- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കീഴാറ്റൂർ, നെൽവയലുകളുടെ നിലവിളിയാണ്; അതിനുമേൽ തീ വിതച്ച് അക്രമിസംഘങ്ങൾ യുദ്ധം കുറിച്ചിരിക്കുന്നു; ഇനിയും പാതയുടെ നീളത്തിൽ പടരുന്ന സമരങ്ങൾക്കൊപ്പം വയലുകളിലെ കടന്നുകയറ്റങ്ങൾക്കെതിരായ പ്രക്ഷോഭവും പടരും; ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ അതിക്രമങ്ങളെ നേരിടുന്ന മുന്നേറ്റങ്ങളെ ഒന്നിപ്പിക്കുന്ന സമരോർജ്ജമുണ്ട് കീഴാറ്റൂരിലെ ചെറുത്തുനിൽപ്പിന്: ഡോ. ആസാദ് എഴുതുന്നു
കീഴാറ്റൂരിലെ സമരമുയർത്തുന്ന പ്രധാന വിഷയമെന്താണ്? നെൽവയലുകൾ നിലനിർത്തണമെന്നല്ലേ? അതോ ദേശീയപാത വേണ്ടെന്നാണോ? രണ്ടാമത്തേതാണ് അവിടത്തെ സമര മുദ്രാവാക്യമായി സർക്കാർ മനസ്സിലാക്കിയിട്ടുള്ളത്. അതങ്ങനെയാണ്. ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ആവശ്യകതകളോ യുക്തികളോ പരിഗണിക്കപ്പെടാറില്ല. അതെത്ര ജീവൽപ്രധാനമാണെങ്കിലും അത്തരം വിഷയമുയർത്തുന്നവർ യുദ്ധസമാനമായ അതിക്രമങ്ങളെ നേരിടേണ്ടി വരും. നെൽവയലുകൾ നികത്താതെ റോഡുവികസനം അസാധ്യമാണോ? പുതിയ റോഡുനിർമ്മാണത്തിനല്ല ഇപ്പോഴത്തെ നീക്കം. നിലവിലുള്ളത് വീതികൂട്ടാനും നാലുവരിപ്പാതയായി മാറ്റാനുമാണ്. ഇരു പുറങ്ങളിലേയ്ക്ക് വീതികൂട്ടാൻ അവിടെ പടർന്നു കിടക്കുന്ന വ്യാപാര വ്യവഹാര ശൃംഖല അഴിച്ചു പണിയണം. വീടുകൾ മാറ്റി നിർമ്മിക്കണം. തിരക്കുള്ള നഗരങ്ങളിൽ മേൽപ്പാലമോ ബൈപ്പാസോ നിർമ്മിക്കണം. അതിന്റെ സാധ്യതകളും പരിമിതികളുംതന്നെ ഗവൺമെന്റ് വേണ്ടത്ര പരിഗണിക്കുകയോ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. അലൈന്മെന്റ് നിശ്ചയത്തിൽ ആൾബലമോ ധനബലമോ ഉള്ളവർ ഇടപെട്ട് അനുകൂലമാംവിധം റോഡ് മാറ്റിയിട്ടുണ്ട്. സ്വത്ത്
കീഴാറ്റൂരിലെ സമരമുയർത്തുന്ന പ്രധാന വിഷയമെന്താണ്? നെൽവയലുകൾ നിലനിർത്തണമെന്നല്ലേ? അതോ ദേശീയപാത വേണ്ടെന്നാണോ? രണ്ടാമത്തേതാണ് അവിടത്തെ സമര മുദ്രാവാക്യമായി സർക്കാർ മനസ്സിലാക്കിയിട്ടുള്ളത്. അതങ്ങനെയാണ്. ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾക്കെതിരായ ആവശ്യകതകളോ യുക്തികളോ പരിഗണിക്കപ്പെടാറില്ല. അതെത്ര ജീവൽപ്രധാനമാണെങ്കിലും അത്തരം വിഷയമുയർത്തുന്നവർ യുദ്ധസമാനമായ അതിക്രമങ്ങളെ നേരിടേണ്ടി വരും.
