കോട്ടയം: ആഗോളറബ്ബറുത്പാദക രാജ്യങ്ങളിലെ റബ്ബർ ഗവേഷണസ്ഥാപനങ്ങളുടെ പൊതുവേദിയായ ഇന്റർ നാഷണൽ റബ്ബർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബോർഡി(ഐ.ആർ.ആർ.ഡി.ബി.)ന്റെ ചെയർമാനായി ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. ജെയിംസ് ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു.

ഡോ. ജെയിംസ് ജേക്കബ് കഴിഞ്ഞ അഞ്ചു വർഷമായി ഐ.ആർ.ആർ.ഡി.ബി. വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചുവരികയാണ്. ഐ.ആർ.ആർ.ഡി.ബി.യുടെ ഫിസിയോളജി സ്‌പെഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ലെയ്‌സൺ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. ബാംഗ്ലൂർ അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയിൽനിന്നും എം.എസ്സ്.സി. പാസ്സായ ഡോ. ജെയിംസ് അവിടെനിന്നുതന്നെ ഫിസിയോളജിയിലും ലണ്ടനിലെ ട്രിനിറ്റി കോളേജിൽ നിന്ന് ബയോകെമിസ്ട്രിയിലും പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. അമേരിക്കയിലെ സ്മിത്ത്‌സോണിയൻ എൻവിറോൺമെന്റൽ റിസേർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായിരിക്കെയാണ് റബ്ബർബോർഡിൽ ഡെപ്യൂട്ടി ഡയറക്ടറായി ചേർന്നത്. കഴിഞ്ഞ എട്ടു വർഷമായി അദ്ദേഹം ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരുന്നു.

റബ്ബറുത്പാദകരാജ്യങ്ങളിലെ പ്രകൃതിദത്തറബ്ബറുത്പാദകമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങൾക്കും ഏജൻസികൾക്കും പ്രസ്ഥാനങ്ങൾക്കും ഒന്നിച്ച് പ്രവർത്തിക്കുന്നതിനുള്ള രാജ്യാന്തരവേദിയാണ് ഐ.ആർ.ആർ.ഡി.ബി. കൃഷി, ഉത്പന്നനിർമ്മാണം, വ്യാപാരം, പരിസ്ഥിതിപ്രശ്‌നങ്ങൾ തുടങ്ങി റബ്ബർമേഖലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുകയും യുക്തമായ നടപടികൾ എടുക്കുകയുമാണ് സംഘടനയുടെ പ്രധാനലക്ഷ്യം. 1958-ൽ ലണ്ടൻ ആസ്ഥാനമായി ആരംഭിച്ച ഈ സംഘടനയുടെ ഇപ്പോഴത്തെ ആസ്ഥാനം ക്വാലാലംപൂർ ആണ്.

ആദ്യമായാണ് ഐ.ആർ.ആർ.ഡി.ബി.യുടെ ചെയർമാൻസ്ഥാനം ഇന്ത്യക്ക് ലഭിക്കുന്നത്. ഏഷ്യയിലെയും ആഫ്രിക്കയിലേയും സൗത്ത് അമേരിക്കയിലേയും പ്രകൃതിദത്ത റബ്ബറുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗവേഷണസ്ഥാപനങ്ങൾ, ഐ.ആർ.ആർ.ഡി.ബി.യിൽ അംഗങ്ങളാണ്. ഫ്രാൻസിലെ ഉഷ്ണമേഖലാവിളഗവേഷണ ഏജൻസിയായ സിഐആർ.ഏ.ഡി.-യ്ക്കും ഐ.ആർ.ആർ.ഡി.ബി.യിൽ അംഗത്വമുണ്ട്. കൂടാതെ റബ്ബറുത്പാദകരുടേയും സംസ്‌കരണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടേയും സംഘടനകൾക്കും തോട്ടവ്യവസായകമ്പനികൾക്കും റബ്ബർ നഴ്‌സറികൾക്കും ഐ.ആർ.ആർ.ഡി.ബി.യിൽ അസോസിയേറ്റ് മെമ്പർഷിപ്പുണ്ട.്