- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സൗമ്യക്ക് നീതി നിഷേധിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ ബാലിശമായ നിഗമനങ്ങൾ സൗമ്യക്ക് നീതി നിഷേധിച്ചു; ഗോവിന്ദച്ചാമിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയ ഡോ. ഹിതേഷ് ശങ്കർ എഴുതുന്നു
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളാണെന്ന് വിലയിരുത്തുന്നു. ഡോ. ഷേർളി വാസു അല്ല പോസ്റ്റുമോർട്ടം ചെയ്തതെന്ന് വിചാരണാ വേളയിൽ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പരമോന്നത കോടതിയുടെ വിധി. പോസ്റ്റുമോർട്ടം പരിശോധന പൂർണ്ണമായും നടത്തിയ ഡോക്ടർക്ക് മാത്രമേ ആ കേസിന്റെ മുഴുവൻ സത്യവും പറയാനാകൂ. സൗമ്യക്കേസിൽ ദൃക്‌സാക്ഷികൾ ഇല്ലെന്നിരിക്കെ ശാസ്ത്രീയ തെളിവുകൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതെല്ലാം കൂട്ടിയിണക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വേണം കരുതാൻ. 2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തത്. ഫെബ്രുവരി രണ്ടിന് തന്നെ ഗോവിന്ദച്ചാമി പിടിയിലായി. ഫെബ്രുവരി മൂന്നിന് വൈദ്യപരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ആ സമയം ഞാനാണ് ഗോവിന്ദച്ചാമിയെ പരിശോധിച്ചത്. പരിശോധനാ സമയത്ത് ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ രേഖപ്പെടുത്തുകയും ആ മുറിവുകളുടെ പ്രായവും രീതിയും
സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഒഴിവായത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വൈരുദ്ധ്യങ്ങളാണെന്ന് വിലയിരുത്തുന്നു. ഡോ. ഷേർളി വാസു അല്ല പോസ്റ്റുമോർട്ടം ചെയ്തതെന്ന് വിചാരണാ വേളയിൽ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പരമോന്നത കോടതിയുടെ വിധി. പോസ്റ്റുമോർട്ടം പരിശോധന പൂർണ്ണമായും നടത്തിയ ഡോക്ടർക്ക് മാത്രമേ ആ കേസിന്റെ മുഴുവൻ സത്യവും പറയാനാകൂ. സൗമ്യക്കേസിൽ ദൃക്‌സാക്ഷികൾ ഇല്ലെന്നിരിക്കെ ശാസ്ത്രീയ തെളിവുകൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ഇതെല്ലാം കൂട്ടിയിണക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നു വേണം കരുതാൻ.
2011 ഫെബ്രുവരി ഒന്നിനാണ് സൗമ്യയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് ക്രൂരമായി ബലാൽസംഗം ചെയ്തത്. ഫെബ്രുവരി രണ്ടിന് തന്നെ ഗോവിന്ദച്ചാമി പിടിയിലായി. ഫെബ്രുവരി മൂന്നിന് വൈദ്യപരിശോധനയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ആ സമയം ഞാനാണ് ഗോവിന്ദച്ചാമിയെ പരിശോധിച്ചത്. പരിശോധനാ സമയത്ത് ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ രേഖപ്പെടുത്തുകയും ആ മുറിവുകളുടെ പ്രായവും രീതിയും സാഹചര്യവും രേഖപ്പെടുത്തിയിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്നതിന് ഗോവിന്ദച്ചാമി തന്ന മറുപടി ഹിസ്റ്ററി അസ് സ്റ്റേറ്റഡ് ബൈ സബ്ജക്റ്റ് എന്ന തലക്കെട്ടിൽ രേഖപ്പെടുത്തി. അത് പിന്നീട് കീഴ്‌ക്കോടതിയിൽ എക്‌സ്ട്രാ ജുഡീഷ്യൽ കൺഫെഷൻ ആയി അംഗീകരിച്ചു.
