- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കിടെ ഭാര്യ കേരള വർമ്മ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിരവധി പദവികളോടെ ചുമതലയേറ്റത് ഇന്നലെ; ഇന്ന് കോടിയേരി കൊടിയിറക്കത്തിൽ പാർട്ടി സെക്രട്ടറി പദവിയെന്ന അധിക ചുമതലയും; വിജയ രാഘവൻ കുടുംബത്തിന് ഇത് 'ഇരട്ട പ്രമോഷൻ'; പാർട്ടിക്ക് പരുക്കു പറ്റാതിരിക്കാൻ കോടിയേരി ചികിത്സക്ക് പോകുന്നത് എല്ലാം വിശ്വസ്തന്റെ കൈകളിൽ ഏൽപ്പിച്ചു കൊണ്ട്
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് തുടരവേ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചാർജ് കൂടി ലഭിച്ച എ. വിജയരാഘവന് ഇത് ഇരട്ടി മധുരം. മക്കൾ വരുത്തിവെച്ച വിനകൾ കാരണം കുനിഞ്ഞ ശിരസുമായി കോടിയേരി ബാലകൃഷ്ണൻ താത്കാലത്തെക്കെങ്കിലും പാർട്ടി സെക്രട്ടറിയുടെ ചാർജ് വിടുമ്പോൾ ഈ ചുമതലയാണ് പാർട്ടി കണ്ണൂർ ലോബിയുടെ വിശ്വസ്തനായ എ.വിജയരാഘവന് ലഭിക്കുന്നത്. വിജയരാഘവന്റെ ഭാര്യ ബിന്ദു ഇന്നലെയാണ് തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പാൾ ആയി ചാർജ് എടുത്തത്. ചട്ടങ്ങൾ മറികടന്നുള്ള നിയമനം എന്ന ആക്ഷേപം ഉയർന്നത് അവഗണിച്ച് ബിന്ദു ചാർജ് എടുത്തതിന് തൊട്ടു പിന്നാലെയാണ് വിജയരാഘവന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചാർജ് കൂടി ലഭിക്കുന്നത്. ഭാര്യയുടെ നിയമനത്തെക്കുറിച്ച് ഉന്നതവിദ്യാഭ്യാസ വൃത്തങ്ങളിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നെങ്കിലും വിജയരാഘവനെ സമ്മതിച്ച് അത് ഇരട്ടി മധുരമായിരുന്നു.
തൃശൂർ കേരള വർമ്മ കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിമാത്രമായിരുന്ന ബിന്ദുവിനാണ് മുതിർന്ന എത്രയോ അദ്ധ്യാപകരെ വെട്ടി വൈസ് പ്രിൻസിപ്പാൾ പദവി ഏൽപ്പിച്ചത്. സിപിഎം നിയന്ത്രിക്കുന്ന ദേവസ്വം ബോർഡ് തീരുമാനമാണ് ഇതെങ്കിലും താരതമ്യേന ജൂനിയർ ആയ ബിന്ദുവിനു ഇത് എത്തിപ്പിടിക്കാൻ കഴിയാത്ത പദവി തന്നെയായിരുന്നു. ഭാര്യ വൈസ് പ്രിൻസിപ്പാൾ ആയതും പ്രിൻസിപ്പാളിന്റെ മിക്ക ചാർജുകളും കൈവശം വന്നതുമായ വാർത്ത വിജയരാഘവൻ അറിഞ്ഞതിനു പിന്നാലെയാണ് സിപിഎമ്മിലെ ഏതു നേതാവും ആഗ്രഹിക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചാർജ് വിജയരാഘവന് അനായാസം കൈവശം വരുന്നത്.
നിലവിലെ പാർട്ടിയുടെ അവസ്ഥയും സംഘടനാ സംവിധാനത്തിന്റെ അടിയൊഴുക്കുകളും കാരണം വിജയരാഘവന് തന്നെ പാർട്ടി സെക്രട്ടറിയുടെ ചുമതല നൽകാനാണ് സാഹചര്യം ഉരുത്തിരിയുന്നത്. പൊതുസമ്മിതിയാണ് വിജയരാഘവന്റെ ശക്തി. എതിരഭിപ്രായങ്ങൾ മലപ്പുറത്ത് നിന്നുള്ള നേതാവിന്റെ കാര്യത്തിലില്ല. തെക്കൻ ലോബിയുടെ കയ്യിൽ പാർട്ടി സംവിധാനം അമരൻ വടക്കൻ ലോബി സമ്മതിക്കില്ല. അതുകൊണ്ട് തന്നെയാണ് കണ്ണൂർ ലോബിയുടെ വിരൽ ചൂണ്ടൽ വിജയരാഘവന് നേരെ നീണ്ടത്. തിളച്ചു മറിയുന്ന രാഷ്ട്രീയ കാലാവസ്ഥയിലാണ് പാർട്ടിയുടെ നുകം വിജയരാഘവന്റെ കയ്യിൽ അമരുന്നത്. പാർട്ടി അഗ്നിപരീക്ഷ നേരിടുകയാണ്. ചിരിക്കുന്ന പാർട്ടിയുടെ ഒരു മുഖമായ കോടിയേരി മാറുമ്പോൾ ചിരിക്കുന്ന മറ്റൊരു മുഖമാണ് വിജയരാഘവനിലൂടെ പ്രത്യക്ഷമാകുന്നത്.
