- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണൂനീർ വറ്റി; ഇവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കണം; കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ആത്മഹത്യ ചെയ്തു; മരിച്ചത് തിരുവള്ളൂവർ സ്വദേശിനി; സംഭവത്തിൽ ഭർത്താവ് ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ
തിരുവള്ളൂവർ: കേരളത്തിലെ സ്ത്രീപീഡന ആത്മഹത്യ വാർത്തകൾക്ക് പിന്നാലെ തമിഴ്നാട്ടിൽ നിന്നും സമാന വാർത്തകൾ പുറത്ത്.തിരുവള്ളുവർ സ്വദേശിനി ജ്യോതിശ്രീയാണ് ഭർതൃഗൃഹത്തിൽ തുങ്ങി മരിച്ചത്. മരണത്തിന് മുൻപ് ജ്യോതിശ്രീ തന്റെ ബന്ധുക്കൾക്കയച്ച വീഡിയോ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.സ്ത്രീധന പീഡനമാണ് മരണകാരണമെന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
എന്റെ ഭർത്താവും ഭർതൃമാതാവുമാണ് മരണത്തിന് കാരണക്കാർ. കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി. ഇവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കണം - ആത്മഹത്യ ചെയ്യും മുൻപ് ബന്ധുക്കൾക്ക് അയച്ച വീഡിയോയിൽ ജ്യോതിശ്രീ പറയുന്നു. കല്യാണം കഴിഞ്ഞത് മുതൽ കരഞ്ഞ് കരഞ്ഞ് കണ്ണുനീർ വറ്റിയെന്ന് പറഞ്ഞാണ് ആത്മഹത്യക്ക് തൊട്ടുമുമ്പ് ഇരുപത്തിമൂന്നുകാരിയായ ജ്യോതിശ്രീയുടെ വീഡിയോ സന്ദേശം.
കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യാക്കുറിപ്പും ജ്യോതിശ്രീയുടെ ഫോണിലെ വീഡിയോയും ഭർത്താവ് നശിപ്പിച്ചിരുന്നു. എന്നാൽ ആത്മഹത്യക്കുറിപ്പിന്റെ ഫോട്ടോ അടക്കം ജ്യോതിശ്രീ സഹോദരിക്ക് ഫോണിൽ അയച്ച് കൊടുത്തിരുന്നു. ബാലമുരുകൻ , ഭർതൃമാതാവ് ഹംസഅഴിയോർ, സഹോദരൻ വേൽ എന്നിവരെ ആവഡി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബർ 25നായിരുന്നു തിരുമുള്ളെവയൽ സ്വദേശി ബാലമുരുകനുമായുള്ള വിവാഹം.60 പവൻ സ്വർണ്ണവും 25 ലക്ഷം രൂപയുമാണ് വീട്ടുകാർ പറഞ്ഞുറപ്പിച്ചത്. സ്വർണം മുഴുവൻ നൽകിയെങ്കിലും പറഞ്ഞുറപ്പിച്ച ഇരുപത്തഞ്ച് ലക്ഷം നൽകാൻ ജ്യോതിശ്രീയുടെ വീട്ടുകാർക്ക് കഴിഞ്ഞില്ല. ഇതിന്റെ പേരിൽ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ ഭർത്താവും മാതാവും ഭർത്താവിന്റെ സഹോദരനും ചേർന്ന് ഉപദ്രവം പതിവായിരുന്നു. ഫാർമസി ഉപരിപഠനത്തിന് പോണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ട് വീട്ടുകാരും അനുവദിച്ചില്ല.
രണ്ട് മാസം മുമ്പ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും വീണ്ടും ബാലമുരുകൻ വന്ന് സംസാരിച്ച് ജ്യോതിശ്രീയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു. എന്നാൽ ഇതിന് ശേഷവും ഉപദ്രവം തുടർന്നു. സ്വന്തം വീട്ടുകാരോട് പറഞ്ഞിട്ടും അവിടെ പിടിച്ചുനിൽക്കാനായിരുന്നു ഉപദേശമെന്ന് ജ്യോതിശ്രീയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