ഡി.എൻ.എ പരിശോധനയ്ക്കായി വനിതാ ടെക്‌നീഷ്യൻ രക്തം എടുത്തപ്പോൾ ഉണ്ടായ ഉദ്ധാരണവും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ബലാൽസംഗം തെളിയിക്കാൻ പര്യാപ്തമായ തെളിവുകൾ സൗമ്യയുടെ ശരീരത്തിൽ നിന്നും ചികിത്സാ സമയത്ത് ശേഖരിച്ചിരുന്നു. ഗോവിന്ദച്ചാമിയുടെ ശരീരത്തിലെ മുറിവുകളും ഹിസ്റ്ററിയും ശക്തമായ ക്രോസ് എക്‌സാമിനേഷന് വിധേയമാവുകയും ചെയ്തു. ഒരു കണ്ണി പോലും വിട്ടുപോകാതെ അത് തെളിയിക്കാൻ ശാസ്ത്രീയമായി കഴിഞ്ഞതു കൊണ്ടാണ് ബലാൽസംഗം തെളിയിക്കപ്പെട്ടതും സുപ്രീം കോടതി ശരി വച്ചതും.
കൊലപാതക കേസിലേക്ക് വന്നാൽ
സൗമ്യയുടെ യഥാർത്ഥ മരണകാരണവും ശരീരത്തിലെ മറ്റു മുറിവുകളും സസൂക്ഷ്മം പരിശോധിച്ച് രേഖപ്പെടുത്തി അന്വേഷണ ഉദ്യോഗസ്ഥനുമായി ആശയവിനിമയം നടത്തിയാകണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്. പൂർണ്ണമായും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർക്ക് മാത്രമേ അതിന് സാദ്ധ്യമാകൂ. കോടതിയിൽ സമർപ്പിച്ച രേഖയിൽ ഉണ്ടായ വൈരുദ്ധ്യങ്ങൾ ചുവടെ.
കേരള പൊലീസ് ഫോം 102ൽ
പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പറഞ്ഞ് ഫോറൻസിക് ഡോക്ടർക്ക് കൈമാറുന്ന രേഖയാണ് കേരള പൊലീസ് ഫോം 102. ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് അതിൽ പൊലീസ് പറഞ്ഞിരിക്കുന്നത്. ഗോവിന്ദച്ചാമി പരിശോധനാ വേളയിൽ നടത്തിയ കുറ്റസമ്മതവും അതു തന്നെയായിരുന്നു. ദൃക്‌സാക്ഷികളുടെ മൊഴി എടുത്തുചാടിയെന്ന വിധത്തിലായിരുന്നു. മറ്റൊരു കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്ന വ്യക്തി സൗമ്യ ചാടുന്നതാണോ തള്ളിയിട്ടതാണോ എന്ന് വ്യക്തമായി രാത്രിയോട് അടുക്കുന്ന സമയത്ത് കണ്ടതെങ്ങനെയെന്ന് വ്യക്തമല്ല. ആ മൊഴിയുടെ പോരായ്മ കീഴ്‌ക്കോടതിയിൽ തന്നെ പരിശോധിക്കപ്പെടണമായിരുന്നു. അത് പ്രോസിക്യൂഷന്റെ വലിയ പരാജയമാണ്.
ഡോ. ഷേർളി വാസുവിന്റെ നിഗമനം അനുസരിച്ച് ട്രെയിനിൽ വച്ച് നാലോ അഞ്ചോ തവണ സൗമ്യയുടെ തല ഭിത്തിയിലിടിച്ച് ബോധക്ഷയം ഉണ്ടാക്കിയതിന് ശേഷം ട്രെയിനിൽ നിന്നും എടുത്തെറിഞ്ഞു എന്നതാണ്. കൊല്ലാനുള്ള പ്രതിയുടെ ഉദ്ദേശ്യം തെളിയിക്കാൻ വേണ്ടി കഥാകാരിയായ ഡോ. ഷേർളി വാസുവിന്റെ മനസിൽ തോന്നിയ ബാലിശമായ നിഗമനം സൗമ്യക്ക് നീതി നിഷേധിച്ചുവെന്ന് വേണം കരുതാൻ.
