- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
56 വർഷം മുൻപത്തെ പത്താം ക്ലാസ് റാങ്ക് ജേതാവിനു മോഹം ഡോക്ടറാകാൻ; ഇരട്ടകളായ ജ്യേഷ്ഠാനുജന്മാർക്കു പത്തിൽ റാങ്ക് കിട്ടിയപ്പോൾ നറുക്കെടുപ്പിലൂടെ ഡോക്ടറാകാൻ നിയോഗമുണ്ടായത് ലണ്ടനിലെ ഡോ. എ ഗോപിനാഥന്
ലണ്ടൻ: ഇന്നലെ തൃശൂരിൽ മനോരമ പത്രം വായനക്കാരുടെ കൈകളിൽ എത്തിയത് രസകരമായ ഒരു വാർത്തയുമായിട്ടാണ്. അര നൂറ്റാണ്ടു മുൻപ് പത്താം ക്ലാസിൽ റാങ്ക് നേടിയ ഇരട്ടകളായ സഹോദരന്മാരെക്കുറിച്ചാണ് വാർത്ത. സഹോദരങ്ങളായ എ ഗോപിനാഥൻ ഡോക്ടറും എ വേണുഗോപാലൻ എഞ്ചിനീയറുമായി മാറിയിട്ട് ഇപ്പോൾ 45 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിലെന്തു ഇത്ര അത്ഭുതം എന്ന് ചിന്തിക്കാൻ വരട്ടെ. ഇവരെ രണ്ടു പേരെയും എൻജിനീയറും ഡോക്ടറും ആക്കിയതിൽ വിധിക്ക് ചെറുതല്ലാത്ത പങ്കുണ്ട്, ഒപ്പം ഒരു പങ്കു ഭാഗ്യത്തിനും നൽകേണ്ടി വരും.
കാരണം പത്താം ക്ലാസിൽ രണ്ടു പേരും റാങ്കോടെ ജയിച്ചു വീട്ടിലെത്തിയപ്പോൾ പിന്നാലെ അന്നത്തെ പത്രക്കാരും എത്തി. വീടിനൊപ്പം നാട്ടുകാർക്കും ആഘോഷം. രണ്ടുപേർക്കും ഡോക്ടറാകാനും മോഹം. പക്ഷെ സാക്ഷാൽ വള്ളത്തോൾ നാരായണ മേനോന്റെ കുടുംബത്തിൽ അംഗമായ ഗോപിയുടെയും വേണുവിന്റെയും അച്ഛനായ ചേർപ്പ് അമ്പാടി ഡോ. വി ആർ മേനോൻ ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. രണ്ടുപേരും ഡോക്ടറാകണ്ട, ഒരാൾ എഞ്ചിനീയറാകട്ടെ.
ഇന്നത്തെ കാലത്തേ പോലെ കുട്ടികൾ സ്വയം ഭാവി നിശ്ചയിക്കുന്ന കാലം ഒന്നും അല്ലാത്തതിനാൽ ഇഷ്ടങ്ങൾ ഒക്കെ മാതാപിതാക്കളുടെ തീരുമാനം കൂടിയായിരുന്നു. അതിനാൽ രണ്ടു പേർക്കും ഒരേ ആഗ്രഹം ആയതിനാൽ നറുക്കിട്ടു തീരുമാനിക്കാം എന്നായി. നറുക്കെടുപ്പിനായി നാണയം ഇടും മുന്നേ ഗോപിനാഥൻ പറഞ്ഞു, എനിക്ക് ഹെഡ്. സ്വാഭാവികമായും വേണുവിന് ടെയിലും. നാണയം തലകുത്തി വീണത് ഗോപിയുടെ പക്ഷത്തായി. ഉടനെ ഞാൻ ഡോക്ടറാകാൻ പോകുന്നു എന്ന് ഗോപിനാഥൻ പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ ഗോപിനാഥൻ ആണ് ഇന്ന് ലണ്ടനിൽ ന്യുഹാമിൽ ഗ്രീൻ ഗേറ്റ് എന്ന പേരിൽ ഉള്ള ജി പി സർജറി നടത്തുന്നത്. പതിറ്റാണ്ടുകളായി യുകെ മലയാളിയായ അദ്ദേഹത്തെ ന്യുഹാം മലയാളികൾക്കും ഏറെ പരിചിതനാണ്.
