തിരുവനന്തപുരം: നടി മഞ്ജു വാര്യർക്ക് മനോരമ ന്യൂസ് ചാനൽ ന്യൂസ് മേക്കർ ഓഫ് ദ ഇയർ അവാർഡ് നൽകിയിതിനോട് എതിർപ്പും അനികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ചിലർ മഞ്ജു ന്യൂസ് മേക്കറാകാൻ യോഗ്യയല്ലെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ മറിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇക്കാര്യത്തിൽ മനോരമ ന്യൂസ് ചാനലിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് സംവിധായകൻ ഡോ. ബിജുവാണ്.

നടി മഞ്ജുവാര്യർക്ക് ന്യൂസ്‌മേക്കർ അവാർഡ് നൽകിയത് സൂരാജിന്റെ കോമഡിയേക്കാൾ വലിയ കോമഡിയാണെന്നാണ് ഡോ. ബിജുവിന്റെ പരിഹാസം. ചാനൽ ഇതിലൂടെ പരിപാടിയിൽ ഉൾപ്പെടുത്തിയ മറ്റുള്ള പ്രശസ്തരെ അപമാനിക്കുകയാണ് ചെയ്തതെന്നും ഡോ. ബിജു പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ബിജുവിന്റെ പരിഹാസം.

കഴിഞ്ഞവർഷം ദേശീയ പുരസ്‌ക്കാരം നേടിയ സുരാജ് വെഞ്ഞാറന്മൂടിനെ ന്യൂസ് മേക്കറിന്റെ പട്ടികയിൽ ഉൾപ്പെടുത്താത്തത് ശരിയായില്ലെന്ന് ബിജു പറഞ്ഞു. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.കെ രാധാകൃഷ്ണനെയും ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പർ ശ്രീജേഷിനെയും പട്ടികയിൽ ഉൾപ്പെടുത്തി ചാനൽ അപമാനിക്കുകയായിരുന്നു. ന്യൂസ്‌മേക്കർ സുരാജ് ഷോയേക്കാൾ വമ്പൻ കോമഡിയായിപ്പോയെന്നും ഡോ. ബിജു പരിഹസിച്ചു.

സുരാജിന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പേരറിയാത്തവർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഡോ.ബിജു.