പാലക്കാട്: ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ നെഫ്രോളജി വിഭാഗത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ നാലാം ദിവസം അവിടെ വച്ച് പരിചയപ്പെട്ട രോഗിക്ക് വേണ്ടി യുവ ഡോക്ടർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. ആ ഡോക്ടർ ആദ്യമായി മലയാളത്തിൽ എഴുതി ഫേസ്‌ബുക്കിൽ ഇട്ട പോസ്റ്റ് ഒറ്റ ദിവസം കൊണ്ടു തന്നെ ഷെയർ ചെയ്യത് 1300 ഓളം പേർ.

ഒരു ഡോക്ടർ തന്റെ രോഗിയെ രക്ഷപ്പെടുത്താൻ സമൂഹത്തോട് അഭ്യർത്ഥിക്കുന്ന ആരുടേയും കണ്ണ് തുറപ്പിക്കുന്ന പോസ്റ്റ് കണ്ട് നിരവധി സഹായവാഗ്ദാനങ്ങളും വന്നു. ഒരു ഡോക്ടർ എങ്ങനെ രോഗികൾക്കും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി ജീവിക്കണം എന്ന മാതൃക കാണിക്കുന്ന ഈ പോസ്റ്റിട്ടത് വാണിയംകുളം പി.കെ ദാസ് ഹോസ്പിറ്റലിലെ ഡോ.അബു താഹിർ ആണ്.

മലയാളം ഫോണിൽ എഴുതി പരിചയമില്ലാത്ത ഡോ.അബു താഹിർ ആ കുട്ടിയുടെ ദയനീയത ലോകത്തെ അറിയിക്കാനാണ് ഗൂഗിൾ ഹാൻഡ് റൈറ്റിങ്ങ് ഇൻപുട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. ഫോൺ നമ്പറും തീയ്യതിയും വച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ മറുനാടൻ മലയാളിക്ക് വേണ്ടി വാണിയംകുളത്തെ ആശുപത്രിയിൽ എത്തിയത്. ഡയാലിസിസ് വിഭാഗത്തിനു മുമ്പിൽ പോസ്റ്റിട്ട ഡോ. അബു താഹിർ ഉണ്ടായിരുന്നു. അകത്ത് ഡോക്ടറുടെ പോസ്റ്റിൽ പറയുന്ന കുട്ടിയുടെ ഡയാലിസിസ് നടക്കുകയാണ്. ത്യശൂർ ജില്ലയിൽ വരവൂർ വലിയപീടികയിൽ വീട്ടിൽ മൊയ്തീന്റെ മകനാണ് ഡോ. വി എം. അബുതാഹിർ.

ഉപ്പ 27 വർഷമായി ഗൾഫിലാണ്. ഗൾഫിൽ ഒരു വർക്കുഷാപ്പ് നടത്തുകയാണ്. സാമ്പത്തികമായി ചുറ്റുപാടില്ല. പത്താംക്ലാസ്സിൽ പഠിക്കുമ്പോഴും ഒരു ഡോക്ടറാകും എന്നൊന്നും പ്രതീക്ഷയില്ലായിരുന്നു. ' നീ 210 മാർക്കെങ്കിലും വാങ്ങണെ ' എന്നായിരുന്നു ഉമ്മ പറഞ്ഞിരുന്നത്. വരവൂർ ഗവർമെന്റ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. പത്താം ക്ലാസ്സിലെ റിസൽറ്റ് വന്നപ്പോൾ സ്‌കൂളിലെ ഉയർന്ന മാർക്ക്. തുടർന്ന് പഠിക്കാൻ വീട്ടിലെ സാമ്പത്തിക സ്ഥിതി മോശം. വീടിനടുത്ത വരവൂർ മൊയ്തീൻ കുട്ടി ഉസ്താദാണ് കോഴിക്കോട് കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന കാന്തപുരം മുസ്ലിയാരുടെ മർക്കസിനെ കുറിച്ച് പറഞ്ഞത്. ആവശ്യമുള്ള കാലം ഇഷ്ടമുള്ള അത്രയും പഠിക്കാം എന്നും പ്രത്യേക ബോണ്ടോ ഫീസോ വേണ്ടെന്നും പറഞ്ഞു. തുടർന്നാണ് മർക്കസിലെത്തി + 2 പൂർത്തിയാക്കിയത്.

