തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശപ്രകാരമെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തൽ പ്രതിസന്ധിയിലാക്കുന്നത് എസ്എൻഡിപിയുടെ രാഷ്ട്രീയ മോഹങ്ങളെ തകർക്കും. ഈ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ്വാമി ശാശ്വതീകാനന്ദയുടെ അമ്മ പരാതിയുമായി രംഗത്തുണ്ടായിരുന്നുവെങ്കിലും ആരും അന്ന് അത് ചെവിക്കൊണ്ടില്ല. സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനെതിരെയുള്ള ആരോപണത്തിൽ ആരും വേണ്ടത്ര ഗൗരവവും കൊടുത്തില്ല. കേരളത്തിലെ രാഷ്ട്രീയ നേതൃത്വമൊന്നും ഈ വിവാദം ഏറ്റെടുത്തില്ല. എന്നാൽ ഇടത്‌വലത് മുന്നണികളുമായി ഏറ്റുമുട്ടൽ പ്രഖ്യാപിച്ച് വെള്ളാപ്പള്ളി ബിജെപിയുമായി കൂട്ടുകൂടാൻ ഒരുങ്ങിയപ്പോൾ കാര്യങ്ങൾ മാറി. അതുകൊണ്ട് തന്നെ ബിജു രമേശിന്റെ ആരോപണങ്ങൾ സജീവ ചർച്ചയാകും.

കൊലപാതകത്തിന് തലേന്ന് തുഷാർ വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തു. ദുബായിൽ വച്ചാണ് സ്വാമിയെ തുഷാർ വെള്ളാപ്പള്ളി കയ്യേറ്റം ചെയ്തത്. മദ്യ ലഹരിയിലായിരുന്നു സ്വാമിയെ തുഷാർ വെള്ളാപ്പള്ളി ആക്രമിച്ചതെന്നും ബിജു രമേശ് ആരോപിക്കുന്നു. സ്വാമിയുടെ ശരീരത്തിൽ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നു. ഇത് തുഷാർ ആക്രമിച്ചതാണെന്ന് സ്വാമി സഹായിയോട് പറഞ്ഞു. സഹായിയായ ജോയ്‌സിനോടാണ് ശാശ്വതീകാനന്ദ സ്വാമി ഇക്കാര്യം പറഞ്ഞത്. പ്രിയൻ എന്നയാളാണ് ശാശ്വതീകാനന്ദയെ കൊന്നതെന്നും അതിനുമുമ്പ് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ ശാരീരികമായി ആക്രമിച്ചുവെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ദുബായ് പര്യടനത്തിനിടെ എസ് എൻ ട്രസ്റ്റിന്റെ കണക്കുകൾ സംബന്ധിച്ച് സ്വാമി ശാശ്വതീകാനന്ദ ആരാഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന തുഷാർ വെള്ളാപ്പള്ളി രാത്രി സ്വാമിയെ കയ്യേറ്റം ചെയ്തു. അതിനുശേഷം ബഹറിൻ പരിപാടി റദ്ദാക്കി അദ്ദേഹം ഡൽഹിയിലേക്ക് വന്നു.

ശാശ്വതീകാനന്ദയെ കൊന്നത് പ്രിയൻ എന്നയാളാണ്. പ്രിയൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല. പ്രിയൻ വാടക കൊലയാളിയാണെന്നാണ് കേട്ടത്. ഇപ്പോൾ വ്യാപാരിയാണ് പ്രിയൻ. കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യർത്ഥിച്ച് പ്രിയൻ തന്നെ ഫോണിൽ വിളിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തിൽ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസിൽ നിന്ന് രക്ഷപെടുത്താൻ സാമ്പത്തിക സഹായം നൽകിയത് വെള്ളാപ്പള്ളി നടേശനാണ്. ഡിവൈഎസ്‌പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയൻ. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡിവൈഎസ്‌പി ഷാജി തന്നോട് പറഞ്ഞു എന്നും ബിജു രമേശ് പറയുമ്പോൾ ആരോപണത്തിന്റെ ഗൗരവം കൂടുന്നു. എസ്എൻഡിപിയിലെ മൈക്രോ ഫിനാൻസിനെ കുറിച്ച് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് പുതിയ വിവാദവുമെത്തുന്നത്.

കൊലപാതകത്തിന്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും ബിജു രമേഷ് വ്യക്തമാക്കിയിട്ടുണ്ട്. കൊലയ്ക്കുശേഷം ശിവഗിരി മഠത്തിൽ നിന്ന് വെള്ളാപ്പള്ളി രേഖകൾ കടത്തിയെന്നാണ് ആരോപണം.ശാശ്വതികാനന്ദയുടെ കൊലപാതകത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശൻ സ്വാമിയുടെ മുട്ടടയിലെ താമസസ്ഥലത്തെത്തി. രേഖകളും മറ്റും കടത്താനാണ് വെള്ളാപ്പള്ളി എത്തിയത്. വിലപ്പെട്ട രേഖകൾ കാറിന്റെ ഡിക്കിയിലേക്ക് മാറ്റുന്നതിന് സാക്ഷികളുണ്ട്. എസ്എൻഡിപി യോഗം പട്ടം ശാഖ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇതിന് സാക്ഷികളാണ്. ഇവർ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. സാമ്പത്തിക തിരിമറി ആരോപണത്തേയും ഇത് ശക്തമാക്കുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ സഹോദരി കൊലപാതകത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. വെള്ളാപ്പള്ളിയുടെ പങ്ക് സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും ഇതൊന്നും ഗൗനിച്ചു പോലുമില്ല.

