- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം; അത് അഭിമാനം; ദത്ത് വിവാദത്തിൽ അനുപമയ്ക്കും അജിത്തിനും പിന്തുണയുമായി ഡോ. ആസാദ്; നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളമെന്നും കുറിപ്പ്
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അനുപമയ്ക്കും അജിത്തിനും പിന്തുണയുമായി ഡോ. ആസാദ്. മക്കളെയും ഭാര്യയെയും ഉപേക്ഷിച്ചയാൾ മുഖ്യമന്ത്രിയുടെ മകളെ വിവാഹം ചെയ്യുമ്പോൾ അത് അഭിമാനമാവുകയും അനുപമയും അജിത്തും അപമാനമാവുകയും ചെയ്യുന്നത്
വിരോധാഭാസമാണെന്ന് ഡോ ആസാദ് പറയുന്നു.ഫേസ് ബുക്ക് കുറിപ്പിലുടെയായിരുന്നു പ്രതികരണം. നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളമെന്ന് ആസാദ് ആരോപിക്കുന്നു.
സർക്കാർ അധികാര സ്ഥാപനങ്ങളും സവർണ രാഷ്ട്രീയവും അടിസ്ഥാനേതര വർഗ താത്പര്യങ്ങളും ചേർന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി മുതൽ ന്യായീകരണ കാലാൾവരെ ഒരേ ലക്ഷ്യത്തോടെ അവർക്കു മേൽ ചാടി വീഴുന്നു.ഈ ഹിംസ നിസ്സംഗമായി നോക്കിക്കാണാൻ ഒരു മനുഷ്യ സ്‌നേഹിക്കും സാദ്ധ്യമല്ല. അനുപമയുടെയും അജിത്തിന്റെയും പോരാട്ടം വിജയിക്കുകതന്നെ വേണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണ രൂപം
അനുപമയുടെ ജീവിതപങ്കാളിയായ അജിത്തിനെപ്പറ്റി ആർക്കും എന്തും പറയാമെന്ന ഒരു ധാരണയുണ്ട്. അയാൾ തൊഴിലാളിയോ പ്രാന്തവൽകൃതനോ അസ്പൃശ്യനോ ആണ് പലർക്കും. അയാൾക്ക് നേരത്തേതന്നെ കുട്ടികളെ ചാർത്തിക്കൊടുക്കാൻ തുടങ്ങിയവരെ സോഷ്യൽ മീഡിയയിൽ കണ്ടതാണ്. ഒരു ഭാര്യയെ വിവാഹമോചനം നടത്തി അവരെ സങ്കടത്തിലാഴ്‌ത്തിയെന്ന് മനുഷ്യസ്‌നേഹപരമായ കരച്ചിലുകളും കേട്ടിരുന്നു. 'വിത്തുകാള'യെന്നും മറ്റും അധിക്ഷേപിക്കുന്ന അധമ പരാമർശങ്ങളും കണ്ടു. ഗംഭീരമാണ് കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം! അത് അടിസ്ഥാന സമുദായത്തോട് പകപോക്കുകയാണ്!
ഒരു ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച (വിവാഹമോചനം നേടിയ) ഒരു യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം. അത് തെറ്റല്ല. കാരണം അയാൾക്ക് പ്രിവിലേജുണ്ട്. മേൽപറഞ്ഞ പരാതികളോ പരാമർശങ്ങളോ ആക്ഷേപങ്ങളോ അയാൾക്കുമേൽ വരില്ല. അയാൾ വർഗസുരക്ഷ അനുഭവിക്കുന്നുണ്ട്. എം എൽ എമാരിൽ ചിലരും ആക്ഷേപത്തിന് ഇരയാവാത്തത് അവരുടെ മേൽത്തട്ട് സുരക്ഷകൊണ്ടാവണം. അജിത് പാവമൊരു 'അധകൃത'നായിപ്പോയി!
മധ്യവർഗ ഉപരിവർഗ ജീവിതങ്ങളിൽ എന്തുമാവാം! എത്രയോ പെൺകുട്ടികളുടെ പരാതികൾ എങ്ങനെ രാഷ്ട്രീയ മേലാളർ തീർപ്പാക്കിയെന്ന് നാം കണ്ടതാണ്. എത്ര നേതാക്കൾതന്നെ ഇളംപ്രായത്തിലുള്ള പെൺകുട്ടികളെ സ്‌നേഹിച്ചു വിവാഹം ചെയ്തിട്ടുണ്ട്!ആദ്യവിവാഹമല്ലാതെ, അതു നിലനിൽക്കുമ്പോൾ മറ്റു ബന്ധങ്ങളിൽ കുട്ടികളുണ്ടായവരുടെ കഥകൾ നമുക്ക് അപരിചിതമാണോ? (അതൊക്കെ ഇങ്ങനെ ആക്ഷേപിക്കപ്പെട്ടിട്ടുണ്ടോ? അവരുടെ കുട്ടികൾ ഇങ്ങനെ തട്ടിയെടുക്കപ്പെട്ടിട്ടുണ്ടോ?)
കലാ സാഹിത്യരംഗത്തും അത്തരം അനുഭവങ്ങളില്ലേ? അവിടെയൊക്കെ വീട്ടുകാരുണ്ടായിരുന്നു. അവരുടെ വേദനകളെപ്പറ്റി 'നവോത്ഥാന രാഷ്ട്രീയം' മിഴിനീർ വാർക്കുന്നതു കണ്ടിട്ടേയില്ല.അനുപമയുടെയും അജിത്തിന്റെയും ജീവിതത്തിനുമേൽ ജാതിഹിന്ദുത്വ ഫാഷിസം തന്നെയാണ് തേർവാഴ്‌ച്ച നടത്തുന്നത്.
നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളം. സർക്കാർ അധികാര സ്ഥാപനങ്ങളും സവർണ രാഷ്ട്രീയവും അടിസ്ഥാനേതര വർഗ താൽപ്പര്യങ്ങളും ചേർന്നുള്ള ഗൂഢ പദ്ധതികളാണ് അനുപമയ്ക്കും അജിത്തിനും മേൽ അരങ്ങേറുന്നത്. മുഖ്യമന്ത്രി മുതൽ ന്യായീകരണ കാലാൾവരെ ഒരേ ലക്ഷ്യത്തോടെ അവർക്കു മേൽ ചാടി വീഴുന്നു. ഈ ഹിംസ നിസ്സംഗമായി നോക്കിക്കാണാൻ ഒരു മനുഷ്യസ്‌നേഹിക്കും സാദ്ധ്യമല്ല.
അനുപമയുടെയും അജിത്തിന്റെയും പോരാട്ടം വിജയിക്കുകതന്നെ വേണം. അഭിവാദ്യം, ഐക്യദാർഢ്യം.
ആസാദ്
13 നവംബർ 2021
മറുനാടന് മലയാളി ബ്യൂറോ