56 വർഷം മുൻപ് മാധ്യമ പ്രവർത്തകർക്ക് മുൻപിൽ പറഞ്ഞ ആഗ്രഹം സാധ്യമാക്കിയ സന്തോഷമാണ് ഇപ്പോൾ തൃശൂരിൽ ഉള്ള ഇരുവരും പങ്കിടുന്നത്. പത്താം ക്ലാസ് വരെ ഇരു മെയ്യും ഒരു മനവും ആയി കഴിഞ്ഞവർ പിന്നെ രണ്ടാകുന്നത് ഡോക്ടറും എഞ്ചിനീയറും എന്ന മോഹങ്ങൾക്ക് മുന്നിലാണ്. ഇപ്പോൾ അന്ന് പറഞ്ഞ കാര്യങ്ങൾ സാധ്യമാക്കുക മാത്രമല്ല രണ്ടു പേരും തങ്ങളുടെ പ്രൊഫഷനിൽ മികവ് കാട്ടിയാണ് വിരമിക്കൽ പ്രായത്തിലേക്കു നീങ്ങുന്നതും.
പത്താം ക്ലാസിൽ 457 മാർക്ക് നേടി എസ്എസ്എൽസി പാസായ ഗോപിനാഥൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നുമാണ് ബിരുദം നേടുന്നത്. അർദ്ധ സഹോദരൻ വേണുവാകട്ടെ തൃശൂർ എഞ്ചിനീയറിങ് കോളേജിൽ നിന്നും കെമിക്കൽ എഞ്ചിനിയറിങ്ങും പാസായി. പിന്നെ എംടെക്കിൽ ഗോൾഡ് മെഡൽ. തുടർന്ന് എഞ്ചിനീയറായി ആഫ്രിക്കയടക്കം ലോകമെങ്ങും സഞ്ചാരം.
എംബിബിഎസ് കഴിഞ്ഞ ഗോപി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും ബിരുദാന്തര ബിരുദംവും നേടി. തുടർന്ന് അക്കാലത്തെ മിക്കവാറും ഡോക്ടർമാരെപ്പോലെ സ്വന്തം നാട്ടിൽ ക്ലിനിക്കും തുടങ്ങി. പിന്നീട് അധികം താമസിയാതെ ലണ്ടനിലും എത്തി. ഏകദേശം നാല് പതിറ്റാണ്ടായി യുകെ മലയാളിയായ ഡോ. ഗോപിനാഥ് പ്രിൻസിപ്പൽ ഡോക്ടറായാണ് ന്യുഹാം ഗ്രീൻ ഗേറ്റ് സർജറിയിൽ ജോലി ചെയ്തത്. ഇരുവരും ഇപ്പോൾ ജന്മദിനം ഒന്നിച്ചാഘോഷിക്കുന്നതിന്റെ ഭാഗമായാണ് തറവാട്ട് വീട്ടിൽ ഒത്തുകൂടിയത് എന്നതും പ്രത്യേകതയായി.
ഇവരുടെ ജീവിതത്തിലെ അപൂർവ്വതകൾ നാട്ടുകാർക്ക് എന്നും അത്ഭുതമായിരുന്നു. പുതിയ തലമുറയിൽ പെട്ടവർ അത്ഭുതത്തോടെയാണ് ഇപ്പോൾ അക്കാലത്തെ വാർത്തയുടെ ഉള്ളറകളിലൂടെ സഞ്ചരിക്കുന്നത്. പഠിക്കാൻ മിടുക്കരായതു കൊണ്ട് നറുക്കിട്ടെടുത്ത വിഷയത്തിലും ഒന്നാമതായി ജയിച്ചു കയറാൻ രണ്ടു പേർക്കുമായി എന്നതും അത്ഭുതമായി തോന്നുകയാണ് വീട്ടുകാർക്കും നാട്ടുകാർക്കും.
