- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ഘടകങ്ങളും വളർച്ചാ നിരക്കിൽ വലിയ കുറവ് രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6 ശതമാനം മാത്രം കുറവ് കാണിച്ചത് എങ്ങനെ? സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്മെന്റിൽ രണ്ടുലക്ഷം കോടിയിലേറെ കാണിച്ചത് ഏത് അഡ്ജസ്റ്റുമെന്റിന് വേണ്ടി? സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില പിശകുകൾ ആസൂത്രിതമായി കേന്ദ്രം വരുത്തിയോ എന്ന സംശയം പങ്കുവച്ച് ഡോ. കെ.വി. വേലായുധൻ
വാർഷിക ബഡ്ജറ്റിനു മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് സാമ്പത്തിക സർവ്വേ. 2017-18ലെ സാമ്പത്തിക സർവേ 2018 ജനുവരി 29ന് അവതരിപ്പിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളായ ജി.എസ്.ടി, നിക്ഷേപത്തിലും മിച്ചം വയ്ക്കലിലും വന്ന മാന്ദ്യം എന്നിവയെക്കുറിച്ച് ഒന്നാംഖണ്ഡം വിശകലനം ചെയ്യുമ്പോൾ രണ്ടാംഖണ്ഡം സാമ്പത്തിക സ്ഥിയെക്കുറിച്ച് അവലോകനം ചെയ്യുന്നു. 2017-18 ൽ ജിഡിപി 6.5 ശതമാനം വളർച്ച നേടിയെന്നും ഇതുപ്രതീക്ഷിച്ച നിരക്കിനു താഴേയാണെന്നും സാമ്പത്തിക സർവേ പറയുന്നു. ഈ സർവേപ്രകാരം, 2017-18ൽ ജിഡിപി 6.5 ശതമാനം വളർച്ചനേടി. ഇതാവട്ടെ പ്രതീക്ഷിത ലക്ഷ്യത്തെക്കാൾ കുറവാണ്. പക്ഷേ, 2014-15 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലെ ശരാശരി വളർച്ചാ നിരക്ക് 7.3 ശതമാനമാണെന്നും അതിനാൽ ഈ വർഷത്തെ കുറവിൽ വലിയ ഉൽക്കണ്ഠക്ക് കാര്യമില്ലെന്നും സർവ്വേപറയുന്നു. ഈ കാലയളവിൽ നടന്ന രണ്ടു സാമ്പത്തിക പരിഷ്‌ക്കാരങ്ങളായ ജിഎസ്ടിയും നോട്ടുപിൻവലിക്കലും സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സർവ്വേ പറയാതെ പറഞ്ഞുവയ്
വാർഷിക ബഡ്ജറ്റിനു മുന്നോടിയായി പാർലമെന്റിൽ അവതരിപ്പിക്കുന്ന ഔദ്യോഗിക രേഖയാണ് സാമ്പത്തിക സർവ്വേ. 2017-18ലെ സാമ്പത്തിക സർവേ 2018 ജനുവരി 29ന് അവതരിപ്പിച്ചു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങളായ ജി.എസ്.ടി, നിക്ഷേപത്തിലും മിച്ചം വയ്ക്കലിലും വന്ന മാന്ദ്യം എന്നിവയെക്കുറിച്ച് ഒന്നാംഖണ്ഡം വിശകലനം ചെയ്യുമ്പോൾ രണ്ടാംഖണ്ഡം സാമ്പത്തിക സ്ഥിയെക്കുറിച്ച് അവലോകനം ചെയ്യുന്നു. 2017-18 ൽ ജിഡിപി 6.5 ശതമാനം വളർച്ച നേടിയെന്നും ഇതുപ്രതീക്ഷിച്ച നിരക്കിനു താഴേയാണെന്നും സാമ്പത്തിക സർവേ പറയുന്നു.
