- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളില്ലാ വിമാനം അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞു കയറിയത് രാത്രിയുടെ ഇരുട്ടിൽ; സുരക്ഷാ സേനകളെ ഞെട്ടിച്ച് ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന വിലയിരുത്തലിൽ നടത്തുന്നത് പഴുതടഞ്ഞ അന്വേഷണം; പ്രതിരോധമന്ത്രി ലഡാക്കിലെത്തുമ്പോൾ ജാഗ്രത കൂട്ടി സൈന്യം
ജമ്മു: ജമ്മുവിലെ വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരരുടെ ഡ്രോൺ അക്രമണമെന്ന് സംശയം.പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ ഒരു കിലോമീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽവരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായാണു റിപ്പോർട്ട്.സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു
സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തതായാണ് റിപ്പോർട്ടുകൾ.രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായത്. ഒരു സ്ഫോടനത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. രണ്ടാം സ്ഫോടനം തുറന്ന സ്ഥലത്താണ് ഉണ്ടായത്.സംഭവം ഡ്രോൺ അക്രമണമാണെന്ന നിഗമനത്തെത്തുടർന്ന് വ്യോമസേന പരിശോധന കർശനമാക്കിയിരിക്കുകയാണ്.
നാഷണൽ ബോംബ് ഡാറ്റ സെന്ററിൽനിന്നുള്ള വിദഗ്ധരും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും സ്ഥലത്തു പരിശോധന തുടരുകയാണ്. ഫൊറൻസിക് വിദഗ്ധരും ബോംബ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവ്വീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.സ്ഫോടനത്തിൽ ജീവഹാനിയോ യന്ത്രങ്ങൾക്ക് തകരാറോ സംഭവിച്ചിട്ടില്ലെന്നാണ് ഡിഫൻസ് പിആർഒ ലെഫ്റ്റനന്റ് കേണൽ ദേവേന്ദ്ര ആനന്ദ് പറയുന്നത്.സംഭവത്തെ തുടർന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വ്യോമസേന വൈസ് ചീഫ് എയർ മാർഷൽ എച്ച്.എസ്. അറോറയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ലഡാക്ക് സന്ദർശനം ആരംഭിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നതെന്നും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. മുന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്നാണ് മന്ത്രി ലഡാക്കിലെത്തുന്നത്. വിവിധ പദ്ധതികളുടെ അവലോകനം, ഉദ്ഘാടനം തുടങ്ങിയവയാണ് സന്ദർശനത്തിന്റെ ല്ക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