- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രാഷ്ട്രീയ പാർട്ടികളോടുള്ള കൂറ് മൂലം പട്ടികജാതിക്കാരുടെ അവകാശങ്ങൾ അവഗണിക്കുന്നു; പട്ടികജാതി എംഎൽഎമാരും എം. പിമാരും ഒന്നും ചെയ്യുന്നില്ല'; ഗവേഷക വിദ്യാർത്ഥിനിയുടെ സമര പോരാട്ടത്തിൽ പ്രതികരണവുമായി ഡോ. കെ. എസ്. രാധാകൃഷ്ണൻ
തിരുവനന്തപുരം: മഹാത്മാഗാന്ധി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരെ സമര പോരാട്ടം നടത്തുന്ന ഗവേഷക വിദ്യാർത്ഥിനി ഉയർത്തുന്ന വിഷയത്തിൽ പട്ടികജാതിക്കാരായ കേരളത്തിലെ 14 എംഎൽഎമാരും രണ്ട് എംപിമാരും പുലർത്തുന്ന അവഗണന പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ.
പട്ടികജാതിക്കാരായ എംഎൽഎമാരും എംപിമാരും നിയമനിർമ്മാണ സഭകളിലുണ്ടാകണമെന്ന് ഭരണഘടനാ നിർമ്മാണ വിദഗ്ദ്ധർ തീരുമാനിച്ചത് ആ വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടിയാണ്. ആ പരിഗണനയിലാണ് ഇവരെല്ലാം എംഎൽഎമാരും എംപിമാരും ആയത്.
അവർക്ക് മത്സരിക്കാൻ അവസരം നൽകിയ രാഷ്ട്രീയ പാർട്ടികളോടുള്ള കൂറ് മൂലം അവർ പട്ടികജാതിക്കാരുടെ അവകാശങ്ങളെ അവഗണിക്കുന്നു. പരിഹാസ്യമായ ദാസ്യവേലയാണ് അവർ ചെയ്യുന്നതെന്ന് ഫേസ്‌ബുക്ക് കുറിപ്പിൽ കെ എസ് രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെയാണ് ഗവേഷക മാർഗ്ഗദർശിയെ വഴിവിട്ടു സഹായിച്ചു സംരക്ഷിക്കുന്നത് എന്നാണ് ഗവേഷക ആരോപിക്കുന്നത്. മന്ത്രി പാർട്ടി സെക്രട്ടറിയുടെ ഭാര്യ കൂടിയാകുമ്പോൾ ആരോപണത്തിന്റെ ഭാരം വർദ്ധിക്കുകയും ചെയ്യുന്നു.
ഇക്കാര്യത്തിൽ മന്ത്രി അവരുടെ നിലപാട് വിശദമാക്കണം. മറ്റു പല കാര്യങ്ങളും അറിയാത്തതുപോലെ മുഖ്യമന്ത്രി ഇക്കാര്യം അറിയണമെന്നില്ല. എന്നാൽ കോളേജ് അദ്ധ്യാപികയായിരുന്ന വകുപ്പുമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടു നീതി നടപ്പാക്കണം.
സർവ്വകലാശാലയുടെ അന്വേഷണത്തിൽ ഗവേഷക മാർഗ്ഗദർശിയുടെ ഭാഗത്ത് വീഴ്ചയുണ്ട് എന്ന് തോന്നുന്നു. അല്ലെങ്കിൽ അദ്ദേഹത്തെ വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റി നിർത്തേണ്ടതില്ലല്ലോ?
ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഗവേഷകയ്ക്ക് ഏഴു ദിവസത്തെ നിരാഹാരസമരം നടത്തേണ്ടിവന്നു. ഇക്കാര്യങ്ങൾ അറിഞ്ഞിട്ടും മന്ത്രിയും സർക്കാരും ഒന്നും ചെയ്യുന്നില്ല എന്നതാണ് പ്രതിഷേധാർഹമായ കാര്യമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ഡോ. കെ എസ് രാധാകൃഷ്ണൻ പറയുന്നു.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
പട്ടികജാതി എംഎൽഎമാരും എം. പിമാരും ഒന്നും ചെയ്യുന്നില്ല; എന്താണ് കാരണം?
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിനിയെ ജാതി പറഞ്ഞ് ഗവേഷക മാർഗ്ഗദർശി അധിക്ഷേപിച്ചു എന്ന പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ അഭിപ്രായപ്പെട്ടു. പട്ടികജാതി/വർഗ പീഡന നിയമം അനുസരിച്ച് ഗവേഷകയെ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ അത് ക്രിമിനൽ കുറ്റമാണ്. അതുകൊണ്ട് നിയമപ്രകാരം രമ്യമായി പരിഹരിക്കാൻ കഴിയില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടാതിരുന്നതുകൊണ്ടാകാം ചാൻസലർ അങ്ങനെ അഭിപ്രായപ്പെട്ടത് എന്നും കരുതാം.
