- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവരണം ഇല്ലാതെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഓരോ ജാതിവിഭാഗത്തിനും ലഭിക്കുന്നതുവരെ സംവരണം തുടർന്നേ തീരൂ; അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ ആ പ്രാതിനിധ്യം കിട്ടിയ ഒരു വിഭാഗംപോലും ഇല്ല; പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരം; മുസ്ളീങ്ങളുടേയും ഈഴവരുടേയും എണ്ണത്തിലും കുറവ്; സംവരണം ഉള്ളപ്പോൾ പോലും പ്രാതിനിധ്യം ഇല്ലാതിരിക്കെ സംവരണം കൂടി ഇല്ലാതായാലോ? സംവരണ വിരുദ്ധർ വായിച്ചറിയാൻ ഡോ. ജിനേഷ് പിഎസ് എഴുതുന്നു
ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജൻ ഡോക്ടർമാരുടെ ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റിലെ വിവരങ്ങളാണ് ചിത്രത്തിൽ. (പിഎസ്‌സി റാങ്ക് ലിസ്റ്റാണ് അവലംബം) ആകെ 1971 പേരാണ് മെയിൻ റാങ്ക് ലിസ്റ്റിൽ ഉള്ളത്. അതിൽ 875 പേർ സംവരണ അർഹതയുള്ള വിഭാഗങ്ങളിൽ പെടുന്നവരാണ്. 1096 പേർ ഓപ്പൺ കാറ്റഗറിയിലും.ഏറ്റവും കൂടുതൽ ഡോക്ടർമാർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ റാങ്ക് ലിസ്റ്റാണ്. പ്രാതിനിധ്യം എല്ലാ മേഖലകൾക്കും ഉറപ്പാക്കാൻ വേണ്ടി ഉള്ള ഒന്നാണ് സംവരണമെന്ന് ഏവർക്കും അറിയാമല്ലോ. കേരളത്തിലെ ജനസംഖ്യയിൽ 2011ലെ സെൻസസ് അനുസരിച്ച്; ഹിന്ദു 54.73 %, മുസ്ലിം 26.56 %, ക്രിസ്ത്യൻ 18.38 %; ഹിന്ദു വിഭാഗത്തെ ഒന്നുകൂടി സ്പ്ലിറ്റ് ചെയ്താൽ; ഈഴവ 23 %, നായർ 14 %, പട്ടിക ജാതി 9.8 % (അതിൽ തന്നെ ഉള്ള പുലയ 3.27 %), പട്ടിക വർഗ്ഗം 1.14 %. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണം ഇല്ലാതെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ സംവരണം തുടരേണ്ടതുണ്ട്. കേരളത്തിലെ സർക്കാർ നിയമനങ്ങൾക്കായുള്ള പി എസ് സി റാങ്ക് ലിസ്റ്റിലെ നിയമന
ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സർജൻ ഡോക്ടർമാരുടെ ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റിലെ വിവരങ്ങളാണ് ചിത്രത്തിൽ. (പിഎസ്‌സി റാങ്ക് ലിസ്റ്റാണ് അവലംബം)
ആകെ 1971 പേരാണ് മെയിൻ റാങ്ക് ലിസ്റ്റിൽ ഉള്ളത്. അതിൽ 875 പേർ സംവരണ അർഹതയുള്ള വിഭാഗങ്ങളിൽ പെടുന്നവരാണ്. 1096 പേർ ഓപ്പൺ കാറ്റഗറിയിലും.ഏറ്റവും കൂടുതൽ ഡോക്ടർമാർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ റാങ്ക് ലിസ്റ്റാണ്.
പ്രാതിനിധ്യം എല്ലാ മേഖലകൾക്കും ഉറപ്പാക്കാൻ വേണ്ടി ഉള്ള ഒന്നാണ് സംവരണമെന്ന് ഏവർക്കും അറിയാമല്ലോ. കേരളത്തിലെ ജനസംഖ്യയിൽ 2011ലെ സെൻസസ് അനുസരിച്ച്; ഹിന്ദു 54.73 %, മുസ്ലിം 26.56 %, ക്രിസ്ത്യൻ 18.38 %; ഹിന്ദു വിഭാഗത്തെ ഒന്നുകൂടി സ്പ്ലിറ്റ് ചെയ്താൽ; ഈഴവ 23 %, നായർ 14 %, പട്ടിക ജാതി 9.8 % (അതിൽ തന്നെ ഉള്ള പുലയ 3.27 %), പട്ടിക വർഗ്ഗം 1.14 %. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണം ഇല്ലാതെ ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ സംവരണം തുടരേണ്ടതുണ്ട്.