മെഡിക്കൽ എൻട്രൻസ് കോച്ചിങ്ങ് മർക്കസിലെ വിദ്യാർത്ഥി എന്ന നിലയിൽ തൃശൂരിലെ പി.സി.തോമസ് ഫ്രീയായി കോച്ചിങ്ങ് നൽകി. കേരള എൻട്രൻസ് എക്‌സാമിൽ റാങ്ക് കിട്ടി, കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് 2008 ൽ ചേർന്നു. ടി.കെ അബ്ദുപ്പ റഹ്മാൻ വാഖഫിയാണ് സി.എം.സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി. 2014 ലാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്. പത്താം ക്ലാസ്സിനു ശേഷം പതിനഞ്ച് കൊല്ലം കോഴിക്കോടായിരുന്നു. മിടുക്കരായ സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികളെ കണ്ടെത്തി പഠിപ്പിക്കുന്നതിന് ഇന്റർഗ്രേറ്റ് ഫൗണ്ടേഷൻ ഫോർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനം കോഴിക്കോട് ഇദ്ദേഹം തുടങ്ങിയിട്ടുണ്ട്.

പത്രപരസ്യം നൽകി കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത മിടുക്കരായ 15 വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുകയാണ് ചെയ്യുന്നത്. എൻട്രൻസ് പരീക്ഷകൾക്കും ഐ.എ.എസ് തുടങ്ങിയ പരീക്ഷകൾക്കുമാണ് പരിശീലനം. വീടുകളിൽ പോയി കുട്ടികളുടെ സാഹചര്യം മനസ്സിലാക്കിയാണ് സെലക്റ്റ് ചെയ്യുന്നത്. പഠിച്ചിറങ്ങിയാലും നാളെ ഇവരെ കൊണ്ടു സമൂഹത്തിനും ഗുണം കിട്ടാനുമാണ് ഇങ്ങിനെ തീരുമാനിച്ചത്. കൂടാതെ വടക്കാഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഡോക്ടറെ പോലെ തന്നെ സാധാരണ കുടുംബത്തിൽ നിന്ന് പഠിച്ച ഡോക്ടറായ ഷാഹിനയാണ് ഭാര്യ. പെരിന്തൽമണ്ണ എം.ഇ.എസ് ഹോസ്പ്പിറ്റലിൽ ഹൗസ സർജൻസി പൂർത്തിയാക്കി കൊണ്ടിരിക്കുകയാണ് ഷാഹിന.

നിക്കാഹ് കഴിഞ്ഞിട്ടേയുള്ളു. കല്യാണം നടത്തി കൂട്ടികൊണ്ടു വന്നിട്ടില്ല. ഉപ്പ ഗൾഫിൽ നിന്നെത്തിയ ശേഷമെ വിവാഹകാര്യങ്ങൾ തീരുമാനിക്കു. ഫെബ്രുവരി 11 നാണ് വാണിയംകുളം പി.കെ ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോയിൻ ചെയ്തത്. അവിടെ വച്ച് കണ്ട കുട്ടിയെ കുറിച്ചാണ് ഡോക്ടർ പോസ്റ്റിട്ടത്. ആ പോസ്റ്റ് ഇതാണ്. ' ഇന്നലെ (13.02.16) പി.കെ ദാസ് ഹോസ്പ്പിറ്റലിൽ വച്ചാണ് അവനെ പരിചയപ്പെട്ടത്. 17 വയസ്സേ ആയിട്ടുള്ളു. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യണം ജീവൻ നിലനിൽക്കാൻ... എങ്കിലും അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കം കാണാമായിരുന്നു. അവൻ തനിച്ചു ബസ് കയറിയാണ് ഹോസ്പ്പിറ്റലിൽ വരുന്നത്. ( രണ്ട് കിഡ്‌നിയും ഫെയിൽ ആയ ആളുകൾക്ക് പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായിരിക്കും. അതിനാൽ ഏത് സമയത്തും ഹൃദയസ്തംഭനം സംഭവിക്കാം ) അവന്റെ ബെഡിന്റെ അടുത്തുണ്ടായിരുന്ന പൊതിയിൽ എന്താണെന്ന് ചോദിച്ചപ്പോൾ ഉമ്മ തന്നയച്ച ദോശയാണെു പറഞ്ഞു.