ഡോ. ഷേർളി വാസു ശ്രദ്ധിക്കാതെ പോയത്
മോഷണശ്രമത്തിനുള്ളിൽ സൗമ്യയുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ ആണ് ഗോവിന്ദച്ചാമിക്ക് ഉത്തേജനമുണ്ടായത്. ആദ്യലക്ഷണം മോഷണമായിരുന്നു. പിന്നീട് ബലാൽസംഗമായി. ബലാൽസംഗത്തിൽ നിന്നും രക്ഷപെടാൻ ഡോറിന്റെ അടുത്തേക്ക് ഓടിയ സൗമ്യയെ പിൻതുടർന്ന് ഗോവിന്ദച്ചാമി തള്ളിയിടുകയായിരുന്നു. പത്തോ പതിനഞ്ചോ കിലോമീറ്റർ വേഗത്തിൽ പോകുന്ന ട്രെയിനിൽ നിന്നും വീണാലും ചാടിയാലും അധികം പരിക്കുകൾ ഉണ്ടാകണമെന്നില്ല. എന്നാൽ തള്ളിയിടുമ്പോൾ വേറെ ഒരു ഫോഴ്‌സ് കൂടി ഉണ്ടാവുകയും അത് കൂടുതൽ ഗുരുതരമായ മുറിവ് ഉണ്ടാക്കുകയും ചെയ്യും. സൗമ്യയുടെ ശരീരത്തിലെ ആദ്യത്തെ മുറിവ് വീഴുമ്പോൾ ഉണ്ടായതും, രണ്ടാമത്തേത് ഗോവിന്ദച്ചാമി ബലാൽസംഗത്തിന് ശേഷം കല്ലുകൊണ്ട് അടിച്ചതുമാണ്. രണ്ടാമത്തെ മുറിവിന് കാരണം ഗോവിന്ദച്ചാമിയാണ്. തലയ്ക്ക് അടിച്ചാൽ മരിക്കുമെന്ന് ഏതൊരാൾക്കും അറിയാം.
അപ്പോൾ അടിച്ചത് വഴി കൊല്ലാനുള്ള ഉദ്ദേശ്യവും കൊല്ലപ്പെടുമെന്ന ഗോവിന്ദച്ചാമിയുടെ അറിവും തെളിയിക്കപ്പെടുമായിരുന്നു. ട്രെയിനിൽ സൗമ്യയുടെ തല തവണ ഇടിച്ച് അബോധാവസ്ഥയിലാക്കി എന്ന ഡോ. ഷേർളിയുടെ തെറ്റായ റിപ്പോർട്ട് മുഖാന്തിരം അതിക്രൂരനായ ഒരു നരാധമന് കിട്ടേണ്ട തക്ക ശിക്ഷയാണ് ഇല്ലാതായത്. മരണകാരണം ശ്വാസനാളത്തിലേക്ക് രക്തം കയറിയതാണെന്ന ഡോ. ഷേർളിയുടെ റിപ്പോർട്ടും വിനയായി. ശ്വാസനാളത്തിലേക്ക് രക്തം കയറുന്നത് മരണകാരണമാകുമെന്ന് സാധാരണക്കാർക്ക് അറിയാൻ കഴിയില്ല എന്ന സുപ്രീം കോടതിയുടെ പരാമർശത്തിന് വഴിവച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പാകപ്പിഴയാണ്. ശ്വാസനാളത്തിലേക്ക് രക്തം കയറുന്നതിന് ഇടയാക്കിയത് ഗോവിന്ദച്ചാമി ഉണ്ടാക്കിയ ഒന്നും രണ്ടും മുറിവുകളുടെ ഫലമാണ്. അസ്പിരേഷൻ ഒഫ് ബ്ലഡ് എന്ന പരാമർശം ഇല്ലെങ്കിലും ഒന്നും രണ്ടും മുറിവുകൾ കൊണ്ട് മരണത്തിന് കാരണമാകുമെന്ന് കീഴ്‌ക്കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സുപ്രീം കോടതിയിലെ ഈ പരാമർശം ഒഴിവാക്കാമായിരുന്നു.
കൊലപാതകക്കുറ്റം (302) തെളിയിക്കപ്പെടുമായിരുന്നു.