ഗവേഷക ആരോപിക്കുന്നതുപോലെ മാർഗ്ഗദർശിയായ പ്രൊഫസ്സർ അവരെ ജാതി പറഞ്ഞ് അധിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ അത് കുറ്റകൃത്യം മാത്രമല്ല അദ്ധ്യാപനാന്തരീക്ഷത്തിൽ ഒരു അദ്ധ്യാപകൻ പുലർത്തേണ്ട ധാർമ്മികതയുടെ ലംഘനം കൂടിയാണ്. ആരോപണം സത്യമാണെങ്കിൽ ഗവേഷക മാർഗ്ഗദർശി ശിക്ഷിക്കപ്പെടുക തന്നെ വേണം. ആരോപണം അസത്യമാണെങ്കിൽ വിദ്യാർത്ഥിനിക്ക് എതിരെ നടപടി എടുക്കണം. ഇക്കാര്യത്തെക്കുറിച്ച് ഉപസമിതി അന്വേഷിച്ചു. അതിന്റെ ഫലമായി മാർഗ്ഗദർശിയെ ഡയറക്ടർ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തു.
ഒരു പട്ടികജാതി വിദ്യാർത്ഥിനിക്ക് ഉണ്ടായതായി പറയപ്പെടുന്ന അധിക്ഷേപത്തെക്കുറിച്ച് കേരളത്തിലെ 14 എംഎൽഎമാരും രണ്ട് എംപിമാരും പുലർത്തുന്ന അവഗണന പ്രതിഷേധാർഹമാണ്. പട്ടികജാതിക്കാരായ എംഎൽഎമാരും എംപിമാരും നിയമനിർമ്മാണ സഭകളിലുണ്ടാകണമെന്ന് ഭരണഘടനാ നിർമ്മാണ വിദഗ്ദ്ധർ തീരുമാനിച്ചത് ആ വിഭാഗത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ കൂടിയാണ്. ആ പരിഗണനയിലാണ് ഇവരെല്ലാം എംഎൽഎമാരും എംപിമാരും ആയത്. അവർക്ക് മത്സരിക്കാൻ അവസരം നൽകിയ രാഷ്ട്രീയ പാർട്ടികളോടുള്ള കൂറ് മൂലം അവർ പട്ടികജാതിക്കാരുടെ അവകാശങ്ങളെ അവഗണിക്കുന്നു. പരിഹാസ്യമായ ദാസ്യവേലയാണ് അവർ ചെയ്യുന്നത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെയാണ് ഗവേഷക മാർഗ്ഗദർശിയെ വഴിവിട്ടു സഹായിച്ചു സംരക്ഷിക്കുന്നത് എന്നാണ് ഗവേഷക ആരോപിക്കുന്നത്. മന്ത്രി പാർട്ടി സെക്രട്ടറിയുടെ ഭാര്യ കൂടിയാകുമ്പോൾ ആരോപണത്തിന്റെ ഭാരം വർദ്ധിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ മന്ത്രി അവരുടെ നിലപാട് വിശദമാക്കണം. മറ്റു പല കാര്യങ്ങളും അറിയാത്തതുപോലെ മുഖ്യമന്ത്രി ഇക്കാര്യം അറിയണമെന്നില്ല. എന്നാൽ കോളേജ് അദ്ധ്യാപികയായിരുന്ന വകുപ്പുമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടു നീതി നടപ്പാക്കണം.
സർവ്വകലാശാലയുടെ അന്വേഷണത്തിൽ ഗവേഷക മാർഗ്ഗദർശിയുടെ ഭാഗത്ത് വീഴ്ചയുണ്ട് എന്ന് തോന്നുന്നു. അല്ലെങ്കിൽ അദ്ദേഹത്തെ വകുപ്പിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റി നിർത്തേണ്ടതില്ല ല്ലോ? പക്ഷേ, എന്നെ അമ്പരപ്പിക്കുന്ന കാര്യം ഇക്കാര്യത്തിൽ നടപടിയെടുക്കാൻ ഗവേഷകയ്ക്ക് ഏഴു ദിവസത്തെ നിരാഹാരസമരം നടത്തേണ്ടിവന്നു എന്നതാണ്. ഇക്കാര്യങ്ങൾ അറിഞ്ഞിട്ടും മന്ത്രിയും സർക്കാരും ഒന്നും ചെയ്യുന്നില്ല എന്നതാണ് പ്രതിഷേധാർഹമായ കാര്യം.
