വാഴക്കുളം: കരാർ വ്യവസ്ഥകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കോതമംഗലം രൂപ തന്നോട് പകപോക്കുകയാണെന്ന് ഡോക്ടർ ജോസ് കൊറ്റാഞ്ചേരീൽ. കോതമംഗലം രൂപത വ്യവസ്ഥകൾക്ക് വിധേയമായി താൻ സൗജന്യമായി നൽകിയ സ്ഥലത്ത് ആരംഭിച്ച ഇമ്മാനുവൽ പ്രാർത്ഥനാലയത്തിലെ അൾത്താര അടക്കം നീക്കിയെന്നും ഇപ്പോൾ ഇത് അടച്ചു പൂട്ടിയ നിലയിലാണെന്നും ഡോ.ജോസ് മറുനാടനോട് വെളിപ്പെടുത്തി.

കോടികൾ വിലമതിക്കുന്ന ഒരേക്കറിൽപ്പരം സ്ഥലമാണ് താൻ ആരാധനാലയത്തിന് വിട്ടുനൽകിയതെന്നും തന്റെയും ഭാര്യയുടെയും സംരക്ഷണവും ആത്മീയ കാര്യങ്ങൾക്കുള്ള സൗകര്യവും ഏർപ്പെടുത്താമെന്നും മറ്റും രൂപത രേഖമൂലം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം വിട്ടുനൽകിയതെന്നും ആരാധനാലയം പൂട്ടിയതോടെ രൂപത ഈ കരാർ ലംഘിച്ചിരിക്കുകയാണെന്നും ഇക്കാര്യത്തിൽ നിയമപരമായി നീങ്ങുമെന്നും ഡോ.ജോസ് അറിയിച്ചു.

അപകടത്തെത്തുടർന്ന് അരയ്ക്ക് താഴെ തളർന്നതിനാലും അപൂർവ്വമായ ഹീമോഫീലിയ രോഗത്തിന് അടിമയായതിനാലും പള്ളിയിൽപോകുന്നതിനും പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും സാധിക്കാത്ത ശാരീരിക സ്ഥിതിയിലായിരുന്നു ഡോ.ജോസ്. ഈ സാഹചര്യത്തിൽ സ്വന്തമായി പ്രാർത്ഥനാലയം എന്ന ആശയവവുമായി കോതമംഗലം രൂപത സമീപിച്ചെന്നും ഭാര്യയുടെയും ബന്ധുക്കളുടെയും അനുമതിയോടെ വീടിന് സമീപം ആരാധനാലയം വരണമെന്ന അതിയായ താൽപര്യത്തോടെയാണ് വ്യവസ്തകൾക്ക് വിധേയമായി താൻ കോടികൾ വിലമതിക്കുന്ന സ്ഥലം ഈ ആവശ്യത്തിലേക്ക് സൗജന്യമായി നൽകിയെന്നുമാണ് രേഖകൾ സഹിതം ഇദ്ദേഹം വ്യക്തമാക്കുന്നത്.

ഇക്കാര്യത്തിൽ അതിയായ വിഷമമുണ്ട്.വാഴക്കുളം പള്ളിയിലെ പെരുന്നാളാഘോഷം നടന്ന രണ്ടാം തീയതി രാത്രി ലോറിയിലാണ് സാധനങ്ങൾ ഇവിടെ നിന്നും മാറ്റിയത്.ധ്യാനകേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തുന്നതായി കാണിച്ച് ബിഷപ് ഹൗസ് അധികൃതർ ദൂതൻ മുഖേന കത്ത് എത്തിച്ചിട്ടുമുണ്ട്.ജോസ് കൊറ്റാഞ്ചേരീൽ പറഞ്ഞു. കഴിഞ്ഞ ജനുവരി 17-ന് ഡോക്ടർ ജോസിന്റെയും ഭാര്യ റോസമ്മയുടെയും വെളിപ്പെടുത്തൽ പ്രകാരം ഈ കുടുമ്പവും രൂപതയുമായുള്ള കരാർ സംബന്ധിച്ചും ഇത് മൂലം ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

മുഖ്യധാര പത്രമാധ്യമങ്ങളും ചാനലുകളും തങ്ങളുടെ സങ്കടസ്ഥിതി അറിഞ്ഞെങ്കിലും ചില കേന്ദ്രങ്ങളിൽ നിന്നുള്ള പ്രലോഭനങ്ങൾക്ക് വഴി ഇക്കൂട്ടർ ഇത് കണ്ടില്ലന്ന് നടിക്കുകയായിരുന്നെന്നും ഈ വിവരം പുറത്തുകൊണ്ടുവന്ന മറുനാടൻ തന്നെ രൂപതയുടെ തങ്ങൾക്കെതിരായ ഇപ്പോഴത്തെ നീക്കവും പൊതുസമൂഹത്തെ അറിയക്കണമെന്നും ഡോ.ജോസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖകൻ ഇദ്ദേഹവുമായി വാഴക്കുളത്തെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.