നെൽവയലുകൾ നികത്താതെ റോഡുവികസനം അസാധ്യമാണോ? പുതിയ റോഡുനിർമ്മാണത്തിനല്ല ഇപ്പോഴത്തെ നീക്കം. നിലവിലുള്ളത് വീതികൂട്ടാനും നാലുവരിപ്പാതയായി മാറ്റാനുമാണ്. ഇരു പുറങ്ങളിലേയ്ക്ക് വീതികൂട്ടാൻ അവിടെ പടർന്നു കിടക്കുന്ന വ്യാപാര വ്യവഹാര ശൃംഖല അഴിച്ചു പണിയണം. വീടുകൾ മാറ്റി നിർമ്മിക്കണം. തിരക്കുള്ള നഗരങ്ങളിൽ മേൽപ്പാലമോ ബൈപ്പാസോ നിർമ്മിക്കണം. അതിന്റെ സാധ്യതകളും പരിമിതികളുംതന്നെ ഗവൺമെന്റ് വേണ്ടത്ര പരിഗണിക്കുകയോ പരിശോധിക്കുകയോ ഉണ്ടായിട്ടില്ല. അലൈന്മെന്റ് നിശ്ചയത്തിൽ ആൾബലമോ ധനബലമോ ഉള്ളവർ ഇടപെട്ട് അനുകൂലമാംവിധം റോഡ് മാറ്റിയിട്ടുണ്ട്. സ്വത്ത് സംരക്ഷിച്ചിട്ടുണ്ട്. വളച്ചൊടിച്ച അലൈന്മെന്റിന് വെന്നിയൂരും കീഴാറ്റൂരും ഉൾപ്പെടെ ചെറുതും വലതുമായ എത്രയോ ഉദാഹരണങ്ങളുണ്ട്. എങ്കിലും അലൈന്മെന്റ് തർക്കം തീരെ സഹിക്കാനാവാത്ത ഇടങ്ങളിൽ മാത്രമേ ജനം ഉയർത്തിക്കൊണ്ടു വന്നിട്ടുള്ളു. അതുപോലും പരിഗണിക്കാൻ ഗവൺമെന്റ് തയ്യാറല്ല.
എങ്കിൽ നിലവിലുള്ള ഏറ്റവും പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനമിറക്കൂ എന്ന് ജനങ്ങൾ ന്യായമായ ആവശ്യമാണ് ഉന്നയിച്ചത്. 2013ൽ ലോകസഭ പാസാക്കിയ ഭൂമി ഏറ്റെടുക്കൽ നിയമത്തിനു വിധേയമായി നടപടികൾ സ്വീകരിക്കാൻ എന്താണ് തടസ്സം? ജനങ്ങൾക്കുവേണ്ടി ജനപ്രതിനിധികൾ നിർമ്മിച്ച നിയമം അവർക്കുതകേണ്ടേ? പഴയ ദേശീയപാതാ നിയമത്തിന്റെ അടിസ്ഥാനത്തിലെ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ജനവഞ്ചനയാണ്. അത് ബി ഒ ടി മുതലാളിമാരെ തടിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ദേശീയ പാതയ്ക്കിരുപുറവും ഈ പെരും വഞ്ചനയ്ക്കിരയായ ജനങ്ങൾ ജനവിരുദ്ധ വികസനത്തിനെതിരെ സമര രംഗത്താണ്. ഇരകളില്ലാത്ത വികസനം സാധ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പുതു മുതലാളിത്ത താൽപ്പര്യങ്ങൾക്കപ്പുറം കണ്ണെത്താത്ത ഭരണകൂടങ്ങൾക്ക് ജനങ്ങൾ ഒരു പ്രശ്‌നമേയല്ല.