ഈ സർവേപ്രകാരം, 2017-18ൽ ജിഡിപി 6.5 ശതമാനം വളർച്ചനേടി. ഇതാവട്ടെ പ്രതീക്ഷിത ലക്ഷ്യത്തെക്കാൾ കുറവാണ്. പക്ഷേ, 2014-15 മുതൽ 2017 വരെയുള്ള കാലഘട്ടത്തിലെ ശരാശരി വളർച്ചാ നിരക്ക് 7.3 ശതമാനമാണെന്നും അതിനാൽ ഈ വർഷത്തെ കുറവിൽ വലിയ ഉൽക്കണ്ഠക്ക് കാര്യമില്ലെന്നും സർവ്വേപറയുന്നു. ഈ കാലയളവിൽ നടന്ന രണ്ടു സാമ്പത്തിക പരിഷ്‌ക്കാരങ്ങളായ ജിഎസ്ടിയും നോട്ടുപിൻവലിക്കലും സമ്പദ് വ്യവസ്ഥയിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് സർവ്വേ പറയാതെ പറഞ്ഞുവയ്ക്കുന്നു.
ജിഡിപി കണക്കു കൂട്ടുന്നരീതി
സാമ്പത്തിക സർവേ സംബന്ധിച്ചു കൂടുതൽ വിശകലനം നടത്തുന്നത്തിനു മുൻപ് ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ചുള്ള ചില വിവരങ്ങൾ അറിയേണ്ടതുണ്ട്. രാജ്യത്തെ എല്ലാ വിഭാഗത്തിൽ പെട്ട ആളുകളും നടത്തുന്ന ചെലവ് കൂട്ടിയെടുത്ത ജിഡിപി കാണുന്നതാണ് ഒരുരീതി. മൊത്തം ഉല്പാദന മൂല്യം കൂട്ടിയെടുത്തും, രാജ്യത്തെ മുഴുവനാളുകളുടേയും വരുമാനം കൂട്ടിയെടുത്തും ജിഡിപി (മൊത്തം ആഭ്യന്തര ഉൽപ്പന്നം) കണക്കാക്കാം. ജിഡിപി പലരീതിയിൽ കണക്കാക്കുമ്പോൾ ചില അന്തരംകാണാം. ഇതിനു ചില ക്രമീകരണം നടത്താറുണ്ട്. ഇതിനെ സ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം (statistical adjustment) എന്ന് പറയുന്നു. ജിഡിപി കണക്കാക്കുമ്പോൾ ഒരു വർഷത്തെ മൊത്തം ചെലവ് വിപണിവിലയിലാണ് കണക്കാക്കുന്നത്. മുൻപ് കണക്കാക്കിയിരുന്നത് ഫാക്ടർ പ്രൈസിലായിരുന്നു. ഈ കണക്കുകൂട്ടലിലെ മാറ്റം തുകയിൽ ചില്ലറമാറ്റം ഉണ്ടാക്കാം. ഇത് ഒരുവർഷം മാത്രമേ സംഭവിക്കൂ. രണ്ടുരീതിയിലും ജിഡിപി കണക്കാക്കുന്നതിൽ അന്തരം ഇപ്രകാരംമാണ്: ജിഡിപി വിപണിവിലയിൽ = ജിഡിപി ഫാക്ടർ വിലയിൽ +പരോക്ഷനികുതി - സബ്‌സിഡികൾ.
ജിഡിപി വളർച്ചാനിരക്ക് കണക്കാക്കുന്നതിലെ പിശകുകൾ
മേൽ പറഞ്ഞ മൂന്നുരീതികളിൽ ഏതുപയോഗിച്ചും ജിഡിപികണക്കാക്കാം. ചെലവിന്റെ അടിസ്ഥാനത്തിൽ ജിഡിപി കണക്കാക്കി അത് ഇൻകത്തിന്റ അടിസ്ഥാനത്തിൽ കണക്കാക്കിയ ജിഡിപിയുമായി ഒത്തുനോക്കി അന്തരംസ്റ്റാറ്റിസ്റ്റിക്കൽ ക്രമീകരണം വഴി ഏകീകരിക്കും.ആഗോളതലത്തിൽ ജിഡിപി കണക്കാക്കുന്നരീതിയാണ് ഇപ്പോൾ ഇന്ത്യ പിന്തുടരുന്നത്.