പ്രാർത്ഥനാലയം പൂട്ടിയതോടെ ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നതായും ഇക്കാര്യത്തിൽ പൊലീസ് അടിയന്തര ഇടപെടണമെന്നും ഡോക്ടറുടെ ഭാര്യ റോസമ്മ ആവശ്യപ്പെട്ടു. സ്ഥലം തിരിച്ചുകിട്ടാനോ ഇതിന്റെ വില ലഭിക്കാനോ അല്ല വിവരങ്ങൾ വെളിപ്പെടുത്തുന്നത്. കരാർ പാലിക്കാൻ രൂപത തയ്യാറാവണം.അത് മാത്രമാണ് ഞങ്ങളുടെ ആവശ്യം.ഡോ.ജോസും റോസമ്മയും നയം വ്യക്തമാക്കി.

അൾത്താര ബാലനായി ചെറുപ്പംമുതൽ പ്രവർത്തിച്ചിട്ടുള്ളതിനാലും ആത്മീയ കാര്യങ്ങളിൽ ഉള്ള താൽപര്യത്താലും സഭയോടുള്ള അകമഴിഞ്ഞ വിശ്വാസത്താലുമാണ് ഇപ്പോഴത്തെ താമസ സ്ഥലത്തോട് ചേർന്നുള്ള ഒരേക്കറിൽപ്പരം സ്ഥലം വ്യവസ്ഥകൾക്ക് വിധേയമായി കോതമംഗലം രൂപതയ്ക്ക് പ്രാർത്ഥനാലയം തുടങ്ങാൻ 2014 ജൂൺ 6-ന് തീറാധാരം ചെയ്ത് നൽകിയതെന്നും ഈ ദിവസം മുതൽ സഭാ നേതൃത്വം തന്നെ കബളിപ്പിച്ചതായി പിന്നീട് ബോദ്ധ്യമായെന്നും ഡോക്ടർ ജോസ് മുമ്പ് മറുനാടനുമായി പങ്കുവച്ച വിവരം.

സ്ഥലം വിട്ടുനൽകുന്നതിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും തുടർന്ന് നടന്ന സംഭവ പരമ്പരകളെക്കുറിച്ചും ഡോക്ടർ ജോസും ഭാര്യയും വെളിപ്പെടുത്തിയ വിവരങ്ങൾ ചുവടെ..

രൂപതയ്ക്ക് സ്വന്തമായി പ്രാർത്ഥനാലയം ഇല്ലന്നും ഇതിനായി സ്ഥലം അന്വേഷിക്കുന്നതായും പലരും പറഞ്ഞറിഞ്ഞു.രൂപതയിൽ നിന്നും വൈദീകരിൽ ചിലർ ഈ ആവശ്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഭാര്യയും കുടുമ്പക്കാരുമായി ആലോചിച്ചു. അപകടത്തെത്തുടർന്ന് അരയ്ക്ക് താഴെ തളർന്ന നിലയിൽ ജീവിക്കുന്നതിനാൽ പള്ളിയിൽപോകുന്നതിനും പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും സാധിക്കാത്ത എന്റെ വിഷമം മനസ്സിലാക്കി ഭാര്യയും മറ്റ് ബന്ധുക്കളും പ്രാർത്ഥനാലയം തുടങ്ങാൻ രൂപതയുമായി സഹകരിക്കാൻ തീരുമാനിച്ചു.

