- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധന പീഡനം സഹിക്കാതെ ജീവനൊടുക്കിയ 247 യുവതികളുടെ ആത്മാവിന് ശാന്തി കിട്ടുന്ന വിധി; ദുരമൂത്ത ആർത്തിപണ്ടാരങ്ങളുടെ അത്യാഗ്രഹത്തിന് തിരിച്ചടി നൽകി കോടതി; കാലഹരണപ്പെട്ട സ്ത്രീധന നിരോധനം നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചോ?
തിരുവനന്തപുരം: കല്യാണത്തിന് പൊന്നും പണവും കുറഞ്ഞുപോയതിന്റെ പേരിൽ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം സഹിക്കവയ്യാതെ ഒന്നര പതിറ്റാണ്ടിനിടെ ജീവനൊടുക്കിയ 247 പെൺകുട്ടികളുടെ ആത്മാവിന് നിത്യശാന്തി നൽകുന്ന വിധിയാണ് വിസ്മയ കേസിൽ ഇന്നുണ്ടായത്. സ്ത്രീധന പീഡന മരണങ്ങളിൽ കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും പതിവാണെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം തുച്ഛമാണ്.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന് പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി. സ്ത്രീധന നിരോധന നിയമവും ചട്ടങ്ങളും നിലനിൽക്കുന്ന ഈ നാട്ടിൽ സ്ത്രീധന പീഡനങ്ങൾക്ക് മാത്രം ഒരു കുറവുമില്ല. സ്ത്രീധന സമ്പ്രദായം അതേപടി തുടരുന്നു. സ്ത്രീയ്ക്ക് വിലയിടുകയും പണം നൽകി പെൺകുട്ടികളെ ഒഴിവാക്കണമെന്ന ചിന്തയും സമൂഹത്തിൽ കൂടിവരുമ്പോൾ കാലഹരണപ്പെട്ട സ്ത്രീധന നിരോധനം നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു.
സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കിയ പെൺകുട്ടികളുടെ കണക്കു കണ്ടാൽ തലകറങ്ങിപ്പോവും. 2008ൽ 31, 2009ൽ 20, 2010ൽ 22, 2011ൽ15, 2012ൽ 27, 2013ൽ 16, 2014ൽ 28, 2015ൽ 8, 2016ൽ 25, 2017ൽ 12, 2018ൽ 17, 2019ൽ 8, 2020ൽ 6, 2021ൽ 10, 2022 മാർച്ച് വരെ 2 എന്നിങ്ങനെയാണ് ജീവനൊടുക്കിയ യുവതികളുടെ കണക്ക്. കൊല്ലത്തെ വിസമയയുടെ കേസ് ഇത്രയേറെ ചർച്ചയായതിനു ശേഷവും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു.
മകളുടെ സുരക്ഷിതമായ ഭാവിയെ ഓർത്ത് ആവശ്യപ്പെടുന്നത്ര സ്വർണവും പണവും വസ്തുവും ആഡംബര കാറും നൽകി കെട്ടിച്ചയച്ച എത്രയെത്ര പെൺകുട്ടികളാണ് ദുരമൂത്ത ആർത്തിപണ്ടാരങ്ങളുടെ അത്യാഗ്രഹത്തിനൊടുവിൽ തീകൊളുത്തിയും വിഷംകുടിച്ചും ഒരുമുഴം കയറിലും ജീവനൊടുക്കിയത്.
നിയമ നടപടികൾക്കൊപ്പം മലയാളികളുടെ മനോഭാവത്തിലും കാഴ്ചപ്പാടിലും സമൂലമായ മാറ്റമുണ്ടായാൽ മാത്രമേ സ്ത്രീധനത്തെചൊല്ലിയുള്ള തർക്കങ്ങളും കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസവും സൗന്ദര്യവും ജോലിയുമുള്ള പെൺകുട്ടികൾപോലും വിവാഹക്കമ്പോളത്തിൽ വിലപേശലിന് വിധേയമാകുന്ന നാട്ടിൽ നിയമ നടപടികൾകൊണ്ടുമാത്രം സ്ത്രീധനമെന്ന വിപത്തിനെ ഇല്ലാതാക്കാൻ കഴിയില്ല.
സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്താൽ അഞ്ചുവർഷം അഴിയെണ്ണിക്കാൻ നിയമമുള്ള നാട്ടിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. സ്ത്രീധനം വാങ്ങുകയോ വാങ്ങാൻ പ്രേരിപ്പിക്കുകയോ ചെയ്താൽ 5വർഷം തടവ്, 15,000 രൂപ പിഴ. സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടാൽ ആറുമാസം മുതൽ രണ്ടുവർഷം വരെ തടവ്, 10,000രൂപ പിഴ. സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ പരസ്യം കൊടുത്താൽ അഞ്ചുവർഷം തടവ്, 15000 രൂപ പിഴ ഇങ്ങനെയാണ് നിയമം പറയുന്നത്.
എന്നിട്ടും ആറുവർഷത്തിനിടെ 80യുവതികളാണ് സ്ത്രീധനപീഡനം സഹിക്കാതെ ജീവനൊടുക്കി. സ്ത്രീധനം കുറഞ്ഞുപോയതിന് ഭാര്യയെ കെട്ടിത്തൂക്കിയും തീകൊളുത്തിയും പട്ടിണിക്കിട്ടും പാമ്പിനെക്കൊണ്ട് കടിപ്പിച്ചും കൊലപ്പെടുത്തുന്ന കിരാതസംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. ഉത്ര, പ്രിയങ്ക, വിസ്മയ, അർച്ചന, സുചിത്ര..ഇങ്ങനെ ഇരകളുടെ പേരുകൾ മാത്രം മാറുന്നു.
സ്ത്രീധന നിരോധന നിയമം 1961മുതൽ നിലവിലുണ്ട്. വരന് സ്വർണവും പണവും കൂടുതൽ നൽകി സമൂഹത്തിൽ കുടുംബമഹിമ കാട്ടാൻ പെൺമക്കളുടെ മാതാപിതാക്കൾ മത്സരിച്ചതോടെ നിയമം കടലാസുപുലിയായി. നൂറു പവനും മൂന്നരയേക്കർ ഭൂമിയും കാറും പത്തുലക്ഷം രൂപയും വീട്ടുചെലവിന് മാസംതോറും 8000രൂപയും നൽകിയിട്ടും സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അടൂരിലെ ഉത്രയെ ഭർത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നത്.
രണ്ടുലക്ഷം സ്ത്രീധനം വൈകിയതിനാണ് കൊല്ലത്ത് ഓയൂരിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയായ തുഷാരയെ ഭർത്താവ് പട്ടിണിക്കിട്ടുകൊന്നത്. പഞ്ചസാരവെള്ളവും കുതിർത്ത അരിയും നൽകി മുറിയിൽ പൂട്ടിയിടപ്പെട്ട തുഷാര, മരിക്കുമ്പോൾ അസ്ഥികൂടം പോലെ ചുരുങ്ങിയിരുന്നു. 20കിലോയായിരുന്നു ഭാരം.
സ്ത്രീധനവും പണവും ആവശ്യപ്പെട്ടുള്ള ക്രൂര പീഡനങ്ങൾക്കൊടുവിൽ കഴിഞ്ഞ 2020 മെയ് ഏഴിന് രാവിലെയാണ് അഞ്ചൽ ഏറം വെള്ളാശ്ശേരിൽ വീട്ടിൽ ഉത്രയെ (25) അഞ്ചൽ ഏറത്തുള്ള വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. ഉത്രയുടെ ഭർത്താവായ സൂരജ് പാമ്പുപിടിത്തക്കാരനായ സുരേഷിൽനിന്ന് വാങ്ങിയ മൂർഖൻ പാമ്പിനെക്കൊണ്ട് തലേന്ന് രാത്രി ഉത്രയെ കടിപ്പിക്കുകയായിരുന്നു.
മാർച്ച് രണ്ടിന് പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വച്ചും ഉത്രയ്ക്ക് പാമ്പിന്റെ കടിയേറ്റിരുന്നു. അന്ന് സൂരജിന് അണലിയെ നൽകിയതും സുരേഷാണ്. ഉത്രയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.
