ന്യൂഡൽഹി: സ്വിസ് ടെന്നീസ് താരം മാർട്ടിന ഹിംഗിസ് ലോക ഡബിൾസ് ടെന്നീസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. പുതിയ പട്ടികയനുസരിച്ച് 11,395 പോയിന്റ് നേടി ഹിംഗിസ് ഡബിൾസ് പങ്കാളിയായ ഇന്ത്യൻ താരം സാനിയ മിർസയ്‌ക്കൊപ്പം ഒന്നാം റാങ്ക് പങ്കുവയ്ക്കുകയാണ്. സാനിയ നേരത്തെ തന്നെ ഒന്നാം റാങ്കിൽ എത്തിയിരുന്നു. ഇത് 41-ാം ആഴ്ചയാണ് സാനിയ ഒന്നാം റാങ്കിൽ തുടരുന്നത്. ഡബിൾസിൽ ഈ സീസണിലെ രണ്ടാം കിരീടവും സ്വന്തമാക്കിയ പ്രകടനമാണ് 35കാരിയായ ഹിംഗിസിനെയും ഒന്നാം റാങ്കിനർഹയാക്കിയത്. കൂടാതെ തുടർച്ചയായ 30 ഡബിൾസ് ജയങ്ങളുടെ റിക്കാർഡ് സാനിയ-ഹിംഗിസ് സഖ്യം സ്വന്തം പേരിലാക്കുകയും ചെയ്തിരുന്നു.