പൂർവ്വിക സ്വത്തായി ലഭിച്ചതും താമസ സ്ഥലത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നതുമായ മൂവാറ്റുപുഴ വില്ലേജ് ,ആവോലി കരയിൽ സർവ്വേ 19/അ നമ്പറിൽപ്പെടുന്ന ഒരേക്കർ 65 സെന്റ് സ്ഥലമാണ് പ്രാർത്ഥനാലയം തുടങ്ങാൻ വ്യവസ്ഥകൾക്ക് വിധേയമായി ഡോക്ടർ ജോസും ഭാര്യയും തീറാധാരം ചെയ്ത് നൽകിയത്. മദ്യത്തിനും മറ്റും അടിമപ്പെട്ടവരെ സുഖപ്പെടുത്തി പുനഃരധിവസിപ്പിക്കുക,വയോധികരെയും അനാഥരെയും പരിപാലിക്കുക തുടങ്ങിയുള്ള ജീവകാരുണ്യപ്രവർത്തനങ്ങൾക്കും റോമൻകത്തോലിക്കാ സഭ വിശ്വാസികളുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനത്തിനും ലക്ഷ്യമിട്ടായിരിക്കണം പ്രാർത്ഥനാലയം പ്രവർത്തിക്കേണ്ടതെന്ന എന്റെയും ഭാര്യയുടെയും കാഴ്ചപ്പാട് തീറാധാരത്തിന്റെ 5-ാം പേജിൽ സൂചിപ്പിട്ടുണ്ട്.

തീറാധാര കരാറിനൊപ്പം ഞാനും ഭാര്യയും രൂപത പൊക്യൂറേറ്റർ ഫാ.മാത്യൂസ് മാളിയേക്കലും കക്ഷികളായി മറ്റൊരു കരാറും രൂപപ്പെടുത്തിയിരുന്നു.തീറാധാര കരാറും ഇതും ഒപ്പം രജിസ്റ്റർ ചെയ്യുമെന്നായിരുന്നു ഫാ.മാത്യൂസും ഒപ്പമെത്തിയവരും ഞങ്ങളെ വിശ്വസിപ്പിച്ചിരുന്നത്.എനിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ രജിസ്ട്രാറെയും മറ്റും രൂപത അധികൃതർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. രേഖകളിൽ ഞങ്ങളെക്കൊണ്ട് ഒപ്പിടീപ്പിച്ച് ഇവർ മടങ്ങി.പിന്നീട് ഒരുമാസം കഴിഞ്ഞ് എഗ്രിമെന്റിന്റെ ഇരട്ടിപ്പ് ബന്ധപ്പെട്ടവരോട് ചോദിച്ചപ്പോൾ പലകാരണങ്ങൾ നിരത്തി ഒഴിഞ്ഞുമാറി.

പിന്നീടുള്ള അന്വേഷണത്തിലാണ് തീറാധാരത്തിനൊപ്പം തയ്യാറാക്കിയിരുന്ന കരാർ രജിസ്റ്റർ ചെയ്തില്ലന്നും ഈ കള്ളക്കളിക്ക് ചരടുവലിച്ചത് ഫാ. മാത്യൂസ് ആണെന്നും മനസ്സിലാവുന്നത്.ഈ കാര്യത്തിൽ പ്രതിഷേധമറിയിച്ചപ്പോൾ നാല് മാസത്തോളം കഴിഞ്ഞ് തെറ്റ് തിരുത്താൻ രൂപത തയ്യാറായി. എന്റെ ചെലവിൽ രജിസ്ട്രാറെയും മറ്റും വീട്ടിൽ കൊണ്ടുവന്നാണ് ഈ കരാർ രജിസ്റ്റർ ചെയ്തത്.ഞങ്ങളുടെ ഭക്ഷണം,വസ്ത്രം,ചികത്സ,ആത്മീയ കാര്യങ്ങൾ എന്നിവയ്ക്കായുള്ള മാർഗ്ഗങ്ങൾ ഉറപ്പുവരുത്തുകയും അന്ത്യകർമ്മങ്ങൾ രൂപയുടെ മേൽനോട്ടത്തിൽ നടത്തണമെന്നുമായിരുന്നു ഈ കരാറിലെ പ്രധാന വ്യവസ്ഥകൾ.