(ഡോ. കെ. എസ്. രാധാകൃഷ്ണൻ)
കഴിഞ്ഞ പത്ത് വർഷമായി എംജി സർവകലാശാലയുടെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിലാണ് ദളിത് വിദ്യാർത്ഥിനി. നാനോ സയൻസസിൽ ഗവേഷണം നടത്താനുള്ള അഡ്‌മിഷൻ ലഭിച്ചിട്ടും അതിനുള്ള സൗകര്യം സർവകലാശാലാ അധികൃതർ നിഷേധിച്ചുവെന്നും ഹൈക്കോടതി ഉത്തരവുകൾ അടക്കം ഉണ്ടായിട്ടും തനിക്ക് നീതി നിഷേധിക്കപ്പെടുകയാണെന്നും, തന്റെ അക്കാദമിക് കരിയറിലെ പത്ത് വിലപ്പെട്ട വർഷമാണ് നഷ്ടമായതെന്നും ആരോപിച്ചാണ് അവർ സർവകലാശാലയ്ക്ക് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്.
2011-12 അക്കാദമിക് വർഷത്തിലാണ് കണ്ണൂരിൽ നിന്നുള്ള ദളിത് വിദ്യാർത്ഥി എംജി സർവകലാശാലയിൽ പ്രവേശനം നേടിയത്. ഇന്റർനാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ അവർ എം ഫിൽ പ്രവേശനം നേടി. അന്ന് മുതൽ താൻ അനുഭവിച്ചത് കടുത്ത ജാതി വിവേചനമെന്ന് അവർ പറയുന്നു. 2 ദളിത് വിദ്യാർത്ഥികളും ഗവേഷകയ്ക്ക് ഒപ്പം എംഫിലിൽ പ്രവേശനം നേടിയിരുന്നു. പക്ഷേ നിന്ദ്യമായ വിവേചനം സഹിക്കാതെ ആ രണ്ട് പേർ കോഴ്‌സ് ഉപേക്ഷിച്ചു. ഇവർ മാത്രം നിശ്ചയദാർഢ്യത്തോടെ പോരാടി. സമാനതകളില്ലാത്ത പീഡനങ്ങളെ അതിജീവിച്ചു. പ്രോജക്ട് ചെയ്യാനുള്ള സൗകര്യം അനുവദിക്കാതെയും ടിസി തടഞ്ഞുവച്ചും സർവകലാശാല അധികൃതർ ആവുന്നത്ര അവരെ ദ്രോഹിച്ചു. നാനോ സയൻസ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെ നേതൃത്വത്തിലായിരുന്നു ഈ വിവേചനങ്ങളെന്ന് അവർ പറയുന്നു.
പിഎച്ച്ഡി പ്രവേശനം നൽകാതിരിക്കാനും പരമാവധി ശ്രമിച്ചു. പക്ഷേ ഗേറ്റ് യോഗ്യതയുണ്ടായിരുന്നതുകൊണ്ട് അവരുടെ അർഹതയെ തടയാൻ കഴിഞ്ഞില്ല. 2012-ൽ പൂർത്തിയാക്കിയ എം ഫിലിന്റെ സർട്ടിഫിക്കറ്റ് പല കാരണങ്ങൾ നിരത്തി താമസിപ്പിച്ചു. ഒടുവിൽ ഗവേഷകയ്ക്ക് സർട്ടിഫിക്കറ്റ് കിട്ടിയത് 2015-ൽ. സ്വന്തമായി അവർ തയ്യാറാക്കിയ ഡാറ്റ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു അടുത്ത പീഡനം. പിന്നീട് അതേ ഡാറ്റ മറ്റൊരാളുടെ പേരിൽ പ്രസിദ്ധീകരിച്ചതും ഈ ദളിത് വിദ്യാർത്ഥിക്ക് വേദനയോടെ കാണേണ്ടി വന്നു.
പിഎച്ച്ഡിക്ക് ഇരിപ്പിടം നിഷേധിച്ചും ലാബിൽ പൂട്ടിയിട്ടും ലാബിൽ നിന്ന് ബലമായി ഇറക്കിവിട്ടും പ്രതികാരം. അന്നത്തെ പിവിസി ഷീന ഷുക്കൂറിനോട് പരാതിപ്പെട്ടപ്പോഴുള്ള അനുഭവവും മോശമായിരുന്നു.
2015-ൽ ഗവേഷകയുടെ പരാതി പരിശോധിക്കാൻ രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ അടങ്ങുന്ന സമിതിയെ സർവകാശാല നിയോഗിച്ചിരുന്നു. ഡോ. എൻ. ജയകുമാറും ഇന്ദു കെ എസും അടങ്ങുന്ന സമിതി കണ്ടെത്തിയത് തീർത്തും ഗുരുതരമായ കാര്യങ്ങൾ. ഒരു സർവകാലശാലയിൽ നടക്കാൻ പാടില്ലാത്തത്. ദളിത് ഗവേഷകയ്ക്ക് ഗവേഷണത്തിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിൽ നന്ദകുമാർ കളരിക്കലിന് വീഴ്ച വന്നെന്നും, അവർ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നുമായിരുന്നു സമിതി കണ്ടെത്തിയത്.