്ലെങ്കിലും നികത്തിയില്ലല്ലോ!) അല്ലെങ്കിൽ വേറൊരു എളുപ്പ മാർഗമുണ്ട് .ശരിക്കും വർക്ക് ഔട്ട് ആവും, ഉറപ്പ്.
മരത്തിനു താഴെ ഒരു കല്ല് വയ്ക്കുക, കുറച്ചു മഞ്ഞൾപൊടി തൂവുക. ആർഭാടം വേണമെങ്കിൽ രണ്ട് ശബരിമല മാലയും ഒരു മഞ്ഞ അല്ലങ്കിൽ ചുവന്ന തുണിക്കഷണവും ചുറ്റുക. പണി കഴിഞ്ഞു ഇനി ആ കല്ല് ആ മരത്തിനെ സംരക്ഷിച്ചോളും.