പെൺകുട്ടിയുടെ തൊണ്ടയിൽ നിന്നും രക്തസ്രവം കണ്ടെത്തിയെന്ന് ഡോ. ഷേർളി വാസുവിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ആറു ദിവസത്തോളം ന്യൂറോ സർജറി വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ അതീവശ്രദ്ധയോടെ പരിചരിക്കപ്പെട്ട സൗമ്യയുടെ തൊണ്ടയിൽ നിന്നും ഈവിധം സ്രവം കണ്ടെത്തിയെന്നത് പരിഹാസ്യമായ പരാമർശമാണ്.
പൊലീസും തെറ്റിദ്ധരിക്കപ്പെട്ടു
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രോസിക്യൂട്ടറും ഡോ. ഷേർളി വാസുവും ശ്രമിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ടാണ് അന്വേഷണ സംഘത്തിന് യഥാർത്ഥ സംഭവം കൃത്യമായി കോടതിയെ ബോധിപ്പിക്കാൻ കഴിയാതെ വന്നത്. ഇതിനാൽ ഡോ. ഷേർളി വാസുവും അഡ്വ. സുരേശനും ചേർന്ന് ഉണ്ടാക്കിയ കഥയാണ് എല്ലാവരും വിശ്വസിച്ചത്. മീഡിയ ആക്ടീവിസം കൂടിയായപ്പോൾ കീഴ്‌ക്കോടതിയിലെ വിജയം എളുപ്പമായോ എന്നതും പരിശോധിക്കപ്പെടേണ്ട വസ്തുതയാണ്. സത്യം എത്ര മൂടിവച്ചാലും മറനീക്കി പുറത്തുവരും എന്നത് തന്നെ സൗമ്യക്കേസിലും സംഭവിച്ചു. സത്യത്തിൽ നിന്നും മാറി കെട്ടുകഥയുടെ വഴിയേ സഞ്ചരിച്ച പ്രോസിക്യൂഷന് പരാജയം രുചിച്ചു. എന്നാൽ അതിന് സമൂഹം വളരെ വലിയ വില നൽകേണ്ടിവന്നു എന്നുമാത്രം.
ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം മുഴുവനായി ഗ്രഹിച്ചിട്ടില്ല എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞാണ് ഡോ. ഷേർളി മോർച്ചറിയിൽ എത്തിയത്. അപ്പോഴേക്കും ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദും കേസ് തുടങ്ങിക്കഴിഞ്ഞിരുന്നു. മുറിവുകൾ എല്ലാം രേഖപ്പെടുത്തിയിരുന്നു. ബ്രെയിൻ മാത്രമാണ് ഡോ. ഷേർളി വാസുവിന് പരിശോധിക്കാനായത്. തുടക്കം മുതൽ എടുത്ത ഫോട്ടോ നോക്കിയാണ് ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം റിപ്പോർട്ട് തയ്യാറാക്കിയത് എന്നാണ് മനസിലാകുന്നത്. ഡോ. സഞ്ജയ് എന്ന അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ചിത്രങ്ങൾ പകർത്തിയിരുന്നത്. യഥാർത്ഥത്തിൽ പോസ്റ്റുമോർട്ടം ചെയ്ത ഡോ. ഉന്മേഷും ഡോ. രാജേന്ദ്രപ്രസാദും സമർപ്പിച്ച റിപ്പോർട്ട് ഇനിയും കണ്ടെത്തിയിട്ടില്ല.
ഇതിന്റെ സോഫ്ട് കോപ്പി ഡിപ്പാർട്ട്‌മെന്റിലെ ഹാർഡ് ഡിസ്‌കിൽ ഉണ്ടെന്ന് വിശ്വസിക്കുന്നു. പ്രിന്റ് കോപ്പി ഡോ. ഷേർളി വാസു കീറിക്കളഞ്ഞിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഡോ. ഉന്മേഷിന്റെ അഭിപ്രായത്തിൽ മരണകാരണം തലയ്‌ക്കേറ്റ പരിക്ക് ആണ്. തലയ്‌ക്കേറ്റ രണ്ടു മുറിവുകൾ മരണത്തിന് ഇടയാക്കിയെന്നും ശരീരത്തിലേറ്റ മറ്റു മുറിവുകൾ ബലാൽസംഗം ചെയ്തപ്പോൾ ഉണ്ടായതാണ് എന്നുമായിരുന്നു അതിന്റെ ഉള്ളടക്കം.