ഈ സമരത്തിന്റെ ഒരു മുഖമാണ് കീഴാറ്റൂർ. അവിടെ നല്ല നെൽവയലുകൾ നികത്തിയുള്ള വികസനമാണ് സർക്കാർ ലക്ഷ്യം. നെൽവയലുകൾ/നീർത്തടങ്ങൾ സംരക്ഷിക്കാൻ നിയമമുണ്ടാക്കിയവർ നഗ്‌നമായ നിയമ ലംഘനം നടത്തുന്നു. നിയമ ലംഘനവും നീതി നിഷേധവും മറയ്ക്കാൻ പുതിയ ഓർഡിനൻസുകൾ മതിയെന്നു ധരിക്കുന്നു. മാത്രമല്ല പ്രദേശത്തെ ഭൂരിപക്ഷം കർഷകരും സമ്മതിച്ചാൽ നെൽവയലുകൾ നികത്താമെന്ന തെറ്റായ സന്ദേശം നൽകുന്നു. എം എസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടു നടപ്പാക്കാൻ രാജ്യത്താകെ സമരം ചെയ്യുന്നവർ ഇവിടെ സ്വാമിനാഥനെ പിടിച്ചുകെട്ടി കോർപറേറ്റു രാജാക്കന്മാർക്കു മുന്നിൽ ഹാജരാക്കുന്നു. ഒറ്റുകാരുടെ റോളിലാണ് ജനാധിപത്യ സർക്കാറും അതിന്റെ രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളും.
ദേശീയപാതാ ഭൂമിയേറ്റെടുക്കൽ വികസന ആവശ്യകതയെ മറികടന്ന് മറ്റു താൽപ്പര്യങ്ങളിലേയ്ക്കു കടന്നിരിക്കുന്നു. പാതാ വികസനം ഗതാഗത നയത്തെയാണ് ആശ്രയിക്കേണ്ടത്? എന്താണ് നമ്മുടെ ഗതാഗത നയം? വാഹന വ്യവസായം ആവശ്യപ്പെടുന്ന സകല സൗകര്യങ്ങളും ഒരുക്കിക്കൊടുക്കലോ? അങ്ങനെ തോന്നും പാതവികസന നയം കാണുമ്പോൾ. ഫിസിബിലിറ്റി പഠനങ്ങളെല്ലാം അപ്രായോഗികമെന്നു വിധിച്ചിട്ടും അതുതന്നെ നടപ്പാക്കാനാണ് ഉത്സാഹം. അതു ജനങ്ങൾക്കും പ്രകൃതിക്കും വരുത്തുന്ന ക്ഷതങ്ങൾ ആരു നോക്കുന്നു ആദ്യം സംസ്ഥാനത്തിനു യോജിച്ച ഗതാഗത നയം അംഗീകരിക്കണം. അനുഗുണ സാധ്യതകൾ -ജല റയിൽ ഗതാഗതങ്ങൾ ഉൾപ്പെടെ - വിശകലനം ചെയ്തു തീരുമാനിക്കണം. അല്ലെങ്കിൽ നാം ഏച്ചുകൂട്ടലുകളും വെട്ടിയൊട്ടിക്കലുകളുമായി നമ്മുടെ പുരോഗതിയെ നിർണയിച്ചുകൊണ്ടിരിക്കും.
കീഴാറ്റൂർ, നെൽവയലുകളുടെ നിലവിളിയാണ്. അതിനുമേൽ തീ വിതച്ച് അക്രമിസംഘങ്ങൾ യുദ്ധം കുറിച്ചിരിക്കുന്നു. അതിനാൽ ഒരു പിൻയാത്ര സാധ്യമല്ല. ഇനിയും പാതയുടെ നീളത്തിൽ പടരുന്ന സമരങ്ങൾക്കൊപ്പം വയലുകളിലെ കടന്നുകയറ്റങ്ങൾക്കെതിരായ പ്രക്ഷോഭവും പടരും. ജനവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ അതിക്രമങ്ങളെ നേരിടുന്ന മുന്നേറ്റങ്ങളെ ഒന്നിപ്പിക്കുന്ന സമരോർജ്ജമുണ്ട് കീഴാറ്റൂരിലെ ചെറുത്തുനിൽപ്പിന്. അത് കക്ഷി രാഷ്ട്രീയത്തിന്റെ അനുകൂലവും പ്രതികൂലവുമായ വാഗ്വാദങ്ങളിൽ മുക്കിക്കളയാമെന്ന് ആരും മോഹിക്കരുത്.