തിരുവനന്തപുരം: തലസ്ഥാനത്തെ മാദ്ധ്യമ ലോകത്തേയും ബിലീവേഴ്‌സ് ചർച്ച് അധിപൻ കെ.പി. യോഹന്നാൻ എന്ന സ്വയം പ്രഖ്യാപിത മെത്രാപ്പൊലീത്ത കൈയിലെടുത്തു. ഫണ്ട് തട്ടിപ്പിന്റെ പേരിൽ അമേരിക്കയിൽ കേസ് രജിസ്റ്റർ ചെയതതിന്റെ ക്ഷീണത്തിലാണ് മെത്രോപൊലീത്ത. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മറുനാടൻ അടക്കമുള്ള ചില മാദ്ധ്യമങ്ങളിൽ എത്തി. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടക്കാരനാകാനും നീക്കം നടത്തി. എന്നാൽ ആർഎസ്എസ് ഈ നീക്കത്തെ എതിർത്തു. മോദി കൂടിക്കാഴ്ചയ്ക്ക് തൊട്ട് പിന്നാലെ യോഹന്നാന്റെ കള്ളകളികൾ വിശദീകരിച്ച് ആർഎസ്എസ് മുഖ പത്രമായ ജന്മഭുമി തന്നെ രംഗത്ത് വന്നു. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ നീക്കം.

തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ കൈയിലെടുക്കാനാണ് നീക്കം. ക്ലബ്ബിന് സംഭാവനയായി മെത്രോപൊലീത്ത 15 ലക്ഷം രൂപ നൽകിയെന്നാണ് സൂചന. ഇത്തരമൊരു നീക്കത്തിലൂടെ മാധ്മ സമൂഹത്തിന്റെ മനസ്സ് തനിക്ക് അനുകൂലമാക്കാനാണ് നീക്കം. തിരുവനന്തപുരം പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷങ്ങളുടെ നിക്ഷേപ സമാഹരണ യജ്ഞത്തിനു തുടക്കം കുറിക്കാൻ മെത്രോപൊലീത്ത തന്നെ എത്തി. മാദ്ധ്യമപ്രവർത്തകർ സമൂഹത്തിന്റെ കാവൽക്കാരാണെന്ന് ബിലീവേഴ്‌സ് ചർച്ച് അധിപൻ കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്ത പറയുക കൂടി ചെയ്തു. ദോഷകരമായി ബാധിക്കുന്നതിനെ വെളിച്ചത്തു കൊണ്ടുവരുന്നതിനൊപ്പം സമൂഹ മനസാക്ഷി നഷ്ടപ്പെടുത്താതെ നിലനിർത്തുന്നതും മാദ്ധ്യമപ്രവർത്തകരാണ്. സാധുക്കളോടുള്ള കരുണയാണ് ഈശ്വരനോടുള്ള കടമയെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സമൂഹത്തെ പ്രാപ്തരാക്കുന്നത്

മാദ്ധ്യമങ്ങളാണെന്നും തന്റെ ജീവിതത്തിന് ലക്ഷ്യമുണ്ടാക്കിയത് പേരറിയാത്ത ഒരു മാദ്ധ്യമപ്രവർത്തകനാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ തെരുവുകളിലൂടെ നടക്കവേ ശ്രദ്ധയിൽപ്പെട്ടൊരു വാർത്തയാണ് ബിലീവേഴ്‌സ് ചർച്ചിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കു നിമിത്തമായത്. തെരുവിൽ നായുടെ പാലു കുടിച്ചു കഴിയുന്ന ഒരു കുട്ടിയുടെ ചിത്രവും വാർത്തയുമായിരുന്നു അത്. ഇന്നു വിവിധ ഭാഗങ്ങളായി സാധുക്കളായ 75,000ത്തിൽപരം കുട്ടികളെ സഭ സംരക്ഷിക്കാൻ നിമിത്തമായതും ഇതാണ്. ചികിത്സ കിട്ടാതെ വലയുന്ന അനേകർക്കു വേണ്ടിയാണ് സഭ മെഡിക്കൽ കോളജ് തുടങ്ങിയത്. ഈ ആശുപത്രിയിലൂടെ ഇന്ത്യ ഒട്ടാകെ ചികിത്സാ ശൃംഖല സൃഷ്ടിക്കാനാണു സഭയുടെ ശ്രമം. ചികിത്സ കിട്ടാതെ ഇനി ആരും വിഷമിക്കരുതെന്നും പണമില്ലാത്തതുകൊണ്ട് ആതുരശുശ്രൂഷാരംഗത്തേക്കു കടന്നു വരാൻ വിദ്യാർത്ഥികൾ മടിക്കരുതെന്നും ആശുപത്രി സ്ഥാപനത്തിലൂടെ ലക്ഷ്യമിട്ടിരുന്നുവെന്നും മേത്രാപ്പൊലീത്ത പറഞ്ഞു.

