ആലപ്പുഴ: കുട്ടനാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് താൻ തുരങ്കം വെക്കുന്നുവെന്ന തോമസ് ചാണ്ടി എം എൽ എയുടെ പരാമർശം അർഹിക്കുന്ന പുച്ഛത്തോടെ തള്ളുന്നതായി മുൻ എം എൽ എയും കേരള കോൺഗ്രസ് നേതാവുമായ ഡോ. കെ സി ജോസഫ് മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഇത്തവണയും പണം നൽകി കുട്ടനാട്ടുകാരെ പറ്റിച്ച് ജയിച്ചുകയറാമെന്ന് തോമസ് ചാണ്ടി മോഹിക്കേണ്ട. അത്തരം മോഹങ്ങൾ അതിമോഹമെന്ന് പറയാനേ തരമുള്ളു.

പത്തുകൊല്ലം എം എൽ എ ആയിരുന്ന തോമസ് ചാണ്ടി മണ്ഡലത്തിൽ കഴിഞ്ഞത് നാമമാത്ര ദിവസങ്ങളാണ്. ഒരു പഞ്ചായത്ത് അംഗത്തെ പോലെ ഓടിനടന്ന് പ്രവർത്തിക്കേണ്ട ആൾ വിദേശത്തിരുന്ന് കാര്യങ്ങൾ നടത്തിയാൽ എങ്ങനെയാണ് നാട്ടിൽ വികസനം സാദ്ധ്യമാകുക. വിദേശബിസിനസ് കാര്യങ്ങൾ കൈവിടില്ലെന്ന് ആവർത്തിച്ചു പറയുന്ന ചാണ്ടിയെ കുട്ടനാട്ടിലെ ജനങ്ങൾ ഇക്കുറി തെരഞ്ഞെടുപ്പിൽ ഒതുക്കി വിദേശത്തേക്കുതന്നെ അയയ്ക്കും.

മാത്രമല്ല വികസനത്തിന്റെ പേരിൽ തോമസ് ചാണ്ടി കുട്ടനാട്ടിൽ ജയിക്കുമെന്ന് ആരും കരുതരുത്. കുട്ടനാട്ടുകാർ അത്ര വിഡ്ഢികളല്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും, ഇരുട്ടുനിറഞ്ഞ വഴിയോരങ്ങളും ഇന്നും കുട്ടനാടിന്റെ ശാപമാണ്. സുനാമി ഫണ്ട് വിനിയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കി കൊട്ടിഘോഷിച്ചെങ്കിലും പൈപ്പുകളിൽ ഇപ്പോഴും കുടിവെള്ളമില്ല. കാരണം വെള്ളം ഒലിച്ചു വരാൻ കുട്ടനാട്ടിലേക്ക് കുഴൽ സ്ഥാപിച്ചിട്ടില്ല. പകരം മുട്ടാറിലെ വെള്ളം കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉപയോഗിക്കപ്പെടുന്നു.

അതുകൊണ്ടുതന്നെ പണം കൊടുത്ത് ചാണ്ടി ജയിച്ചുവരുമെന്ന് സി പി എം കരുതരുത്. ആ കാലം കഴിഞ്ഞു. ഇനി സിപിഐ(എം) നേതൃത്വം ഒന്നടങ്കം ചാണ്ടിയെ പിന്തുണച്ചാലും വോട്ടു ചെയ്യേണ്ടവരും പ്രവർത്തിക്കേണ്ടവരുമായ പ്രാദേശിക പ്രവർത്തകർ ചാണ്ടിയെ വേണ്ടെന്ന് തീരുമാനിച്ച കാര്യം നേതൃത്വം തിരിച്ചറിയണം. ഇപ്പോൾ ജലവിഭവ വകുപ്പ് മന്ത്രി താൻ തന്നെയെന്ന് വീമ്പിളക്കുന്ന തോമസ് ചാണ്ടി കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കണം.

താൻ ദീർഘകാലം കുട്ടനാടിന്റെ എം എൽ എ ആയിരുന്ന ആളാണ്. ഇതിൽ കൂടുതൽ സമയവും ഇടതുമുന്നണിയുടെ ഭാഗമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇടതു മുന്നണിയുടെ മനസിലിരുപ്പ് കണ്ടറിയണം. പ്രത്യേകിച്ചും സി പി എമ്മിന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാട് ഏറെ അറിയാവുന്ന ഒരാളാണ് താൻ. അങ്ങനെയൊന്നും സി പി എം കൈവിട്ടു കളിക്കില്ല. ചാണ്ടി നേതാക്കന്മാരെയും കുടുംബാംഗങ്ങളെയും സൽക്കരിച്ചുവെന്നതിന്റെ പേരിൽ എന്തായാലും മന്ത്രിയാകാൻ പോകുന്നില്ല. അടുത്തിടെ നടന്ന സി പി എം ഏരിയാ സമ്മേളനത്തിലും യോഗത്തിലും തോമസ് ചാണ്ടിയെ പിന്തുണക്കേണ്ട ആവശ്യമില്ലെന്നാണ് പ്രാദേശിക ഘടകങ്ങൾ നേതൃത്വത്തെ അറിയിച്ചത്.

ഈ സാഹചര്യത്തിൽ ചാണ്ടി പറയുന്ന വീമ്പൊന്നും കുട്ടനാട്ടിൽ നടപ്പിലാകാൻ പോകുന്നില്ല. പണം ഇറക്കി തെരഞ്ഞെടുപ്പിൽ ഓളം സൃഷ്ടിക്കാമെന്നതിലുപരി വേറെ അദ്ഭുതങ്ങളൊന്നും ഉണ്ടാകില്ല. ചാണ്ടി ജലവിഭവ വകുപ്പ് മന്ത്രിയാകുമെന്നു പറയുന്നത് കുട്ടനാട്ടിലെ വെള്ള പ്രശ്‌നം പരിഹരിക്കാനാണെങ്കിലും അതിലും വലിയ പ്രശ്‌നം ഉണ്ടാക്കുന്ന റോഡുകളുടെ അവസ്ഥ പരിഹരിക്കാൻ പൊതുമരാമത്തും നൽകേണ്ടി വരുമല്ലോ. കാർഷിക മേഖലയായി കുട്ടനാട്ടിൽ കൃഷികാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇങ്ങനെപോയാൽ ചാണ്ടിക്ക് കൃഷി വകുപ്പും നൽകേണ്ടി വരുമല്ലോ? ഏതായാലും വഷളത്തരം വിളമ്പി സ്വന്തം കുഴിതോണ്ടുന്ന അവസ്ഥ അവസാനിപ്പിച്ചാൽ ചാണ്ടിക്ക് നല്ലത്.