രാഷ്ട്രീയ ധാർമ്മികത എന്ന ഇടതുമുന്നണിയുടെ ഏറ്റവും ശക്തമായ ആയുധം പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് കൈമോശം വന്നിരിക്കുന്നു. ഇതാണ് ഇടതുമുന്നണിയുടെ വോട്ടു ബാങ്ക്. ഈ വോട്ടു ബാങ്കിൽ വിള്ളൽ വീണാൽ പാർട്ടി ബാക്കിയുണ്ടാകില്ല എന്ന സത്യം അറിയാവുന്ന നേതാക്കൾ തന്നെയാണ് ഇപ്പോഴും അമരത്തുള്ളത്. ഈ രാഷ്ട്രീയ ധാർമികത സിപിഎമ്മിന് അന്യം നിന്ന കാലത്താണ് വിജയരാഘവന്റെ രംഗ പ്രവേശം.
സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ, ഇന്ത്യയിലെ ഏറ്റവും വലുതും മികച്ചതും ശക്തവുമായ പാർട്ടി സംവിധാനത്തെ അടക്കി ഭരിക്കാനുള്ള ചുമതലയാണ് വിജയരാഘവന് കൈവശം വന്നിരിക്കുന്നത്. വരുന്ന പാർട്ടി തിരഞ്ഞെടുപ്പ് വരെ വിജയരാഘവൻ തന്നെയാകും പാർട്ടിയെ നയിക്കുക. അടുത്ത കൊല്ലം ആദ്യമാണ് പാർട്ടി സംസ്ഥാന സമ്മേളനം നടക്കേണ്ടത്. പക്ഷേ, കോവിഡ് കാരണം അനിശ്ചിതമായി തിരഞ്ഞെടുപ്പ് നീണ്ടു പോയേക്കും. അതിനർത്ഥം താത്ക്കാലത്തേക്ക് പാർട്ടി സംവിധാനം വിജയരാഘവവന്റെ കയ്യിൽ അമരും എന്ന് തന്നെയാണ് ലഭിക്കുന്ന സൂചനകൾ. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരേ മതിപ്പാണ് വിജയരാഘവനോടുള്ളത്. കോടിയേരി തന്നെയാണ് തന്റെ വിശ്വസ്തന്റെ പേര് പിണറായി വിജയനോട് പറഞ്ഞത്. ഇതോടെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുടെ നറുക്ക് വിജയരാഘവന് മേൽ വീണത്.
ബിനീഷ് കോടിയേരിയുടെ അറസ്റ്റ്, ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് പ്രശ്നങ്ങൾ കാരണം സർക്കാർ പ്രതിസന്ധിയിലാണ്. വരുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത പരാജയം അഭിമുഖീകരിക്കേണ്ടി വരുമെന്ന് പാർട്ടി വൃത്തങ്ങൾ കണക്കുകൂട്ടുന്നുണ്ട്. ഇത് നേരത്തെ തന്നെ മനസിലാക്കിയാണ് കോടിയേരി പാർട്ടി സെക്രട്ടറി പദവി ഒഴിയുന്നതെന്നാണ് സൂചന. മക്കൾ ചെയ്യുന്ന പ്രവർത്തികൾക്ക് അച്ഛന് കൂടി ഉത്തരവാദിത്തം എന്ന വാദത്തിൽ ചില സിപിഎം നേതാക്കൾ ഉറച്ചു നിന്നപ്പോൾ ഇതുകൂടി മനസിലാക്കിയാണ് പാർട്ടി സെക്രട്ടറി പദവി ഒഴിയാൻ കോടിയേരി തീരുമാനമെടുത്തത്.
കോടിയേരി ഒഴിഞ്ഞാൽ പിന്നെ ലഭിക്കേണ്ടിയിരുന്നത് എം വിഗോവിന്ദന് ആയിരുന്നു. പാർട്ടിയിൽ നിന്ന് തന്നെ വന്ന ചില എതിരഭിപ്രായങ്ങൾ കാരണമാണ് ഈ പദവി വിജയരാഘവന് ലഭിച്ചത്. എം.എ.ബേബിയെ തത്കാലത്തെക്കെങ്കിലും ഒഴിവാക്കുക എന്ന ലക്ഷ്യവും വിജയരാഘവന്റെ ഈ പദവിക്ക് പിന്നിൽ ഉണ്ടെന്ന സൂചനകൾ ശക്തമാണ്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.