2002 ജൂലൈ ഒന്നിന് ആലുവ പുഴയിലാണ് സ്വാമി ശാശ്വതീകാനന്ദ മരിച്ചത്. ആലുവ അദ്വൈതാശ്രമത്തിൽ ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാനാണ് അവിടെ എത്തിയത്. രാവിലെ പുഴയിൽ കുളിക്കാൻ പോയ ശാശ്വതീകാനന്ദയെ മുങ്ങിത്താണ നിലയിലാണ് കണ്ടെത്തുകയായിരുന്നു. നന്നായി നീന്താനറിയുന്ന ആളായിരുന്നു സ്വാമി. പോസ്റ്റുമോർട്ടത്തിന്റെ ചുമതല വഹിച്ച ഡോ. സോമന് പിന്നീട് എസ്എൻഡിപി യോഗം പ്രസിഡന്റ് സ്ഥാനം ലഭിച്ചു. 2002 ജൂലൈ മൂന്നിന് എസ്എൻ ട്രസ്റ്റിന്റെ നിർണായക യോഗം നിശ്ചയിച്ചിരുന്നു. അതിനുമുമ്പുണ്ടായ സ്വാമിയുടെ മരണം നിരവധി സംശയങ്ങൾ ഉയർത്തി. ശാശ്വതീകാനന്ദയുടെ അമ്മ കൗസല്യ, സഹോദരൻ വിജയകുമാർ, സഹോദരി ശാന്തകുമാരി എന്നിവർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജിയും നൽകി. എന്നാൽ, ഹർജി കോടതി തള്ളി.

ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹതയുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ഡോ. എൻ സോമൻ ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്. ഇതിന്റെ പ്രത്യുപകാരമായാണ് വെള്ളാപ്പള്ളി നടേശൻ ഡോ. എൻ സോമനെ എസ്എൻഡിപിയോഗത്തിന്റെ പ്രസിഡന്റാക്കിയതെന്നാണ് വിമർശനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഡോ. സോമൻ പറഞ്ഞതിന് അനുസരിച്ചാണ് തയ്യാറാക്കിയതെന്നും ബിജു രമേശ് ആരോപിച്ചിട്ടുണ്ട്. വെള്ളാപ്പള്ളിക്ക് വേണ്ടപ്പെട്ടവരും ബന്ധുക്കളുമാണ് എസഎൻഡിപി നേതൃത്വത്തിലെന്ന വാദമാണ് ഇത് ശക്തമാക്കുന്നത്. സംഭവം നടക്കുമ്പോൾ എകെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അന്ന് ആത്മഹത്യയെന്ന നിലയിലാണ് അന്വേഷണം നടന്നത്. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരും അധികാരത്തിലെത്തി. തുടർന്ന് വി എസ് അച്യൂതാനന്ദൻ അധികാരത്തിലെത്തിയപ്പോഴും ഈ വിവാദം സജീവമായിരുന്നു. എന്നാൽ ആരും ഒന്നും ചെയ്തില്ല.

ശാശ്വതികാനന്ദ സ്വാമിയുടെ കൊലപാതകത്തിന് പിന്നിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുമാണെന്ന ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ പ്രതികരണങ്ങളും വന്നുതുടങ്ങി. ബിജു രമേശ് പറഞ്ഞ പ്രിയനെ അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കൂടുതൽ പ്രതികരിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എല്ലാം സിബിഐ അന്വേഷിക്കട്ടേ എന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്. അതിനിടെ ശാശ്വതികാനന്ദ സ്വാമിയെ കൊന്നതാണെങ്കിൽ അക്കാര്യം അന്വേഷിക്കണമെന്ന് സ്വാമിയുടെ സഹോദരൻ രാജൻ ആവശ്യപ്പെട്ടു.

ബിജു രമേശിന്റെ വെളിപ്പെടുത്തൽ പരിശേധിക്കണമെന്നും രാജൻ പറഞ്ഞു. അതിനിടെ ശാശ്വതീകാനന്ദയുടെ മരണത്തിൽ അന്വേഷണം ആകാമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജെആർ പത്മകുമാർ പ്രതികരിച്ചു. കേസ് കൈകാര്യം ചെയ്യാൻ അവസരം ലഭിച്ചപ്പോൾ ഒന്നും ചെയ്യാത്തവരാണ് ആരോപണത്തിന് പിന്നിലെന്നും ജെആർ പത്മകുമാർ പറഞ്ഞു. ബിജു രമേശിന്റെ പ്രതികരണത്തിൽ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങളിൽ പുതുമയില്ലെന്ന് എസ്എൻഡിപി യോഗം നേതൃത്വവും വ്യക്തമാക്കി.