ഷിക്കാഗോ: ഇന്ത്യക്കാരുടെ ആഗോള സംഘടനയായ ഗോപിയോ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓക്‌ബ്രൂക്ക് മാരിയറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ബിസിനസ് കോൺഫറൻസിൽ വച്ച് സംഘടനയുടെ സുപ്രധാന അവാർഡായ കമ്യൂണിറ്റി ലീഡർഷിപ്പ് അവാർഡ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. ആസിഫ് സെയ്ദിന്  യു.എസ് കോൺഗ്രസ് മാൻ ഡാനി ഡേവിഡ് നൽകി.

ഗോപിയോ ഷിക്കാഗോയുടെ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് തന്റെ ആമുഖ പ്രസംഗത്തിൽ, ഡോ. ആസിഫ് സെയ്ദ് ഈ അവാർഡിന് ഏറ്റവും അർഹനായ വ്യക്തിയാണെന്നും, ഡോ. സെയ്ദ് കോൺസുൽ ജനറൽ ആയതിനുശേഷം അദ്ദേഹത്തിന്റെ നേതൃത്വത്തിലും താത്പര്യപ്രകാരവും അമേരിക്കയിലെ ഒമ്പത് മിഡ് വെസ്റ്റേൺ സ്റ്റേറ്റുകളിലെ ഇന്ത്യൻ ജനതയ്ക്ക് ഏറ്റവും നല്ല സേവനങ്ങൾ നൽകാൻ ഷിക്കാഗോ കോൺസുലേറ്റിന് സാധിച്ചതായും, ഈ സ്റ്റേറ്റുകൾക്ക് ഇന്ത്യയുമായി കൂടുതൽ വ്യാപാര ബന്ധങ്ങളിൽ ഏർപ്പെടാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

കോൺസൽ ജനറൽ ഡോ. സെയ്ദ് നല്ല എഴുത്തുകാരനും, പ്രാസംഗികനുമാണ്. 1989-ൽ ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്) നേടിയശേഷം, ജിയോളജിയിൽ ഡോക്ടറേറ്റും നേടുകയുണ്ടായി. അദ്ദേഹം ഇതിനു മുമ്പ് ഇന്ത്യൻ അംബാസിഡറായി യമൻ, ഈജിപ്ത്, ഖത്തർ, സൗദി അറേബ്യ എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അവാർഡ് വാങ്ങിയശേഷം മറുപടി പ്രസംഗത്തിൽ ഡോ. സെയ്ദ് ഗോപിയോ ഷിക്കാഗോയ്ക്കും, അമേരിക്കയിലുള്ള എല്ലാ ഇന്ത്യക്കാർക്കും തന്റെ നന്ദിയും കടപ്പാടും അറിയിക്കുകയും, തന്നെക്കൊണ്ട് ചെയ്യാവുന്ന എല്ലാ സഹായങ്ങളും ഇന്ത്യൻ കമ്യൂണിറ്റിക്ക് നൽകുമെന്നും പ്രസ്താവിച്ചു.