2014 സെപ്തംമ്പർ 4-ന് രജിസ്റ്റർ ചെയ്ത ഈ കരാറിന്റെ ഇരട്ടിപ്പും രജിസ്റ്റർ ചെയ്യാനും അസൽ ഒന്നാം കക്ഷിസൂക്ഷിക്കാനും ഇരട്ടിപ്പ് രണ്ടാംകക്ഷിക്ക് കൈമാറുന്നതിനുമായിരുന്നു കരാർ വ്യവസ്ഥ.ഇതു പ്രകാരം ഇരട്ടിപ്പ് ലഭിക്കാതെ വന്നതോടൊണ് ഫാ.മാത്യൂസ് ചെയ്ത വിശ്വാസ വഞ്ചന മനസിലായത്. പ്രാർത്ഥാനാലയം സ്ഥാപിച്ച് ആദ്യനാളുകളിൽ ചടങ്ങുകൾ വീക്ഷിക്കാൻ എന്റെ മുറിയിൽ സി സി ടിവി കാമറ ദൃശ്യം ലഭിക്കുന്ന തരത്തിൽ രൂപതയിൽ നിന്നും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.താമസിയാതെ ദൃശ്യങ്ങൾ ലഭിക്കാതായി.ഇത് പരിശോധിച്ചപ്പോൾ മുറിയിലെ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിരുന്ന കേബിൾ മുറിച്ച നിലയിലയിൽ കണ്ടെത്തി.ഇത് നന്നാക്കിയ ശേഷം വീണ്ടും നശിപ്പിക്കപ്പെട്ടു.

ഇതിനെതിരെ ഇവിടുത്തെ വൈദീകനോട്് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.പിന്നീട് കരാർ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനെതിരെ വക്കീൽ മുഖാന്തിരം നോട്ടീസ് അയച്ചെങ്കിലും മറുപിടിപോലും അയക്കാൻ രൂപത തയ്യാറായിട്ടില്ല.ഞങ്ങളുടെ വക്കീലിനെ സ്വാധീനിച്ച് വരുതിയിലാക്കുന്ന നയമാണ് രൂപത സ്വീകരിച്ചത്. ഇതിന്റെ പകപോക്കൽ എന്നപോലെ ,നാട്ടുകാർക്കിടയിലും കുടുമ്പക്കാർക്കിടയിലും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപത നേതൃത്വത്തിലെ വൈദീകർ ഞങ്ങളെക്കുറിച്ച് വ്യാപകമായി അപവാദങ്ങൾ പ്രചരിപ്പിച്ചു.ഇത് മൂലം ആരും തിരിഞ്ഞ് നോക്കാതായി.കുടുമ്പപ്രാർത്ഥനയിൽ പോലും ബന്ധുക്കളിൽ ആരും പങ്കെടുക്കാതായി.

താമസിക്കുന്ന സ്ഥലം കൂടി തട്ടിയെടുക്കാനാണ് രൂപതാത അധികൃതരുടെ നീക്കമെന്ന് പിന്നീട് ബോദ്ധ്യമായി.സ്ഥലം വിൽക്കുന്നുണ്ടോ എന്ന അന്വേഷണവുമായി പലരും സമീപിച്ചു.ഇതിന് വഴങ്ങുന്നില്ലന്ന് കണ്ടതോടെ എങ്ങിനെയും ഇതിന് എന്നേ നിർബന്ധിതനാക്കുന്നതിനായിരുന്നു ഇവരുടെ പിന്നീടുള്ള നീക്കം.അതിനായി എന്റെ സാമ്പത്തീക ശ്രോതസായ ആശൂപത്രിയും ചേർന്നുള്ള ഔഷധശാലയും പൂട്ടിക്കുന്നതിനാണ് ഇവരുടെ ഇപ്പോഴത്തെ ശ്രമം.

എന്റെ ജോലിക്കാരിൽ പ്രമുഖനെ മോഹനവാഗ്ദാനങ്ങൾ നൽകി പ്രാർത്ഥാനാലയത്തിലെ വൈദീകൻ ഒപ്പംകൂട്ടിയതോടെ ഔഷധശാലയുടെ പ്രവർത്തനം താറുമാറായി.ആറ് ജില്ലകളിലെ വിൽപ്പന നഷ്ടമായി.ആശുപത്രിയിൽ ചികത്സ തേടിയെത്തിയിരുന്ന പ്രമുഖരെയും മറ്റ് വൈദീകരെയും കന്യസ്ത്രീകളെയും മറ്റും ഇവിടെ നിന്നും ഇക്കൂട്ടർ ഇടപെട്ട് അകറ്റി. വീടിരിക്കുന്ന സ്ഥലംകൂടി വിട്ടുകിട്ടിയാൽ പ്രാർത്ഥാനായത്തിന്റെ മുൻവശം വികസിപ്പിക്കാമെന്ന കണക്കുകൂട്ടിലാണ് എല്ലാതരത്തിലും ഞങ്ങളെ ദ്രോഹിച്ച് ഇവിടെ നിന്നും ഓടിക്കാൻ ശ്രമിക്കുന്നതെന്നും ദമ്പതികൾ ആരോപിച്ചു.

ഇരുപത് ലക്ഷം പേരിൽ ഒരാൾക്ക് മാത്രം പിടിപെടുന്ന ,സംസ്ഥാനത്ത് അത്യപൂർവ്വമായി മാത്രം സ്ഥിരീച്ചിട്ടുള്ള ഹീമോഫീലിയ എന്ന മാരകരോഗത്തിന് അടിമയായ തനിക്ക് എപ്പോഴും എന്തും സംഭവിക്കാവുന്ന അവസ്ഥയാണെന്നും ഇക്കാര്യത്തിൽ തനിക്ക് വേവലാതി ഇല്ലന്നും ഈ സ്ഥിതിയിലും ദുഃഖിതരുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങേണ്ട സഭാ നേതൃത്വം പിൻതുടരുന്ന അവഗണനയും അധിക്ഷേപവുമാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു.

ഇതിനകം നിരവധി തവണ ജീവന് ഭീഷിണിയായ അപകടകരമായ സാഹചര്യം താൻ തന്നെ വികസിപ്പിച്ചെടുത്ത മരുന്നുകളുടെ കൂടെ സഹായത്തോടെയാണ് ഡോക്ടർ നേരിട്ടത്. മുറിയിലെ കട്ടിലിൽ ഇരുന്നാണ് ഡോ.ജോസ് രോഗികളെ പരിശോധിക്കുന്നത്. പുലർച്ചെ മുതൽ ഡോക്ടറെ കാണാൻ രോഗികളെത്തുന്നുണ്ട്,ഹോമിയോ ഡോക്ടറായ ഇദ്ദേഹം പാരമ്പര്യമായി പകർന്നുകിട്ടയ ആയൂർവ്വേദ വിഷചിക രീതിയും പിന്്#തുടരുന്നുണ്ട്.ശാരീരിക പരിമിതികൾ ഏറെയുണ്ടെങ്കിലും ഇദ്ദേഹത്തിന്റെ പഠന-ഗവേഷണ മികവ് വൈദ്യശാസ്ത്ര രംഗത്തിന് വിലപ്പെട്ട വിവരങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.

താൻ തന്നെ കണ്ടെത്തിയ പച്ചമരുന്ന് കൂട്ടുകളിൽ നിന്നും രൂപപ്പെടുത്തിയ ഡയാ ഫിറ്റ് ,ബോക്കോ ഫിറ്റ് ,ധർമ്മോ ഫിറ്റ്, ഒബേ ഫിറ്റ്,മെമ്മറോ ടോൺ തുടങ്ങിയവക്ക് ഇദ്ദേഹം സ്വന്തമായി പേറ്റന്റ് കരസ്ഥമാക്കിയിട്ടുണ്ട്.വീടിനോട് ചേർന്നുള്ള ഔഷധ നിർമ്മാണ ശാലയിലാണ് ഇവ നിർമ്മിക്കുന്നത്.ഡോക്ടറുടെ പ്രധാന ഗവേഷണ ശാലയും ഇതാണ്.പ്രധാന സഹായിയായിയുടെ റോൾ ഭംഗിയായി നിർവ്വഹിക്കുന്നത് സഹധർമ്മിണി റോസമ്മ തന്നെ. മരുന്നുകളുടെ ഫലം സ്വന്തം ശരീരത്തിൽ നടത്തി ബോദ്ധ്യപ്പെട്ട ശേഷമാണ് പേറ്റന്റിന് അപേക്ഷിക്കാറുള്ളതെന്നും തന്റെ മരുന്നുകൾ ആർക്കും വിശ്വസിച്ച് വാങ്ങാവുന്നവയാണെന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.

ഇപ്പോഴും ഡോക്ടർ ഗവേഷണ പാതിലാണ് .പേ വിഷത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇദ്ദേഹം.ഇത് സംമ്പന്ധിച്ച തന്റെ ഗവേഷണം അവസാനഘട്ടത്തിലാണെന്നും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പരിഗണനയ്ക്കായി പഠന റിപ്പോർട്ട് കൈമാറുന്നതിനുള്ള മുന്നൊരുക്കത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.