ജീവിതത്തിൽ ഒരുപാട് സമാനതകളോടെയാണ് ഇരുവരും വളർന്നത്. തമ്മിൽ തിരിച്ചറിയാൻ വീട്ടുകാർക്ക് പോലും പ്രയാസം. ഇരുവരും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോൾ തിരിച്ചറിയാൻ പ്രിൻസിപ്പൽ വേണുവിനെ വിളിച്ചിരുന്നത് വെട്ടു വേണു എന്നാണ്. കാരണം ചെറുപ്പത്തിൽ വീണു പരുക്കേറ്റ അടയാളം നെറ്റിയിൽ വലിയ ആകൃതിയിൽ കിടന്നിരുന്നതാണ് പ്രിൻസിപ്പലിന് തിരിച്ചറിയാൻ അടയാളമാക്കിയത്.
ഇന്റർ സർവകലാശാല മത്സരത്തിൽ ഫുട്ബോൾ കളിക്കാൻ ഇരുവരും ഇരു ടീമിൽ ആണ് എത്തിയതെങ്കിലും ടീം അംഗങ്ങൾക്ക് ആളെ മാറിപ്പോയി. ഗോപിയാണെന്നു ഓർത്തു നൽകിയ പാസ് കിട്ടിയത് വേണുവിന്. കൂടെ എതിരാളികൾക്ക് ഒരു ഗോളും. ആ ഗോളിലാണ് വേണുവിന്റെ ടീം എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു കയറിയത്. ഇത്തരത്തിൽ കൂട്ടുകാർക്കും നാട്ടുകാർക്കും ഓർത്തു വയ്ക്കാൻ ഇരുവരെ പറ്റിയും ഒട്ടേറെ തമാശകളുണ്ട്. എഞ്ചിനീയറായ വേണു സഹോദരനെ കാണാൻ ക്ലിനിക്കിൽ എത്തിയപ്പോൾ ഡോക്ടർ ആണെന്ന് തെറ്റിദ്ധരിച്ചു രോഗികൾ രോഗവിവരം പറയാൻ അടുത്ത് കൂടിയത് മറ്റൊരു തമാശ.
ഒരിക്കൽ സ്വന്തം അച്ഛനും അക്കിടി പറ്റിയത്രേ. മുംബൈയിൽ ആയിരുന്ന വേണു വീട്ടിൽ പറയാതെ സസ്പെൻസ് നൽകാൻ എത്തി. മുറിയിൽ ആളെ കണ്ടതോടെ എന്താടാ ഗോപി ഇന്ന് ക്ലിനിക്കിൽ പോകുന്നില്ലേ എന്നൊരു ചോദ്യവും. ആ സംഭവത്തോടെ സസ്പെൻസ് ഒപ്പിക്കൽ നിർത്തിയെന്നാണ് പൊട്ടിച്ചിരിയോടെ ഇരുവരും പറയുന്നത്. എന്തായാലും വീട്ടുകാർക്കും നാട്ടുകാർക്കും ആളെ തെറ്റാതിരിക്കാൻ പിന്നീട് ഇരുവരും തമ്മിൽ ഒരു കരാറിലെത്തി. നാട്ടിലെത്തുമ്പോൾ വേണു ബുൾഗാൻ താടി വയ്ക്കും, ഗോപി അങ്ങനെ ചെയ്യാനും പാടില്ല. പതിറ്റാണ്ടുകൾക്ക് മുൻപത്തെ കരാർ ഇന്നും ഇരുവരും തെറ്റാതെ പാലിക്കുന്നു.
ചിത്രങ്ങൾ - മനോരമ
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.