കോഴിക്കോട്: ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ പേരിൽ രണ്ടു തട്ടിലാണ് കേരളത്തിലെ ക്രൈസ്തവ- മുസ്ലിം സമുുദായങ്ങൾ. ഈ വിഷയം പുകഞ്ഞു നിൽക്കവേയാണ് ഒരു വിഭാഗം മുസ്ലിംനേതാക്കൾ കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ സന്ദർശിച്ചത്. ഈ കൂടിക്കാഴ്‌ച്ചയുടെ വിവരങ്ങൾ പങ്കുവെച്ചു കൊണ്ട് എസ്.വൈ.എസ് നേതാവ് ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി രംഗത്തെത്തി.

മുസ്ലിം ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സഹോദരങ്ങളാണെന്നും ഒരുമിച്ച് നിൽക്കേണ്ടവരാണെന്നും ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞെന്നാണ് അസ്ഹരിയുടെ അവകാശവാദം. ക്രിസ്ത്യൻ മുസ്ലിം സൗഹാർദത്തിന് വിള്ളലുണ്ടാക്കാനുള്ള ചില ശ്രമങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇരു മതവിഭാങ്ങളിലെയും പ്രധാന നേതാക്കൾ നടത്തിയ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അസ്ഹരിയുടെ പ്രതികരണം.

മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ മുസ് ലിം പ്രതിനിധി സംഘത്തെ നയിച്ചത് അസ്ഹരിയായിരുന്നു. കൂടിക്കാഴ്ചയെ കുറിച്ച് സിറാജ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ക്രിസ്ത്യൻ മുസ്ലിം സൗഹാർദം നിലനിർത്തേണ്ട ആവശ്യകതയിൽ ഇരു മതനേതാക്കളും സമാനമായ അഭിപ്രായം പ്രകടിപ്പിച്ചതായി അസ്ഹരി പറഞ്ഞത്.

'ബിഷപ്പ് ആലഞ്ചേരിയുമായുള്ള കൂടിക്കാഴ്ച വളരെ നല്ല അനുഭവമായിരുന്നു. സ്‌നേഹനിർഭരമായ വരവേൽപ്പാണ് ഞങ്ങൾക്ക് അവിടെ ലഭിച്ചത്. നല്ലൊരു സത്കാരവും ഉണ്ടായി. മുസ്ലിം-ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ സഹോദരങ്ങളാണെന്നും നമ്മൾ ഒരുമിച്ച് നിൽക്കേണ്ടവർ തന്നെയാണെന്നുമാണ് ബിഷപ്പ് മാർ ആലഞ്ചേരി അഭിപ്രായപ്പെട്ടത്,' അസ്ഹരി പറഞ്ഞു.

ലൗ ജിഹാദ് കേരളത്തിൽ ഇല്ലെന്ന് സർക്കാരും പൊലീസും കോടതിയും വ്യക്തമാക്കിയിട്ടും ഇപ്പോൾ അത്തരം പ്രചാരണങ്ങൾ തുടരുന്നതിനെ കുറിച്ചും അസ്ഹരി സംസാരിച്ചു. ജിഹാദിന് അങ്ങനെ ഒരു വകഭേദം ഇല്ല. ജിഹാദ് എന്നാൽ സ്ത്രീ-പുരുഷ ഇടപാടുകളൊന്നുമല്ല. മനുഷ്യന്റെ ആത്മാവ്, തന്റെ ശരീരത്തിനുമേൽ നിയന്ത്രണം സ്ഥാപിക്കാൻ നടത്തുന്ന നിരന്തര പരിശ്രമമാണ് വലിയ ജിഹാദ്. സ്ത്രീ-പുരുഷ സ്‌നേഹത്തിന്റെ ഒരറ്റത്ത് മുസ്ലിം പേര് കാണുമ്പോൾ മാത്രം കോയിൻ ചെയ്യുന്ന സംജ്ഞയായി ലൗ ജിഹാദ് കൊണ്ടുവരികയാണെന്ന് അസ്ഹരി പറഞ്ഞു.

സത്യം അറിഞ്ഞുകൊണ്ട് തെറ്റുകൾ പ്രചരിപ്പിക്കുകയാണ് ക്രിസ്ത്യൻ സഭകളെന്ന വാദത്തെ അംഗീകരിക്കുന്നില്ലെന്നും പ്രചാരണങ്ങളെ നമ്മൾ അങ്ങനെ വ്യാഖ്യാനിക്കുന്നത് നല്ലതല്ലെന്നും അസ്ഹരി പറഞ്ഞു. ഇതിൽ മിക്കവയും സഭകൾ പ്രചരിപ്പിച്ചവയോ സഭകളുടെ അറിവോടെ പ്രചരിച്ചവയോ അല്ലായെന്ന് ഈ സന്ദർശനത്തിൽ നിന്ന് മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹാഗിയ സോഫിയ വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വം ചന്ദ്രികയിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനം ക്രിസ്ത്യൻ സഭകളെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അതിലുള്ള വേദന അവർ പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ പാർട്ടികൾ നിക്ഷിപ്ത ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളെ അങ്ങനെയേ കാണാവൂ എന്നും അതിന് മതത്തെ ഉത്തരവാദിയാക്കരുതെന്നുമാണ് നമ്മുടെ അഭിപ്രായം. കേരള കോൺഗ്രസ് പറയുന്ന കാര്യങ്ങളിലെ പിഴവിന് ക്രിസ്ത്യൻ സമുദായത്തോട് ശത്രുത പുലർത്തുന്നത് ശരിയല്ലല്ലോയെന്നും അസ്ഹരി ചോദിച്ചു.

ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട പുതിയ കോടതി വിധി ചർച്ചയുടെ അജണ്ടയല്ലായിരുന്നെന്നും സൗഹാർദ സംഭാഷണത്തിന്റെ ഭാഗമായി ഇതു കടന്നുവന്നുവെന്നും അസ്ഹരി അഭിമുഖത്തിൽ പറഞ്ഞു. ഇപ്പോൾ കേസിനു പോയത് സഭയല്ല. സമുദായ നേതാക്കളുമല്ല. ഒരു വ്യക്തിയാണ്. എങ്കിലും ആ കാര്യത്തിൽ സഭക്ക് അഭിപ്രായവും നിലപാടും ഉണ്ട്.

മുസ്ലിം സമുദായത്തിനായി നടപ്പാക്കുന്ന ആനുകൂല്യങ്ങളൊന്നും വേണ്ടെന്നും ന്യൂനപക്ഷങ്ങൾക്ക് എന്ന പേരിലുള്ള പദ്ധതികളിലെല്ലാം അർഹമായ വിഹിതം ലഭിക്കണം എന്നുമാണത്. അക്കാര്യത്തിൽ സഭയോട് യോജിക്കുകയാണ് വേണ്ടത്. ഇവിടെ മുസ്ലിങ്ങൾക്കായുള്ള പദ്ധതിക്ക് ന്യൂനപക്ഷമെന്ന് പേര് നൽകിയിടത്താണ് തെറ്റിയത്. അതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അസ്ഹരി പറഞ്ഞു.