കേരളത്തിലെ സർക്കാർ നിയമനങ്ങൾക്കായുള്ള പി എസ് സി റാങ്ക് ലിസ്റ്റിലെ നിയമനങ്ങളിൽ ഒരു റൊട്ടേഷൻ ചാർട്ട് ഉണ്ട്. ഓരോ നൂറ് നിയമനങ്ങൾ നടക്കുമ്പോഴും അതിൽ 50 എണ്ണം ഓപ്പൺ കാറ്റഗറി ആയിരിക്കണം, ഈഴവ/ബില്ലവ/തിയ്യ 14, മുസ്ലിം 12, LC 4, വിശ്വകർമ്മ 3, ധീവര-ഹിന്ദു നാടാർ-SIUC നാടാർ ഒരോന്ന് വീതം, ഓ ബി സി 3, പട്ടികജാതി 8, പട്ടികവർഗ്ഗം 2.
ഏറ്റവും അവസാനത്തെ അസിസ്റ്റന്റ് സർജൻ റാങ്ക് ലിസ്റ്റിൽ 1500 വരെ ഉള്ള റാങ്കുകളിലെ ജാതി തിരിച്ചുള്ള കണക്കുകൾ ഒന്ന് പരിശോധിച്ചുനോക്കൂ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉള്ള ഒരു വിഭാഗം പോലുമില്ല എന്ന് കാണാം. ജനസംഖ്യാനുപാതികമായി 9.8 % (പി എസ് സി റൊട്ടേഷൻ ചാർട്ട് പ്രകാരം 8 % സംവരണം) വേണ്ട പട്ടികജാതി വിഭാഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്.
ജനസംഖ്യാനുപാതികമായി 26 ശതമാനത്തിന് മുകളിൽ ഉണ്ടാവേണ്ട മുസ്ലിം വിഭാഗത്തിന് മെയിൻ റാങ്ക് ലിസ്റ്റിൽ പ്രാതിനിധ്യം 17.25 %. അതുപോലെ 23 % പ്രാതിനിധ്യം ലഭിക്കേണ്ട ഈഴവ വിഭാഗത്തിന് ആകെയുള്ളത് 12.58 %.
ഇനി അടുത്തകാലത്തിറങ്ങിയ മറ്റൊരു റാങ്ക് ലിസ്റ്റ് അവലോകനം ചെയ്തു നോക്കാം.
അനസ്തീഷ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർമാരുടെ റാങ്ക് ലിസ്റ്റാണ്. 103 പേരാണ് മെയിൻ ലിസ്റ്റിൽ ആകെയുള്ളത്. അതിൽ മുസ്ലിം 8, ഈഴവ 16, L C 2, S C 1, O B C 2, വിശ്വകർമ്മ 3, SIUC നാടാർ 1; ഓപ്പൺ കാറ്റഗറി 70.
പെട്ടെന്ന് ലഭിച്ച രണ്ട് ഉദാഹരണങ്ങൾ പറഞ്ഞു എന്നേ ഉള്ളൂ. കൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ കേരള പിഎസ്‌സി വെബ്‌സൈറ്റിൽ കയറി മെഡിക്കൽ വിഭാഗത്തിലെ നോട്ടിഫിക്കേഷൻ നോക്കിയാൽമതി. ഒട്ടുമിക്ക ഡിപ്പാർട്ടുമെന്റുകളിലും വിവിധ ജാതികളിൽ എൻ സി എ വിളിച്ചിട്ടുണ്ട്. അതായത് ജനറൽ വിഭാഗത്തിലേക്ക് നോട്ടിഫിക്കേഷൻ വിളിച്ചിട്ട് സംവരണ വിഭാഗത്തിൽ ആവശ്യത്തിന് എണ്ണം ഇല്ലാതെ വരുന്നതിനാൽ വിളിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും പല സ്‌പെഷ്യാലിറ്റികളിലും എൻസിഎ വിളിക്കുന്നുണ്ട്.
