തിരുവനന്തപുരം: ശ്രീചിത്ര മുൻ ഡയറക്ടർ ഡോ. ആശാ കിഷോർ സ്വയം വിരമിക്കലിന് അപേക്ഷ നൽകി. ഡയറക്ടർ പദവിയിൽ കാലാവധി നീട്ടിനൽകിയത് റദ്ദാക്കിയ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (സിഎടി) വിധിക്ക് എതിരെ ഡോ. ആശാ കിഷോർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് തീരുമാനം.2020 ഡിസംബർ 9-ന് ജോലിയിൽ നിന്ന് വിടുതൽ ചെയ്യണമെന്ന ഡോ. ആശാ കിഷോറിന്റെ അപേക്ഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് അംഗീകരിച്ചു.

2020 ജൂലൈ 14-ന് ഡയറക്ടർ സ്ഥാനത്ത് അഞ്ചുവർഷം പൂർത്തിയാക്കിയ ഡോ. ആശാ കിഷോറിന്റെ കാലാവധി ഇൻസ്റ്റിറ്റ്യൂട്ട് ബോഡി 2025 ഫെബ്രുവരി വരെ നീട്ടി നൽകിയിരുന്നു. തുടർന്ന് ക്യാബിനറ്റ് അപ്പോയ്ന്റ്മെന്റ്സ് കമ്മിറ്റിയുടെ (എസിസി) അനുമതി ഇല്ലാതെയാണ് ഡോ. ആശാ കിഷോറിന്റെ കാലാവധി നീട്ടിനൽകിയതെന്ന് കാണിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ (സിഎടി) സമീപിച്ചു. സിഎടി ഡോ. ആശാ കിഷോറിന്റെ വാദമുഖങ്ങൾ തള്ളുകയും കാലാവധി നീട്ടിനൽകിയ തീരുമാനം 2020 നവംബർ 6-ന് മുൻകാല പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്തു. ഇതിന് എതിരെയാണ് ഡോ. ആശാ കിഷോർ ഹൈക്കോടതിയെ സമീപിച്ചത്.

ഡയറക്ടറെ നീക്കം ചെയ്യാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി 09.12.2020-ന് ഡോ. ആശാ കിഷോറിന്റെ അപ്പീൽ തള്ളി.

2020 ജൂലൈ 15 മുതലാണ് ആശ കിഷോറിന്റെ കാലാവധി അഞ്ചുവർഷത്തേക്ക് വീണ്ടും നീട്ടിയത്. ജൂലൈ 12-ന് ചേർന്ന ഇൻസ്റ്റിറ്റ്യൂട്ട് ബോഡിയുടേതായിരുന്നു തീരുമാനം. 2025 ഫെബ്രുവരിയിൽ വിരമിക്കുന്നത് വരെ പ്രൊഫ. ആശാ കിഷോറിന് ഡയറക്ടർ സ്ഥാനത്ത് തുടരാം എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. ഈ ഉത്തരവാണ് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യതയുണ്ടെന്നും സിഎടിയുടെ ഉത്തരവിൽ പറയുന്നു.

ശ്രീചിത്രയിൽ ന്യൂറോളജി വിഭാഗത്തിൽ അഡീഷണൽ പ്രൊഫസറായ ഡോ.സജിത് സുകുമാരനാണ് ആശ കിഷോറിന്റെ കാലാവധി നീട്ടിയത് ചോദ്യം ചെയ്ത് സിഎടിയെ സമീപിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ നിയമന കമ്മിറ്റി(എസിസി) യുടെ അംഗീകാരമില്ലാതെയാണ് കാലാവധി നീട്ടിയത് എന്നായിരുന്നു മുഖ്യവാദം. ഡയറക്ടർ സ്ഥാനത്തേക്ക് പുതിയ നിയമനം നടത്താൻ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഉത്തരവിടണമെന്നും, ഡോ.ആശ കിഷോറിനെ തൽസ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ മറ്റ് ആവശ്യങ്ങൾ.

നിലവിൽ ശ്രീചിത്രയിൽ ഉയർന്ന യോഗ്യതയും പരിചയവുമുള്ള കഴിവ് തെളിയിച്ച ഡോക്ടർമാരുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ഡയറക്ടറുടെ കാലാവധി നീട്ടുന്നത് അവർക്ക് ഡയറക്ടർ സ്ഥാനത്തേക്ക് വരാനുള്ള വഴി അടയ്ക്കൽ കൂടിയാണ്. ശരിയായ ഭരണനേതൃത്വമില്ലാത്തതുകൊണ്ട് ശ്രീചിത്രയ്ക്ക് എൻഐആർഎഫ് റാങ്കിങ് പോലും കിട്ടിയില്ലെന്നും ഡോ.സജിത് സുകുമാരൻ വാദിച്ചു.

അതേസമയം തന്റെ കാലാവധി അഞ്ചുവർഷം നീട്ടിയതിന് എസിസി അംഗീകാരം ആവശ്യമില്ലെന്ന് ഡോ.ആശ കിഷോർ വാദിച്ചു. ഡോ.എബ്രഹാം കുരുവിള വേഴ്‌സസ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് കേസിൽ ഡയ്‌റക്ടർ നിയമനത്തിന് എസിസിയുടെ അംഗീകാരം ആവശ്യമില്ലെന്ന് വിധിയുണ്ടെന്നും ഡോ.ആശ കിഷോർ വാദിച്ചു

അതേസമയം, ഇൻസ്റ്റിറ്റ്യൂട്ടിൽ 25 വർഷം പൂർത്തിയാക്കിയ 31 പ്രൊഫസർമാരും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ഡോ. ആശ കിഷോറിന്റെ കാലാവധി നീട്ടുന്നത് തങ്ങളുടെ ഡയറക്ടർ നിയമന സാധ്യതകളെ ബാധിക്കുമെന്നായിരുന്നു അവരുടെ വാദം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും, ഡയറക്ടറും ഒരുഭാഗത്തും, കേന്ദ്രസർക്കാർ മറുഭാഗത്തുമായി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട തർക്കം വന്നാൽ, നിയമപ്രകാരം കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാനും തർക്കം തീർപ്പാക്കാനും ഇൻസ്റ്റിറ്റ്യൂട്ട് ബോഡിക്ക് ബാധ്യതയുണ്ടെന്നും സിഎടി വിധിയിൽ പറയുന്നു. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. ഇതുവരെ ആരും കേന്ദ്രസർക്കാരിന്റെ ഈ അധികാരത്തെ ചോദ്യം ചെയ്തിട്ടുമില്ല. അതുകൊണ്ട് തന്നെ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ കത്തയച്ചതിലും തെറ്റില്ലെന്നായിരുന്നു സിഎടി വിധി. വിധിക്കെതിരെ ഡോ.ആശ.കിഷോർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു.