ബംഗളൂരു: ചെയർമാന്റെ മകന് ചട്ടങ്ങൾ മറിക‌ടന്ന് ഐഎസ്ആർഒയിൽ നിയമനം. ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവന്റെ മകനെ ചട്ടങ്ങൾ മറികടന്നു നിയമിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണം തുടങ്ങി. ഐഎസ്ആർഒയുടെ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൾഷൻ സിസ്റ്റംസ് സെന്ററിലാണ് (എൽപിഎസ്‌സി) ശിവന്റ മകൻ സിദ്ധാർഥിനെ നിയമിച്ചത്.

ഐസിആർബി വഴിയാണ് ഐഎസ്ആർഒയിലേക്ക് നിയമനം നടത്തുക. സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഇതൊന്നും പാലിക്കാതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിദ്ധാർഥിനെ നിയമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. സയന്റിസ്റ്റ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് നവംബർ 20നാണ് പരസ്യം നൽകിയത്. പരസ്യത്തിൽ നിർദ്ദേശിച്ചിരുന്ന യോഗ്യതകൾ സിദ്ധാർഥിനു വേണ്ടി തയാറാക്കിയതാണെന്ന് പരാതിയിൽ ആക്ഷേപമുണ്ട്.

ഐഎസ്ആർഒ മേധാവിയുടെ മകനെ എൽപിഎസ്‌സിയിൽ നിയമിച്ചതിന് പിന്നിൽ, ഗൂഢാലോചനയും സ്വജന പക്ഷപാതവുമുണ്ടെന്ന് വിജിലൻസ് കമ്മിഷനു ലഭിച്ച പരാതിയിൽ പറയുന്നു. എൽപിഎസ്‌സി ഡയറക്ടർ ഡോ. വി നാരായണൻ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലേക്കു സ്ഥലംമാറ്റം വരുന്നതിനു മുമ്പായി ധൃതിപിടിച്ച് നിയമനം നടത്തിയെന്ന് പരാതിയിൽ പറയുന്നു. എൽപിഎസ്‍സി ഡയറക്ടർ വി നാരായണൻ സിദ്ധാർത്ഥന് ജോലി നൽകുന്നതിനായി ഗൂഢാലോചന നടത്തിയെന്നും സ്വജനപക്ഷപാതത്തോടെ നീക്കം നടത്തിയെന്നുമാണ് പരാതി. കെ ശിവൻ ഇസ്രൊ ചെയ‍മാൻ സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പായി സിദ്ധാർത്ഥന്റെ നിയമനം നടത്താൻ നാരായണൻ തിടുക്കം കാട്ടിയെന്നും പരാതിയിൽ പറയുന്നു. ജനവരി 14നായിരുന്നു ഇസ്രൊ ചെയർമാൻ സ്ഥാനത്ത് കെ ശിവന്റെ കാലാവധി അവസാനിക്കേണ്ടിയിരുന്നത് എന്നാൽ ഇത് പിന്നീട് കേന്ദ്ര സർക്കാർ ഒരു വ‌‌ർഷത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു. ഇസ്രൊ ചെയർമാൻ മാറുകയാണെങ്കിൽ തനിക്കും വി എസ്എസ്‍സിയിലേക്ക് മാറ്റമുണ്ടാകുമെന്ന കണക്ക് കൂട്ടലിലാണ് എൽപിഎസ്‍സിയിലെ നിയമനം വേഗത്തിലാക്കാൻ നാരായണൻ ശ്രമിച്ചതെന്നാണ് ആരോപണം.

എന്നാൽ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നിയമനം എന്ന് അദ്ദേഹത്തിന്റെ ഓഫിസ് അവകാശപ്പെട്ടു. ഒക്ടോബറിലാണ് സയന്റിസ്റ്റ് എഞ്ചിനിയർ എസ്‍സി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചതെന്നും ഒക്ടോബർ 27 മുതൽ നവംബർ 9 വരെ എൽപിഎസ്‍സി വെബ്സൈറ്റിൽ അപേക്ഷ പോർട്ടൽ ലഭ്യമായിരുന്നുവെന്നുമാണ് വിശദീകരണം. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനിയറിങ് ബിടെക്കും, വെരി ലാർജ് സ്കെയിൽ ഇന്റഗ്രേഷനിൽ എംടെക്കും ഉള്ളവർക്കായിരുന്നു തസ്തികയിലേക്ക് അപേക്ഷിക്കാൻ ആകുമായിരുന്നത്. എംടെക്കുകാരനായ സിദ്ധാർത്ഥിന്റെ അപേക്ഷ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പരിഗണിച്ചതെന്നും മെറിറ്റ് ലിസ്റ്റിൽ രണ്ടാം റാങ്കുകാരനായിരുന്നു സിദ്ധാർത്ഥമെന്നുമാണ് വിശദീകരണം. അതേസമയം, ഡോ. ശിവൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.