വെമ്പായം കാരംകോട് കരിക്കകം വിഷ്ണുഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെയും ജയയുടെയും മകൾ ജെ.പ്രിയങ്കയെ (25) കുടുംബവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ മകൻ ഉണ്ണി പി. രാജിനാണ് പ്രിയങ്കയുടെ ഭർത്താവ്. മരിക്കും മുമ്പ് പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോൺവിളികളുടെ വിവരങ്ങളും പരിശോധിച്ച വട്ടപ്പാറ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തശേഷം പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി. പിരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉണ്ണിയുടെ അമ്മ ശാന്തമ്മയും കേസിൽ പ്രതിയാണ്. സ്ത്രീധന പീഡനം,? ആത്മഹത്യാ പ്രേരണ,? ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
വാടകവീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിലാണ് വെങ്ങാനൂർ വെണ്ണിയൂർ ചിറത്തലവിളാകം വീട്ടിൽ അശോകൻ - മോളി ദമ്പതികളുടെ മകൾ അർച്ചനയെ (24) കാണപ്പെട്ടത്. 2021 ജൂൺ21നായിരുന്നു സംഭവം. അർച്ചനയുടെയും സുരേഷിന്റെയും പ്രണയവിവാഹമായിരുന്നു. വെൽഡിങ് തൊഴിലാളിയാണ് സുരേഷ്. സുരേഷിന്റെ മാതാപിതാക്കൾ അർച്ചനയുടെ വീട്ടുകാരോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നതായും ഇതേചൊല്ലി അർച്ചനയും സുരേഷും തമ്മിൽ വഴക്കും പ്രശ്‌നങ്ങളുമുണ്ടായതാണ് മരണത്തിനിടയാക്കിയതെന്നും അർച്ചനയുടെ വീട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞദിവസം അർച്ചനയുടെ അച്ഛനമ്മമാരെ കാണാനെത്തിയപ്പോൾ സുരേഷ് കുപ്പിയിൽ ഡീസൽ വാങ്ങി കൈവശം വച്ചിരുന്നതായും അർച്ചനയുടെ വീട്ടുകാർ ആരോപിച്ചു.
അർച്ചനയെ സുരേഷ് തീകൊളുത്തി കൊന്നതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീധന പീഡനത്തിലും ഭർത്തൃവീട്ടിലെ പീഡനങ്ങളിലും കേരളം ഞെട്ടിത്തരിച്ചിരിക്കുന്നതിനിടെയാണ് 2021 ജൂൺ 22?ന് ആലപ്പുഴയിലെ വള്ളികുന്നത്ത് 19 കാരിയെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓച്ചിറ സ്വദേശി സുചിത്രയെയാണ് (19)? വള്ളികുന്നം കടുവിനാലെ ഭർത്തൃവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് വിഷ്ണു സൈനികനാണ്. മൂന്നുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിഷ്ണു ജോലി സ്ഥലത്താണ്. മരണത്തിൽ വീട്ടുകാർ അസ്വാഭാവികത ആരോപിച്ചതിനെ തുടർന്ന് വള്ളികുന്നം പൊലീസ് കേസെടുത്തിട്ടുണ്ട്.
സ്ത്രീധന നിരോധന നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഗൗരവതരമാണെന്ന് ഹൈക്കോടതി വിലയിരുത്തിയതോടെ പുതിയൊരു മാറ്റത്തിന് തുടക്കമാകുമെന്ന പ്രതീക്ഷയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ എന്തു പറയുന്നുവെന്നതാണ് പ്രസക്തം. ചർച്ചകൾക്ക് തുടക്കമായതോടെ പലവിധത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു കഴിഞ്ഞു. അടുത്തകാലത്ത് കേരളത്തിലുണ്ടായ ഗാർഹിക പീഡനങ്ങൾ ആഴത്തിൽ പരിശോധിച്ചാൽ വില്ലൻ സ്ത്രീധനമാണെന്ന് വ്യക്തമാകും. മാനക്കേട് ഭയന്ന് എല്ലാം ഉള്ളിലൊതുക്കി നിരവധി വിസ്മയമാർ നമ്മുടെ നാട്ടിൽ കഴിയുന്നുണ്ട്. അവരുടെ ഗതിയെന്താകുമെന്ന് പറയാനാവില്ല. എന്നാൽ, അക്കൂട്ടത്തിലേക്ക് ഇനിയുമൊരാൾ കടന്നുവരരുത്. അതിനായി സ്ത്രീധന നിരോധന ചട്ടങ്ങളിൽ കാലോചിതമായ മാറ്റങ്ങളും കോടതി ഇടപെടലുകളും അനിവാര്യമാണ്.
മറുനാടന് മലയാളി ബ്യൂറോ