സംവരണം ഉള്ള അവസ്ഥയിൽ പോലും പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുന്നില്ല എന്നു ചുരുക്കം. ഇങ്ങനെ ഒരു അവസ്ഥയിൽ സംവരണം ഇല്ലാതാകുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല.
കേരള ജനസംഖ്യ ഏതാണ്ട് 3.33 കോടി. ഇതിൽ ദളിത്-ആദിവാസി സമൂഹം ഏകദേശം 10.94%. അതായത് 36.6 ലക്ഷം. ഇവർക്ക് ഭൂസ്വത്തില്ല. ലോക്കറിൽ സ്വർണ്ണമില്ല. താരതമ്യം ചെയ്താൽ വ്യാപാരമോ വ്യവസായമോ ഇല്ല. 97% വരുന്ന സ്വകാര്യമേഖലയിൽ ഇവരുടെ പ്രാതിനിധ്യം പരമ ദയനീയം.
ഏറ്റവും മോശമായ സാമൂഹ്യ-ആരോഗ്യ ചുറ്റുപാടുകൾ ഇവരുടേതാണ്. കുപ്രസിദ്ധമായ 'സൊമാലിയ' തോതിലുള്ള ശിശുമരണ നിരക്കുകൾ ആദിവാസി സമൂഹത്തിലുണ്ടെന്ന് പലരും പ്രസ്താവിച്ചതോർമ്മയില്ലേ ? ഇതൊക്കെ നോക്കുമ്പോൾ ജനസംഖ്യയിൽ ഒരുപക്ഷെ ഇതിലും വളരെ കൂടുതൽ ഉണ്ടാവേണ്ടിയിരുന്ന ഈ സമൂഹത്തെ ദയനീയമായ സാഹചര്യങ്ങളും വിഭവങ്ങളുടെ അഭാവവും (shortage of resources) വഴി ഇന്നത്തെ വെറും 10.94% ത്തിലേക്ക് ഒതുക്കി എന്ന് തന്നെ പറയേണ്ടിവരും.
കേരളത്തിലെ സംവരണം ബാധകമായ സർക്കാർ ജോലികൾ 2 ലക്ഷം എന്ന് വയ്ക്കുക (കണക്ക് കൃത്യമല്ല, കൃത്യമായി അറിയുന്നവർ പറഞ്ഞുതരണം എന്നപേക്ഷിക്കുന്നു). അതിൽ 10% ആണ് ഇവരുടെ അവകാശം. അതായത് 20000 സർക്കാർ ജോലികൾ. കായികമായ അധ്വാനം അല്ലാതെ കാര്യമായ മറ്റൊരു സാമ്പത്തിക സോഴ്‌സും കൈവശം ഇല്ലാത്ത 36 ലക്ഷത്തോളം വരുന്ന ഈ വിഭാഗത്തിന് ലഭിക്കുന്നത് പ്യൂൺ തസ്തികകൾ ഉൾപ്പെടെ 20000 സർക്കാർ ജോലിയാണ്. അതായത് ഈ സമൂഹത്തിൽ 0.60 % ൽ താഴെ ആളുകൾക്ക്.
ഈ പറഞ്ഞ 20000 സർക്കാർ ജോലികളിൽ ഒരു വർഷം വരുന്ന ഒഴിവുകളിലാണ് തൊഴിലന്വേഷകർക്ക് അപേക്ഷിക്കാൻ പറ്റുക! യുക്തിവാദി ആവുമ്പോൾ തന്നെ ഒരാൾ സമൂഹത്തിൽ അയാൾക്ക് അർഹതപ്പെട്ട പലതും ത്യജിക്കുന്നു; അക്കൂട്ടത്തിൽ ജാതിയുടെ പേരിൽ കിട്ടുന്ന സംവരണം കൂടെ വേണ്ടെന്നു വയ്ക്കണം എന്ന വാദം ശരിയാണോ ?
ഒരുവശത്ത് കേരളത്തിൽ ജാതി വിവേചനം ഇല്ല എന്ന് പറയുന്നു. അതായത് മനസ്സിൽ ജാതി ഉണ്ടെങ്കിലും, മനസ്സിലുള്ള ജാതിവിവേചനം പുറത്തു കാണിക്കാതെ ദളിതരെ തുല്യരായി കാണുന്ന ഒരു സമൂഹമായിരിക്കണം എന്ന്. മറ്റു രീതിയിൽ പറഞ്ഞാൽ നിയമപരമായി കിട്ടേണ്ട അവകാശങ്ങൾ എല്ലാം സ്വമേധയാ ദളിതർക്കു കൊടുക്കുകയും അവസരങ്ങളിൽ വിവേചനം കാണിക്കാതിരിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മൾ എന്നാണ് വാദം.