ഈ രീതിയിൽ സാധനങ്ങളുടെ വിപണിവിലയാണ് പരിഗണിക്കുന്നത്. സാമ്പത്തിക സർവേയുടെ അനുബന്ധമായി ചേർത്തിരിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ പട്ടികയിൽ നിന്നും ജിഡിപി കണക്കാക്കുന്നതു സംബന്ധിച്ച ചിലസൂചനകൾ ലഭിക്കുന്നു. സ്വകാര്യ ഉപഭോഗച്ചെലവ് (പിഎഫ്‌സിഇ), ഗവൺമെന്റ്ഉപഭോഗച്ചെലവ് (ജിഎഫ്‌സിഇ), മൊത്തം സ്ഥിര മൂലധന (ജി.എഫ്.സി.എഫ്), ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർധന (സിഐഎസ്), കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരം എന്നിവയാണ് ഇവിടെ പരിഗണിച്ചിരിക്കുന്ന പ്രധാനഇനങ്ങൾ. ഇതോടൊപ്പം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്റ്റ്‌മെന്റുകൾ വരുത്തി ജിഡിപി ഏകീകരിച്ചിരിക്കുന്നതായി കാണാം. 2017-18ലെ സാമ്പത്തിക സർവ്വേയിൽ കൊടുത്തിരിക്കുന്ന ജിഡിപി സംബന്ധിച്ച ചിലകണക്കുകൾ പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്നു.
യഥാർത്ഥ (real GDP) ജിഡിപിയിൽ 2013-14മുതൽ 2017-18വരെ ഉണ്ടായ മാറ്റം പട്ടികയിൽ നിന്ന് വ്യക്തമാകും. 2014-15 മുതൽ 2017-18 വരെയുള്ള എല്ലാ ബഡ്ജറ്റുകളിലും ജിഡിപിയും ജിഡിപിയുടെ മറ്റുഘടകങ്ങളിലും വർദ്ധനവുണ്ടായിരിക്കുന്നു. ഇനി നമുക്ക് 2017-18ൽ ജിഡിപി വിശദമായി പരിശോധിക്കാം. 2016-17ൽ നിന്നും 2017-18ൽ എത്തുമ്പോൾ യഥാർത്ഥ ജിഡിപി 1,21,89,854 കോടി രൂപ ആയിരുന്നത് 1,29,85,363 കോടി രൂപ ആയി വർധിച്ചു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു വർഷത്തിനുള്ളിൽ ജിഡിപിയിൽ 7,95,509 കോടി രൂപയുടെ വർധനയുണ്ടായി. ഈ കാലയളവിൽ സ്വകാര്യ ഉപഭോഗച്ചെലവ് 68,06,624 കോടി രൂപയിൽ നിന്ന് 72,38,252 കോടി രൂപയായും സർക്കാർ ഉപഭോഗച്ചെലവ് 13,40,086 കോടി രൂപയായി നിന്നും 14,54,468 കോടി രൂപയായും മൊത്തം സ്ഥിരനിക്ഷേപ മൂലധനം 36,02,041 കോടി രൂപയിൽ നിന്ന് 37,65,058 കോടി രൂപയായും വർദ്ധിച്ചു.
ഇതോടൊപ്പം മറ്റുഘടകങ്ങളും സാരമായ വർധന രേഖപ്പെടുത്തി. ഇതുപ്രകാരം നോട്ടുപിൻവലിക്കലിന്റെ ആഘാതമോ ജിഎസ്ടിയുടെ പരുക്കോ ഏൽക്കാതെ ജിഡിപി വളർച്ചാ നിരക്ക് 6.5 ശതമാനം രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെയാണ് നാംകണക്കിന്റവിശദാംശങ്ങൾ പരിശോധിക്കാൻ നിർബന്ധിതരാകുന്നത്. ഈ പരിശോധനയ്ക്ക് ആവശ്യമായ കൂടുതൽ വിവരങ്ങൾ പട്ടിക രണ്ടിൽ കൊടുത്തിരിക്കുന്നു.