ബിലീവേഴ്‌സ് ചർച്ച് പരമാദ്ധ്യക്ഷൻ ഡോ.കെ.പി. യോഹന്നാൻ മെത്രോപ്പൊലീത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വസതിയിൽ സന്ദർശിച്ച് ചർച്ച നടത്തിയത് വലിയ വാർത്തയായിരുന്നു. 25 മിനിറ്റോളം ചർച്ച നീണ്ടുനിന്നു. ഡോ.കെ.പി. യോഹന്നാൻ മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ച വിസ്മയകരമെന്നു പിന്നീട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രനിർമ്മാണത്തിനു സഭ നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസ അർഹിക്കുന്നതാണെന്നും യുവാക്കളുടെ ഉന്നമനത്തിനും മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനും സഭ ഊന്നൽ നൽകണമെന്നും മെത്രാപ്പൊലീത്തയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പറഞ്ഞതായി ബിലിവേഴ്‌സ് ചർച്ചും വിശദീകരിച്ചു. ബിലീവേഴ്‌സ് ചർച്ച് ഇതിനകം നിർമ്മിച്ച ഇരുപത്തിയെണ്ണായിരത്തിലധികം ശൗചാലയങ്ങൾ പാവങ്ങൾക്ക് സഹായകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായും അവകാശ വാദം എത്തി. ആരും അറിയാതെയായിരുന്നു ഈ കൂടിക്കാഴ്ച. രാജ്യസഭാ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യന്റെ പ്രത്യേക താൽപ്പര്യമായിരുന്നു പ്രധാനമന്ത്രിയുമായി യോഹന്നാന് കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുങ്ങിയത്. അങ്ങനെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. അന്ന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയാണ് നൽകിയത്.

എന്നാൽ സത്യത്തിൽ ഈ കൂടിക്കാഴ്ച യോഹന്നാന് പുലിവാലായി. പ്രധാനമന്ത്രിയുടെ പ്രശംസ പുറത്തുവന്നതോടെ യോഹന്നാന്റെ യഥാർത്ഥ മുഖം വിശദീകരിച്ച് പ്രമുഖ ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് ലേഖനമെഴുതി. കാനഡയിലേയും അമേരിക്കയിലേയും ജനങ്ങളെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇന്ത്യയിലേക്ക് ഒഴുക്കുന്ന തട്ടിപ്പാണ് ഹിന്ദുസ്ഥാൻ ടൈംസ് തുറന്നുകാട്ടിയത്. അമേരിക്കയിലെ കോടതിയിലെ യോഹന്നാനെതിരായ കേസും പരാമർശിച്ചു. മാസങ്ങൾക്ക് മുമ്പ് മറുനാടൻ മലയാളി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. എങ്ങനെയാണ് യോഹന്നാൻ ഫണ്ട് തട്ടിപ്പ് നടത്തുന്നതെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് വാർത്തയിലൂടെ വിശദീകരിച്ചതും. ഇതിന് പിന്നാലെ ആർഎസ് എസ് മുഖപത്രമായ ജന്മഭൂമിയും യോഹന്നാനെതിരെ ലേഖനം എഴുതി.

2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. ബിജെപി വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ യോഹന്നാനാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയിരിക്കുന്നത്! ഒന്നോർക്കുന്നതുകൊള്ളാം, കെ.പി.യോഹന്നാന്റെയും ബിലീവേഴ്‌സ് ചർച്ചിന്റെയും ഫ്രെയ്മിൽ ഒതുങ്ങുന്നയാളല്ല നരേന്ദ്ര മോദി എന്ന വ്യക്തിയും ഭരണാധികാരിയുമെന്ന് ജന്മഭൂമി പറയുന്നു. ഇത് യോഹന്നാന് വലിയ തിരിച്ചടിയായി. അമേരിക്കൻ കോടതിയിൽ നിയമനടപടി തുടരുകയാണ്. മെത്രോപൊലീത്തയായി സ്വയം പ്രഖ്യാപിച്ച യോഹന്നാനെതിരെ എപ്പോൾ വേണമെങ്കിൽ അറസ്റ്റുണ്ടാകുമെന്ന അവസ്ഥ വന്നു. ഇതോടെയാണ് യോഹന്നാൻ മാദ്ധ്യമങ്ങളെ പിടിക്കാൻ രംഗത്ത് വന്നത്.

കോടതി നടപടികളുണ്ടായാലും ആരും റിപ്പോർട്ട് ചെയ്യരുത്. അതായത് അമേരിക്കയിലെ വാർത്തകൾ കേരളത്തിൽ ചർച്ചയാകുന്നത് തടയുക. ഈ കേസ് തന്നെ ഇല്ലാതാക്കാനാണ് മോദിയെ മെത്രോപൊലീത്ത കണ്ടതെന്നാണ് സൂചന. ഇത് നടക്കാതെ പോയപ്പോഴാണ് മാദ്ധ്യമ ലോകത്തെ കൈയിലെടുത്ത് വാർത്ത മുക്കാനുള്ള നീക്കം. എന്നാൽ പ്രസ് ക്ലബ്ബിന് ഫണ്ടു നൽകിയാലും വാർത്ത മുങ്ങില്ലെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ മറുനാടനോട് പ്രതികരിച്ചത്. പ്രസ് ക്ലബ്ബിന് നൽകിയ സംഭാവന കൊണ്ട് മാത്രം ഒരു വാർത്തയും ഇല്ലാതാകില്ലെന്നാണ് അഭിപ്രായം. ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് മാനേജരും സഭാ പി.ആർ.ഒയുമായ ഫാ. സിജോ പന്തപ്പള്ളിയുടെ ഇടപെടലുകളാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി മെത്രോപൊലീത്തയെ അടുപ്പിച്ചത്. മറ്റ് ജില്ലകളിലെ മാദ്ധ്യമ പ്രവർത്തക കൂട്ടായ്മകൾക്കും ഇത്തരം സഹായങ്ങൾ മെത്രോപൊലീത്ത ചെയ്യുമെന്നാണ് സൂചന.