- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിസിനിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും അടക്കം പത്തോളം ബിരുദങ്ങൾ; അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനിക ദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗമായി; നാസയുടെ ബഹിരാകാശ യാത്രാ സംഘത്തിൽ ഉൾപ്പെട്ട മലയാളി ഡോ. അനിൽ മേനോൻ ഒരു ബഹുമുഖ പ്രതിഭ
ന്യൂയോർക്ക്: നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തിൽ ഒരു മലയാളിയും ഉൾപ്പെട്ടത് ലോകമെമ്പാടുമുള്ള മലയാളികളെ ആവേശത്തിലാക്കുന്നതാണ്. അമേരിക്കൻ മലയാളിയ ഡോ. അനിൽ മേനോനാണ് ലോകം അറിയപ്പെടുന്ന ഈ മലയാളി. ശരിക്കു ഒരു ബഹുമുഖ പ്രതിഭ എന്നു തന്നെ പറയണം ഡോ. അനിലിനെ കുറിച്ച്. കാരണം അദ്ദേഹം കൈവെക്കാത്ത് മേഖലകൾ കുറവാണ്. യുഎസ് വ്യോമസേനയിലെ ലഫ്. കേണലും (റിസർവ്) സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായ ഡോ. അനിൽ മേനോനാണ് (45) സംഘത്തിൽ ഉൾപ്പെട്ടത്. യുഎസിലേക്കു കുടിയേറിയ ശങ്കരൻ മേനോന്റെയും യുക്രെയ്ൻകാരിയായ ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ.
മെഡിസിനും മെക്കാനിക്കൽ എൻജിനീയറിങ്ങും പോലുള്ള വിഭിന്ന ബ്രാഞ്ചുകളുൾപ്പെടെ പത്തോളം ബിരുദങ്ങളും സർട്ടിഫിക്കേഷനുകളും ലൈസൻസുകളും അദ്ദേഹത്തിനുണ്ട്. 1999 ൽ റോട്ടറി അംബാസഡോറിയൽ ഫെലോയായി ഇന്ത്യയിലെത്തിയപ്പോൾ മാതൃഭാഷയായ മലയാളവും പഠിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. ഇക്കാലത്ത് രാജ്യത്തെ പോളിയോ നിർമ്മാർജന യജ്ഞത്തിലും സഹകരിച്ചു.
യുഎസിലെ മിനിയപ്പലിസിൽ ജനിച്ച അനിൽ, മിനസോഡയിലെ സെന്റ് പോൾ അക്കാദമിയിൽ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വിഖ്യാതമായ ഹാർവഡ് സർവകലാശാലയിൽ നിന്ന് 1995 ൽ ന്യൂറോ ബയോളജിയിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫഡിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മാസ്റ്റർ ഓഫ് സയൻസ്. പിന്നീട് വൈദ്യമേഖലയിൽ തിരിച്ചെത്തിയ അദ്ദേഹം സ്റ്റാൻഫഡ് മെഡിക്കൽ സ്കൂളിൽ നിന്നു 2006 ൽ ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടി.
എമർജൻസി മെഡിസിൻ, എയ്റോ സ്പേസ് മെഡിസിൻ, പബ്ലിക് ഹെൽത്ത്, വിൽഡർനെസ് മെഡിസിൻ (പർവതാരോഹണം തുടങ്ങിയവ നടത്തുന്നവർക്കായുള്ള ചികിത്സാരീതി) എന്നിവയിലും അനിലിന് ബിരുദങ്ങളുണ്ട്. ഹെയ്റ്റി ഭൂകമ്പം (2010), നേപ്പാൾ ഭൂകമ്പം (2015) തുടങ്ങിയ ദുരന്തങ്ങളിൽ അദ്ദേഹം അടിയന്തര വൈദ്യസേവനം നടത്തി.
ഹാർവഡിലെ പഠനസമയത്ത് നാഡീവ്യവസ്ഥയെ ദുർബലപ്പെടുത്തുന്ന ഹണ്ടിങ്ടൻസ് ഡിസീസ് എന്ന രോഗത്തെപ്പറ്റി ഗവേഷണം നടത്തി. അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ സൈനികദൗത്യത്തിലും എവറസ്റ്റ് പർവതത്തിലെ സാഹസിക ദൗത്യങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. തിയഡോർ ലിസ്റ്റർ അവാർഡ്, നാസ ജെഎസ്സി അവാർഡ്, യുഎസ് എയർഫോഴ്സ് കൊമെമറേഷൻ മെഡൽ തുടങ്ങിയ ഉന്നത പുരസ്കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഇരുപതിലധികം ശാസ്ത്ര പ്രബന്ധങ്ങളുടെ രചയിതാവുമാണ്.
സ്പേസ് എക്സ് കമ്പനിയുടെ ആദ്യ ബഹിരാകാശ മനുഷ്യദൗത്യത്തിന്റെ ഫ്ളൈറ്റ് സർജൻ ഡോ.അനിലായിരുന്നു. യാത്രികരുടെ ആരോഗ്യപരിപാലനമായിരുന്നു ചുമതല. പൈലറ്റ് എന്ന നിലയിൽ ആയിരത്തിലധികം മണിക്കൂർ പറന്ന പരിചയവുമുണ്ട്. പരിശീലനം വിജയകരമായി പൂർത്തീകരിച്ചാൽ നാസയുടെ ഭാഗമായി ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന റെക്കോർഡും അദ്ദേഹത്തിനു സ്വന്തമാകും. കേരളത്തിനു തന്റെ മനസ്സിൽ പ്രത്യേക സ്ഥാനമുണ്ടെന്ന് ഡോ. അനിൽ അനുസ്മരിച്ചിട്ടുണ്ട്. മലബാർ മേഖലയിൽ നിന്നുള്ളയാളാണ് അനിലിന്റെ അച്ഛൻ ശങ്കരൻ മേനോൻ. ഭാര്യ അന്നയ്ക്കൊപ്പം 3 വർഷം മുൻപ് അനിൽ കേരളത്തിൽ വന്നിട്ടുണ്ട്. കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ ദമ്പതികൾ സന്ദർശനം നടത്തി.
12,000 പേരിൽ നിന്നും തിരഞ്ഞെടുത്ത പത്ത് പേരിലാണ് ഡോ. അനിൽ ഉൽപ്പെട്ടത്. ഇവരിൽ 6 പുരുഷന്മാരും 4 സ്ത്രീകളും ഉൾപ്പെടുന്നു. വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ളവരാണ് ഇവർ. ടെക്സസിലെ ജോൺസൺ സ്പേസ് സെന്ററിൽ 2 വർഷത്തെ വിദഗ്ധ പരിശീലനത്തിനു ശേഷം ഇവർ നാസയുടെ വരുംകാല പദ്ധതികളിൽ പങ്കാളികളാകും.
മറുനാടന് ഡെസ്ക്