2016-17 നെ ആപേക്ഷിച് 2017-18ൽ ജിഡിപിയുടെ ഏതാണ്ടെല്ലാ ഘടകങ്ങളും കുറഞ്ഞ വളർച്ചാ നിരക്കാണ് കാണിച്ചിരിക്കുന്നത്. സ്വകാര്യ ഉപഭോഗം, പബ്ലിക്ഉപഭോഗം, ഉത്പന്നങ്ങളുടെ സ്റ്റോക്കിലുള്ള വർദ്ധന എന്നിവയെല്ലാം മുൻവർഷത്തെ വളർച്ചാനിരക്കിൽ നിന്നും സാരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരമൂലധനം മാത്രമാണ് നേരിയ വർദ്ധന കാണിച്ചിരിക്കുന്നത്.
എന്നാൽ കയറ്റുമതിയുടെ വളർച്ചയിൽ മാറ്റമില്ലാതെ തുടരുമ്പോൾ ഇറക്കുമതിയുടെ വളർച്ചാനിരക്കിൽ വൻ വർദ്ധനവുണ്ടായതായി കാണാം. ഇങ്ങനെ കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്കിൽ നിന്നും എല്ലാ ഘടകങ്ങളും വളർച്ചാനിരക്കിൽ സാരമായ ഇടിവു രേഖപ്പെടുത്തുമ്പോൾ ജിഡിപിയിൽ 0.6ശതമാനം കുറവുമാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വിശ്വസനീയമായി തോന്നുന്നില്ല. ഇതുസംബന്ധിച്ച പരിശോധന നമ്മെ എത്തിക്കുന്ന ഒരേഒരുഘടകം സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്‌റ്‌മെന്റിലാണ്.
ജിഡിപിയുടെ വളർച്ചയെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഘടകങ്ങളെല്ലാം വളർച്ചയിൽ താഴോട്ട് പോയപ്പോൾ വർദ്ധനവുണ്ടായത് സ്്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്‌റ്‌മെന്റിൽ മാത്രമാണ്. 2016-17ൽ 83,897 കോടി രൂപ ഈ ഇനത്തിൽ ഉൾപെടുത്തിയപ്പോൾ 2017-18ൽ ഇതാവട്ടെ 2,00,434 കോടി രൂപയായി. ഈ തുക മൊത്തമായി ഒഴിവാക്കിയാൽ വളർച്ചാനിരക്ക് 5.0 ശതമാനത്തിൽ താഴെയാകുമെന്നോർക്കണം.
സ്റ്റാറ്റിസ്റ്റിക്കൽ അഡ്ജസ്‌റ്‌മെന്റ് കണക്കുകൂട്ടലിലെ പോരായ്മ പരിഹരിക്കാൻ ഉപയോഗിക്കുന്നത് അനുവദനീയമാണെങ്കിലും അത് വളരെ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. ഇത്രയും വലിയ തുക ആ ഇനത്തിൽ ജിഡിപി കണക്കാക്കുമ്പോൾ കൂട്ടിയത്് സംശയകരമാണ്. സാമ്പത്തിക സർവ്വയിലെ കണക്കുകളിൽ ചില ആസൂത്രിത പിശകുകൾ വരുത്തിയിട്ടുണ്ടോയെന്നു സംശയിക്കത്തക്കതാണ് ഈ അഡ്ജസ്‌റ്‌മെന്റ് മറിച്ചാണെങ്കിൽ ബന്ധപ്പെട്ടവർ അത് വിശദീകരിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ, സാമ്പത്തികസർവേ രാജ്യത്തെ യഥാർത്ഥസാമ്പത്തിക സ്ഥിതിയാണോ അവതരിപ്പിച്ചതെന്ന് സംശയിക്കണം.
(അമേരിക്കയിലെ മോണ്ട്‌ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ആയിരുന്നു ലേഖകൻ)