അങ്ങനെയുള്ള ഒരു സമൂഹം യുക്തിവാദികൾക്ക് മാത്രമായി അവകാശങ്ങൾ നിഷേധിക്കുമോ?
വീട്ടുകാരെ പ്രീതിപ്പെടുത്താൻ മതാചാരപ്രകാരം ക്ഷേത്രത്തിലും പള്ളിയിലും വിവാഹം കഴിക്കുന്നതും മറ്റും യുക്തിവാദികളിൽ പലരും ചെയ്യുന്നതാണ്. കാരണം അതെല്ലാം സമൂഹം അടിച്ചേൽപ്പിക്കുന്നതാണ്. വ്യക്തി എന്ന നിലയിൽ ഉയർന്ന യുക്തിബോധത്തോടെ ജീവിതം നയിക്കുന്നവർക്ക് പോലും സമൂഹത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിയാൻ അത്ര എളുപ്പമല്ല.
ആ സാഹചര്യത്തിൽ നിയമപരമായി, സർക്കാർ കൊടുക്കുന്ന അവകാശങ്ങൾ (ഔദാര്യമല്ല) വാങ്ങുന്നവരെ പരിഹസിക്കുന്നതും യുക്തിവാദിയാവാൻ യോഗ്യതയില്ല എന്ന് പറയുന്നതും ശരിയല്ല എന്നാണഭിപ്രായം.
മറ്റൊരർത്ഥത്തിൽ സർക്കാർ ജോലി തന്നെ ഒരു കവചമല്ലേ? സ്വകാര്യ മേഖലയിൽ ലഭിക്കുന്ന ശമ്പളത്തിന്റെ പല മടങ്ങ് സർക്കാർ മേഖലയിൽ ജോലിചെയ്യുന്നവർക്ക് കിട്ടുന്നു. 56 വയസ്സിൽ റിട്ടയർമെന്റ് കഴിഞ്ഞാൽ ജീവിത കാലം മുഴുവൻ പെൻഷനും കിട്ടുന്നു. 25 വർഷം മുൻപ് 3000 ശമ്പളത്തിൽ സർക്കാർ ജോലിയിൽ നിന്ന് പിരിഞ്ഞ സ്‌കൂൾ അദ്ധ്യാപകന് ഇന്ന് കിട്ടുന്ന പെൻഷൻ 20000 ത്തിനു മുകളിൽ വരും. ക്ലാർക് മുതൽ, ഡ്രൈവർ, നേഴ്‌സ്, എഞ്ചിനീയർ, ഡോക്ടർ തുടങ്ങി മിക്കവാറും എല്ലാ തസ്തികകളിലും ഇതൊക്കെത്തന്നെ സ്ഥിതി.
'തുല്യ ജോലിക്ക് തുല്യ വേതനം' എന്നത് ഏതൊരു സമൂഹത്തിലും പാലിക്കേണ്ട മര്യാദ അല്ലേ? സർക്കാർ മേഖലയുമായി താരതമ്യം ചെയ്താൽ സ്വകാര്യമേഖലയിലെ ശമ്പളം വളരെ താഴ്ന്നതാണ് എന്നറിയാമല്ലോ? അതിനൊക്കെ വളരെ മുകളിൽ കിട്ടുന്ന ആനുകൂല്യങ്ങൾ സർക്കാർ കൊടുക്കുന്ന ഔദാര്യമായി കാണാനാകുമോ?
സംഘടിത തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശക്തി ഉപയോഗിച്ച് പിടിച്ചു വാങ്ങിയതാണ് സർക്കാർ മേഖലയിലെ അർഹതപ്പെട്ട ശമ്പളവും അവകാശങ്ങളും. സമൂഹത്തിലെ ബഹുഭൂരിപക്ഷം ആൾക്കാരുടെയും ശമ്പളം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും കുറവാണ് എന്നുള്ളതുകൊണ്ട് സർക്കാർ നൽകുന്ന ഉയർന്ന (അർഹതപ്പെട്ട) ശമ്പളം സർക്കാർ ജോലി ചെയ്യുന്ന യുക്തിവാദികൾ വാങ്ങാതിരിക്കുന്നില്ലല്ലോ.