ഇത് യഥാർത്ഥ സംഭവം, കെട്ടുകഥയല്ല...
എ ഫൊറൻസിക് സർജൻ ഷുഡ് നോ ഹിസ് ഓർ ഹേർ ലിമിറ്റേഷൻസ്, ദെൻ ഓൻലി തിങ്ക് പോസിബിലിറ്റീസ് എന്ന് ഡോ. ചന്ദ്രൻ സർ പഠിപ്പിച്ചതാണ് എനിക്ക് ഓർമ്മ വരുന്നത്. ഡോ. ഉന്മേഷിനെ ശിക്ഷിക്കാനായിരുന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ. സുരേശനും ഡോ. ഷേർളി വാസുവിനും കൂടുതൽ ആഗ്രഹം. ഡോ. ഉന്മേഷിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കി വിസ്തരിച്ചിരുന്നെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു.
പി.ഡബ്ലിയു 64 അതായത് ഡോ. ഷേർളി വാസുവിന്റെ മൊഴിയിൽ തന്നെയുള്ള വൈരുദ്ധ്യമാണ് ഗോവിന്ദച്ചാമിക്ക് തൂക്കുകയർ ഒഴിവാക്കിക്കൊടുത്തത്. ഇതൊരു കഥയല്ലെന്നും യഥാർത്ഥ സംഭവമാണെന്നുമുള്ള ഉൾക്കാഴ്ച അവർക്കില്ലാതെ പോയി. അവരെ വിശ്വസിച്ച പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടറും യഥാർത്ഥ സംഭവം കോടതിയിൽ അവതരിപ്പിക്കാൻ ശ്രമിച്ചില്ല. കേസ് നന്നായി പഠിച്ചിരുന്നെങ്കിൽ പ്രോസിക്യൂട്ടർക്ക് മനസിലാക്കാൻ കഴിയുമായിരുന്നു. പക്ഷെ, അദ്ദേഹം പഠിച്ചത് ഡോ. ഷേർളി വാസുവിന്റെ കെട്ടുകഥകളായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമ്പോൾ അതിന്റെ ചിത്രങ്ങൾ ഒപ്പമുണ്ടായിരുന്നില്ല. മറിച്ച് വിചാരണാ വേളയിലായിരുന്നു ചിത്രങ്ങൾ ഹാജരാക്കിയത്. ഡോ. ഷേർളി വാസു പോസ്റ്റുമോർട്ടം ചെയ്തുവെന്ന് തെളിയിക്കുക കൂടിയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. മോർച്ചറിയിൽ ഏറ്റവും ഒടുവിൽ എത്തിയ ഡോ. ഷേർളി വാസു കൈകളിൽ ഗ്ലൗസിട്ട് ബ്രെയിൻ പരിശോധിച്ചിരുന്നു. അതു മാത്രമാണ് അവർ ചെയ്തതും. റിപ്പോർട്ട് ഫോട്ടോ നോക്കി തയ്യാറാക്കിയതുകൊണ്ടാണ് പൂർണ്ണരൂപം കൈവരിക്കാൻ കഴിയാതെ വന്നത്. ഇതാണ് കോടതിയിൽ പ്രതിഭാഗത്തിന് കാര്യങ്ങൾ എളുപ്പമാക്കിയത്.
(കേരള മെഡിക്കോ ലീഗൽ സൊസൈറ്റി ആൻഡ് പൊലീസ് സർജൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ഇടുക്കി മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ലേഖകൻ. സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ ദേഹപരിശോധന നടത്തിയതും പ്രതിയുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയതും ഡോ. ഹിതേഷ് ശങ്കറാണ്. ലേഖകന്റെ അഭിപ്രായം മാത്രമാണിത്. മറുനാടന്റെ അഭിപ്രായമായി യാതൊരു ബന്ധവുമില്ല).