ഞങ്ങൾ ഒരു പാട് കാര്യങ്ങൾ സംസാരിച്ചു. പാലക്കാട് ഹൈവേയിൽ നിന്നും വാണിയംകുളത്ത് നിന്നും 6 കി.മി. അകല പാവുക്കോണം എന്ന സ്ഥലത്താണ് അവന്റെ വീട്. ഉപ്പാക്ക് മാങ്ങ പറിച്ചു വിൽക്കുന്ന ജോലിയാണ്. വർഷത്തിൽ 6 മാസമേ ജോലി ഉണ്ടാകു. ഡിസ്‌കിനു പ്രോബ്‌ളം ഉള്ളതിനാൽ അധികം ഭാരമുള്ള ജോലി അസാധ്യമാണ്. അനുജൻ +1 പഠിക്കുന്നു. ഒപ്പം കാറ്ററിങ് ജോലിക്കും പോകുന്നു. +1 പഠിക്കുമ്പോൾ ആണ് അവന് അസുഖം സ്ഥിതീകരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് അസുഖം alports yndrome ആണെന്ന് സ്ഥിതികരിച്ചത്. ഡയാലിസിസ് ഫീ കാരുണ്യ ഫണ്ടിൽ നിന്നും ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ഡയാലിസിസ് ട്യൂബിന്റേയും ഇഞ്ചക്ഷൻ മരുന്നിന്റേയും പിന്നെ സ്ഥിരം കഴിക്കുന്ന എട്ടോളം മരുന്നിന്റേയും ഒക്കെ ചെലവ് കണ്ടെത്തുന്നത് വാർദ്ധക്യത്തോടടുത്ത ഉപ്പയാണ്. ഡയാലിസിസ് കഴിഞ്ഞു സിസ്റ്ററോട് അടുത്ത പ്രാവശ്യം വരേണ്ട സമയവും വാങ്ങി, കയ്യിൽ പ്ലാസ്റ്റിക് സഞ്ചിയുമായി അടുത്ത ബസിനു വീട്ടിലേക്ക് പോവാൻ ധൃതിയിൽ അവൻ പുറത്തിറങ്ങുമ്പോൾ ഞാൻ അവനോടു പറഞ്ഞു. 'ഞാനുമുണ്ട് നിന്റെ കൂടെ. ഞാൻ വീട്ടിൽ ആക്കിതരാം.' അപ്പോൾ അവൻ പറഞ്ഞു. ' വേണ്ട സാറെ. ഞാൻ ബസ്സിനു പൊയ്‌ക്കോളാം. ' ഞാൻ പറഞ്ഞു. ഇന്ന് നിന്റെ വീട്ടിൽ നിന്നാണ് ഞാൻ ഉച്ചഭക്ഷണം കഴിക്കുന്നത്.

അവൻ പറഞ്ഞു. ' അതിനെന്താ സാറെ, നമുക്ക് പോകാം.' അവന്റെ കണ്ണുകളിലെ തിളക്കം ഒന്നുകൂടി വർദ്ധിച്ചിരുന്നു. അങ്ങിനെ വയലുകളും കുന്നുകളും താണ്ടി ഞങ്ങൾ വീട്ടിലെത്തി. ഉപ്പായുമായി സംസാരിച്ചു. ഉപ്പ പറഞ്ഞു. ' ഇവന്റെ കാര്യം ആലോചിക്കുമ്പോഴാ ഞങ്ങൾക്ക്... ആ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.' കിഡ്‌നി മാറ്റി വെക്കാനുള്ള ടെസ്റ്റുകൾ എല്ലാം കഴിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏകദേശം നാലു ലക്ഷത്തോളം രൂപ വേണം.ഒരു പ്രാവശ്യം അവർ വിളിച്ചിരുന്നു. പക്ഷെ പൈസ ശരിയാവാത്തതുകൊണ്ട് പോകാൻ പറ്റിയില്ല.' ഞാൻ എന്തു മറുപടി പറയണമെന്നറിയാതെ അൽപനേരം നിശബ്ദനായി.