പലപ്പോഴും പലരും ഉന്നയിക്കുന്ന മറ്റൊരു വിഷയമാണ് ഒരാൾക്ക് രണ്ടോ മൂന്നോ തവണ സംവരണം കൊടുക്കേണ്ടതുണ്ടോ എന്നുള്ളത്. അതിന്റെയും ഉത്തരം മുകളിൽ ആദ്യം പറഞ്ഞ കണക്കുകൾ തന്നെയാണ്. മെഡിക്കൽ വിദ്യാഭ്യാസത്തിലും റാങ്ക് ലിസ്റ്റിലും സംവരണം നൽകുന്ന സാഹചര്യമുണ്ടായിട്ട് പോലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിക്കുന്നില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കുറച്ചുപേരെ മാറ്റിനിർത്തിയാൽ അവസ്ഥ കൂടുതൽ പരിതാപകരമാകും.
നമ്മൾ മുകളിൽ പറഞ്ഞതൊക്കെ 2011ലെ സെൻസസ് അനുസരിച്ചുള്ള ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തെ കുറിച്ചാണ്. പിഎസ്‌സി അപേക്ഷ അയക്കുന്ന ഏജ് ഗ്രൂപ്പിൽ അതുതന്നെയാണോ ഇന്നത്തെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എന്നുറപ്പില്ല. അതിൽ സാരമായ വ്യത്യാസം വരാൻ സാധ്യതയുണ്ട് എന്നാണ് എന്റെ അഭിപ്രായം.
മറ്റൊരു പ്രധാന ആർഗ്യുമെന്റാണ് യോഗ്യതയില്ലാത്തവർ സംവരണം ഉപയോഗിച്ച് ജോലി കരസ്ഥമാക്കുന്നു എന്നുള്ളത്. സാധാരണഗതിയിൽ വളരെ തെറ്റായ ഒരു ആരോപണമാണിത്. ഉദാഹരണമായി അസിസ്റ്റന്റ് സർജൻ അല്ലെങ്കിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയുടെ അടിസ്ഥാനയോഗ്യത എംബിബിഎസ് ആണ്. എംബിബിഎസ് യോഗ്യതയില്ലാത്ത ആർക്കും അസിസ്റ്റന്റ് സർജൻ തസ്തികയിൽ നിയമനം ലഭിക്കില്ല. അതുപോലെതന്നെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ പിജി നിർബന്ധമാണ്. പിജി ഇല്ലാത്ത ആർക്കും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിയമനം ലഭിക്കില്ല.
കേരളത്തിലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മാത്രമുള്ള ഒന്നാണ് ലക്ചറർ (ഈ തരത്തിൽ) തസ്തിക, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിജി യോഗ്യത വേണമെന്ന് നിഷ്‌കർഷിക്കുമ്പോഴും കേരളത്തിൽ എംബിബിഎസ് യോഗ്യത മതി എന്നാണ് സർക്കാർ ഉത്തരവ്. എങ്കിലും പിജി ഉള്ള ഡോക്ടർമാരുടെ അഭാവത്തിൽ മാത്രമേ എംബിബിഎസ് യോഗ്യതയുള്ളവരെ പരിഗണിക്കുകയുള്ളൂ എന്നാണ് സർക്കാർ ഉത്തരവ്.
കേരളത്തിൽ ആകെയുള്ള ജോലികളിൽ ഏതാണ്ട് മൂന്ന് ശതമാനം മാത്രമാണ് സർക്കാർ ജോലിയായുള്ളത്. (കൃത്യമായ കണക്കുകൾ അറിയുന്നവർ പറഞ്ഞുതരണം എന്നപേക്ഷിക്കുന്നു.) അതായത് കേരളത്തിൽ ആകെയുള്ള ജോലികളിൽ ഏതാണ്ട് ഒന്നര ശതമാനത്തിൽ മാത്രമാണ് സംവരണം നിലവിലുള്ളത്. സർക്കാർ ശമ്പളം നൽകുന്ന എയ്ഡഡ് മേഖലയിൽ പോലും സംവരണ വ്യവസ്ഥകളില്ല.
