കോഴിക്കോട്: വിരണ്ടോടിയ പോത്ത് ബൈക്കിലിടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചു വീണ യുവ ഡോക്ടർ എതിരെ വന്ന കാർ കയറി മരിച്ചു. ദേശീയപാത 66ൽ പുഴമ്പ്രം റോഡ് ജംക്ഷനിലുണ്ടായ അപകടത്തിൽ ബീച്ച് ജനറൽ ആശുപത്രിയിലെ ഹൗസ് സർജനും മലപ്പുറം പൂക്കോട്ടൂർ വെള്ളൂർ മാടമ്പി അഹമ്മദിന്റെ മകനുമായ ഡോ. അർഷദ് അഹമ്മദ് (24) ആണു മരിച്ചത്.

ദേശീയപാതയോരത്തു കൂടി നടത്തിക്കൊണ്ടു പോവുകയായിരുന്ന പോത്താണ് കുതറി ഓടിയത്. തെറിച്ചു കാറിനടിയിൽപ്പെട്ട അർഷദ് തൽക്ഷണം മരിച്ചു. പന്തീരാങ്കാവ് ചമ്പയിൽ പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. തലശ്ശേരി പാനൂരിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന കാറാണ് ഹർഷാദിനെ ഇടിച്ചത്.

അർഷദ് ദിവസവും വീട്ടിൽനിന്ന് ഇറങ്ങി ബൈക്ക് വള്ളുവമ്പ്രത്ത് വച്ച ശേഷം ബസിലാണു കോഴിക്കോട്ടേക്കു പോയിരുന്നത്. ഇന്നലെ ആദ്യമായി ബൈക്കിൽ കോഴിക്കോട്ടേക്കു പോകും വഴിയാണ് അപകടത്തിൽപ്പെട്ടത്. തിരുവനന്തപുരത്തായിരുന്നു എംബിബിഎസ് പഠനം. നാലു മാസമായി ബീച്ച് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്.

കബറടക്കം വെള്ളൂർ താഴേമുക്ക് ജുമാ മസ്ജിദിൽ നടന്നു. പിതാവ് അഹമ്മദ് സൗദിയിലാണ്. മാതാവ്: റുഖിയ. സഹോദരങ്ങൾ: ഷെറിൻ, ഷാഹിൻ, അദ്‌നാൻ.