ഉമ്മ അപ്പോഴേക്കും നാരങ്ങവെള്ളവും പഴവും എല്ലാം കൊണ്ടു വന്നു വച്ചു. പക്ഷെ അതിനൊന്നും എനിക്ക് ടേസ്റ്റ് തോന്നിയില്ല. ഇറങ്ങാൻ തുടങ്ങിയപ്പോൾ ഉമ്മ പറഞ്ഞു. മോനെ, ചോറു കഴിച്ചിട്ട് പോകാം. ഞാൻ പറഞ്ഞു. ' ഉമ്മാ ഞാൻ പിന്നെ വരാം.' പടിയിറങ്ങുമ്പോൾ എന്റെ മനസ്സിൽ നാലു ലക്ഷം എങ്ങിനെ ഉണ്ടാക്കും എന്നായിരുന്നു. അവൻ യാത്രയാക്കാൻ റോഡ് വരെ വന്നു. അങ്ങിനെ ഞാൻ യാത്ര തിരിച്ചു.റിയർവ്യൂ മീറ്ററിൽ ഒന്നു കൂടി അവനെ നോക്കി. അവന്റെ കണ്ണുകളിലെ തിളക്കം ഒന്നു കൂടെ കൂടിയതായി എനിക്കു തോന്നി.
ഇതായിരുന്നു ഡോക്ടറിട്ട പോസ്റ്റ്. ഇന്നലെ ഡയാലിസിസ് പൂർത്തിയാക്കിയ അവനേയും കൊണ്ട് ഡോക്ടർ പിന്നേയും വീട്ടിൽ കൊണ്ടു ചെന്നാക്കാൻ പോയി. അപ്പോഴാണ് ബാക്കി കാര്യങ്ങൾ കൂടി അറിഞ്ഞത്. ഈ മകനടക്കം നാലു ആൺകുട്ടികളാണ് അവർക്കുണ്ടായിരുന്നത്. മൂത്ത മകൻ ഇതെ അസുഖം ബാധിച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചു. മരിക്കുന്നതിന് രണ്ട് മാസം മുമ്പാണ് വിവരം അറിഞ്ഞത്. ഇവനും ഇവന്റെ ഇരട്ട സഹോദരനും അനിയനും ഇതെ രോഗബാധിതരാണ്. ഡയാലിസിനു വന്നയാളെ പോലെ ഗുരുതരമല്ലെന്നു മാത്രം.

ഒരാൾക്ക് മാത്രം മാസം മരുന്നിന് രണ്ടായിരം രൂപ വേണം. രണ്ടു പേർക്ക് കൂടി 4000 രൂപ .പണമില്ലാത്തതുകൊണ്ട് അവർ മരുന്ന് കഴിക്കൽ നിർത്തിയിരിക്കുകയാണ്. കൂടുതൽ അപകട നിലയിലായ സഹോദരനെ സഹായിക്കുകയാണ്. വീട്ടിൽ ചെന്നപ്പോൾ മാങ്ങ പറിക്കാൻ പോയ ഉപ്പാനെ സഹായിക്കാൻ ഒരു സഹോദരൻ പോയിരിക്കുകയായിരുന്നു. ഒറ്റപ്പാലത്തിനടുത്ത് പാവുക്കോണത്ത് കുഞാലന്റെ കുടുംബത്തിനാണ് ഈ ദുർഗതി. അലി അസ്ഗർ എന്ന ഇദ്ദേഹത്തിന്റെ 17 കാരനാണ് ഡയാലിസിനു വിധേയമാകുന്നത്. പോസ്റ്റ് കണ്ട് വിളിച്ചവരോടെല്ലാം ആ കുടുംബത്തെ സഹായിക്കാനാണ് ഡോക്ടർ പറഞ്ഞത്. അവരുടെ അക്കൗണ്ട് നമ്പറും ഡോക്ടർ എഫ്.ബിയിൽ കൂട്ടിചേർത്തു.

State Bank of Travancore (Ananganadi Branch) Account No. 67220903913; IFSC: SBTR0000552 (Kunjalan K - Father) Pavukonam - Ananganadi (Palakkad Dist) ഫോൺ നമ്പർ: 9539944627, 99462997328