കേരളത്തിലെ പൊതുവായ സാഹചര്യത്തിൽ വമ്പൻ ഭൂവുടമകളും ഏറ്റവും സമ്പന്നരായവരും ഒക്കെ ഭൂരിപക്ഷവും സംവരണ വിഭാഗങ്ങളിൽപ്പെടുന്നവരല്ല. മാത്രമല്ല പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം എങ്ങും ലഭിക്കുന്നുമില്ല. ജോലിയെ തരം തിരിക്കുകയാണെങ്കിൽ മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന ജോലികൾ ചെയ്യുന്നത് ഈ വിഭാഗമാണ് എന്നും കാണാം. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ട് എന്ന് നാം പറയുമെങ്കിലും, മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന പല ജോലികളും ഉണ്ട് എന്നുള്ളത് വസ്തുതയാണ്.
മതവും ജാതിയും അല്ല മനുഷ്യത്വവും മാനവികതയുമാണ് വേണ്ടത് എന്ന് നമുക്ക് ഏവർക്കും അറിയാം. അങ്ങനെ എങ്കിൽ, ജാതിവ്യവസ്ഥയിൽ ഊന്നിയ സാഹചര്യങ്ങൾ കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് സമൂഹത്തിന്റെ ഘടനാപരമായ തട്ടുകളിൽ മുകളിലെത്താൻ കൈത്താങ്ങാവേണ്ടേതുണ്ട്. സാമൂഹിക അസമത്വങ്ങൾ മൂലം അവസരങ്ങളിൽ പുറകിൽ പോയവർക്ക് ആ സാമൂഹ്യനീതി നൽകുക എന്നുള്ളതാണ് സംവരണത്തിന്റെ ലക്ഷ്യം. സംവരണം ഒരിക്കലും 100% പൂർണമാണ് എന്നു പറയാനാവില്ല, അതായത് സംവരണം കൊണ്ട് ഈ ലക്ഷ്യങ്ങളെല്ലാം നേടും എന്ന് ഉറപ്പു പറയാനാവില്ല. പക്ഷേ ഇതിന് മറ്റൊരു പോംവഴിയില്ല എന്നുള്ളതാണ് യാഥാർത്ഥ്യം. നിലവിൽ പോലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം റാങ്ക് ലിസ്റ്റുകളിൽ ലഭിക്കാത്ത വിഭാഗങ്ങൾക്ക് സംവരണം കൂടി എടുത്തു കളഞ്ഞാൽ എങ്ങനെ സാമൂഹികസമത്വം ഉണ്ടാകും എന്നുള്ളതാണ് ചോദ്യം.
ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ സ്ഥലങ്ങളിലും ലഭിക്കുന്ന സാഹചര്യത്തിൽ സംവരണം ഒഴിവാക്കുക തന്നെ വേണം. പക്ഷേ അങ്ങനെയൊരു സാഹചര്യം ഉണ്ടാവുന്നതുവരെ സംവരണം ഒഴിവാക്കിയാൽ, പാർശ്വവൽക്കരിക്കപ്പെട്ടവർ വീണ്ടും പാർശ്വവൽക്കരിക്കപ്പെട്ടുകൊണ്ട് തന്നെയിരിക്കും. അവരോടൊത്തു നിൽക്കുക എന്നുള്ളതാണ് മാനവികത.
മെഡിക്കൽ മേഖലയിലെ ചില റാങ്ക് ലിസ്റ്റുകൾ മാത്രമേ ഞാൻ അവലോകനം ചെയ്തിട്ടുള്ളൂ. മറ്റുമേഖലകളിലെ റാങ്ക് ലിസ്റ്റുകൾ അവലോകനം ചെയ്തിട്ടില്ല എന്നുള്ള ഒരു കുറവുണ്ട്. എങ്കിലും മെഡിക്കൽ മേഖലയിലെ റാങ്ക് ലിസ്റ്റുകൾ അവലോകനം ചെയ്യുമ്പോൾ മുന്നിൽകാണുന്ന വിഷയങ്ങൾ ഇതൊക്കെയാണ്. ഈ കുറിപ്പിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടണം എന്നപേക്ഷിക്കുന്നു.
(ഡോ. ജിനേഷ് പിഎസ് ഫേസ്‌ബുക്കിൽ കുറിച്ചത്)