- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചർച്ചയ്ക്കെത്തിയ വിഐപികളെ ഒളിക്യാമറയിൽ കുടുക്കിയത് രാഷ്ട്രീയക്കാരന്റെ അടുത്ത ബന്ധുവിന്റെ മകൻ; ശുചിമുറികളിലെ രഹസ്യ ക്യാമറ കണ്ടെത്തിയത് അച്ചടക്ക സമിതി; താൽകാലികക്കാരനെ പറഞ്ഞയച്ച് കേസൊഴിവാക്കാനുള്ള ശ്രമവും പൊളിഞ്ഞു; കേസെടുത്ത് പൊലീസ്; കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രത്തിലെ ക്യാമറാകേസിന് പിന്നിലെ കഥ
തിരുവനന്തപുരം: തിരുവനന്തപുരം കുടപ്പനക്കുന്ന് ദൂർദർശൻ കേന്ദ്രത്തിലെ ശുചിമുറികളിലൊന്നിൽ നിന്ന് ഒളിക്യാമറ കണ്ടെത്തിയതിന് പിന്നിൽ പ്രതിപക്ഷത്തെ പ്രമുഖ രാഷ്ട്രീയനേതാവിന്റെ ബന്ധുവെന്ന് സൂചന. ഒളിക്യാമറയിൽ അതിഥികളായ വിഐപികളും ജീവനക്കാരും കുടുങ്ങിയതായി ആശങ്കയുണ്ടായിട്ടും സംഭവം പൊലീസിൽ അറിയിക്കാൻ വൈകിയതിന് കാരണം ഈ ഉന്നത ബന്ധമാണ്. ഒടുവിൽ സമ്മർദ്ദം കാരണം പൊലീസിൽ പരാതിയും നൽകി.
ജിവനക്കാരന്റെ കോൺട്രാക്ട് അവസാനിപ്പിച്ച് പറഞ്ഞുവിട്ടെങ്കിലും സംഭവം ആരുമറിയാതെ മൂടിവയ്ക്കാനാണ് അധികൃതർ ശ്രമിച്ചത്. എന്നാൽ വാർത്ത ചോർന്ന് വിവാദമായതിനെ തുടർന്നാണ് പേരൂർക്കട പൊലീസിൽ പരാതി നൽകാൻ അവർ തയ്യാറായത്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് കുടപ്പനക്കുന്നിലുണ്ടായത്.
യുപിഎ സർക്കാരിന്റെ കാലത്ത് നിർണായകസ്വാധീനമുണ്ടായിരുന്ന നേതാവിന്റെ ശുപാർശയിലാണ് ബന്ധുവായ ഇയാൾ ദൂരദർശൻ കേന്ദ്രത്തിൽ ജോലിക്ക് പ്രവേശിച്ചത്. അതുകൊണ്ടാണ് സംഭവം കഴിഞ്ഞ് ഒരാഴ്ച്ചയായിട്ടും വാർത്ത പുറത്താകാതെ ഒത്തുതീർപ്പാക്കാൻ അധികൃതർ ശ്രമിച്ചത്. ഈ നേതാവ് മുമ്പ് സെൻസർ ബോർഡിലേയ്ക്ക് നടത്തിയ ശുപാർശകളും വിവാദമായിരുന്നു.
വളരെ ഗുരുതരമായ ഈ സംഭവം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് പൊലീസിൽ പരാതിപ്പെടാൻ പോലും അധികൃതർ തയ്യാറായത്. വാർത്ത പുറത്തറിയാതെ കേസ് ഒതുക്കി തീർക്കാനും ശ്രമം നടന്നിരുന്നു. സംഗതി വിവാദമായതോടെയാണ് പേരൂർക്കട സ്റ്റേഷനിൽ പരാതി നൽകാൻ അധികൃതർ തയ്യാറായത്. വിഐപികളും ഉയർന്ന ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ളവർ പതിവായി എത്തുന്ന സ്ഥാപനമായ തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിലെ ഈ സംഭവത്തിൽ ജീവനക്കാരിൽ കടുത്ത അതൃപ്തിയാണുള്ളത്.
കലാരംഗത്തും രാഷ്ട്രീയത്തിലും ഉൾപ്പെടെ വിവിധ മേഖലകളിലുള്ള പ്രമുഖവ്യക്തികൾ പ്രത്യേക ക്ഷണിതാക്കളായി എത്താറുള്ള സ്ഥാപനമാണ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം. സിനിമാ താരങ്ങൾ, കലാകാരന്മാർ, വിദ്യാർത്ഥികൾ, രാഷ്ട്രീയ- സാഹിത്യ- സാംസ്കാരികരംഗത്തുള്ള പ്രമുഖർ ഉൾപ്പെടെയള്ള നിരവധിപേർ ദൂരദർശനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി സ്റ്റുഡിയോയിൽ എത്താറുണ്ട്. അവിടെ എത്തിയവരെ ആശങ്കയിലാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഒളിക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണം ദൂരദർശനിൽ തന്നെയുള്ള വനിതാ സമിതിയും അച്ചടക്ക കമ്മിറ്റിയുമാണ് ആദ്യം കൈകാര്യം ചെയ്തത്. ദൂരദർശനിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഈ സമിതി. ഇതിൽ ഒട്ടേറെ ജീവനക്കാർ പരാതിയും ആശങ്കയും അറിയിച്ചതായാണ് വിവരം. ക്രിമിനൽ സ്വഭാവമുള്ള ഇത്തരം കേസുകൾ കൈകാര്യം ചെയ്യേണ്ടത് പൊലീസാണെന്നിരിക്കെ അതിനു തയ്യാറാവാത്തത് സംശയമുയർത്തുന്നു. കൂടാതെ സംഭവം നടന്ന സ്ഥലത്തെ വിരലടയാളവും മറ്റും ശേഖരിച്ച് ശാസ്ത്രീയ പരിശോധനയും നടത്തേണ്ടതുണ്ട്.
ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചതായി സ്ഥാപനത്തിലെ വനിതകൾ തന്നെയാണ് കണ്ടെത്തിയത്. ക്യാമറയിലെ ദൃശ്യങ്ങൾ അച്ചടക്കസമിതി പിടിച്ചെടുത്തിരുന്നു. അത് പേരൂർക്കട പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ 'ഒളിക്യാമറാമാൻ' ദൂരദർശനിലെ തന്നെ ജീവനക്കാരനാണെന്നു കണ്ടെത്തിയതാണ് അതിലേറെ ഗുരുതരം. ഇയാൾ താൽക്കാലിക ജീവനക്കാരനാണെന്നും വർഷങ്ങളായി അവിടെ ജോലി ചെയ്തു വരുന്നതായും പരാതിക്കാർ ഉറപ്പിച്ചു പറയുന്നു.
വാർത്ത പരന്നതോടെ ദൂരദർശനിൽ ജോലി ചെയ്യുന്ന വനിതകളും അവിടെ അതിഥികളായെത്തിവരും ആശങ്കയിലാണ്. സ്വകാര്യതയ്ക്കു ഭീഷണിയുയർത്തുന്ന സംഭവങ്ങളാണ് ഉത്തരവാദിത്തപ്പെട്ട ഈ സ്ഥാപനത്തിൽ ഉണ്ടായിരിക്കുന്നത്. ചർച്ചയ്ക്കെത്തിയ വനിതാ വിഐപികളുടേയും ദൃശ്യങ്ങൾ ഒളി ക്യാമറയിൽ പകർത്തി എന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