- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടി വിചിത്രം; രാഷ്ട്രീയ പകപ്പോക്കലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു; പിരിച്ചുവിടൽ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും കഫീൽ ഖാൻ
ന്യൂഡൽഹി: സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട നടപടി വിചിത്രമെന്ന് ഡോ.കഫീൽ ഖാൻ. യുപി സർക്കാരിന്റെ നടപടി രാഷ്ട്രീയ പകപ്പോക്കലാണോ എന്നത് സംശയിക്കേണ്ടിരിക്കുന്നു. മാധ്യമങ്ങളിലൂടെയാണ് സർക്കാർ പിരിച്ചുവിടൽ നടപടി അറിയിക്കുന്നത്. തനിക്ക് നേരിട്ട് ഒരു വിവരവും സർക്കാർ തന്നില്ലെന്നും കഫീൽ ഖാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബി ആർ ഡി മെഡിക്കൽ കോളേജിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഉത്തർപ്രദേശ് സർക്കാരിന്റെ നടപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് 2017 മുതൽ കഫീൽ ഖാൻ സസ്‌പെൻഷനിലാണ്. സസ്‌പെൻഷനെതിരായ നിയമ പോരാട്ടം കോടതിയിൽ തുടരവേയാണ് സർക്കാർ കഫീൽ ഖാനെ സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടത്.
അനീതിക്കെതിരെ ശബ്ദിക്കുക എന്നത് തന്റെ കർമ്മമാണ്. പിരിച്ചു വിട്ട ഉത്തരവ് ലഭിച്ചതിന് ശേഷം നിയമ നടപടിയെന്ന് കഫീൽ ഖാൻ പറഞ്ഞു.
പെട്ടെന്ന് സർക്കാർ തന്നെ പുറത്താക്കയതിന്റെ കാരണം അറിയില്ലെന്ന് ഡോ.കഫീൽ ഖാൻ വ്യക്തമാക്കി. കുട്ടികളുടെ മരണത്തിന് ഉത്തരവാദി യു പി സർക്കാർ ആണെന്നും യഥാർത്ഥ കുറ്റക്കാരനായ ആരോഗ്യ മന്ത്രി ഇപ്പോളും സ്വതന്ത്രനായി നടക്കുമ്പോഴാണ് തനിക്കെതിരെ നടപടിയെന്നും കഫീൽ ഖാൻ പ്രതികരിച്ചു.
യുപിയിലെ ഗൊരഖ്പുർ ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ശിശുരോഗ വിദഗ്ധനായിരുന്ന ഡോ കഫീൽ ഖാൻ ഓക്സിജൻ ലഭ്യതയുടെ അഭാവത്തെതുടർന്ന് ആശുപത്രിയിലെ അറുപതിലേറെ കുട്ടികൾ മരിച്ച സംഭവത്തിൽ കുറ്റാരോപിതനായിരുന്നു. ഈ കേസിൽ മാസങ്ങളോളം ഇദ്ദേഹത്തെ ജയിലിൽ അടിച്ചിരുന്നു.
ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2017 ഓഗസ്റ്റ് 10നാണ് കുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഓക്‌സിജൻ കുറവാണെന്ന കാര്യം കഫീൽ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ച് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കഫീൽ ഖാനെ അറസ്റ്റ് ചെയ്തു.
പിന്നാലെ എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. തുടർന്ന് കേസിൽ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീൽ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു.
ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോർട്ടെങ്കിലും സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്റെ വാദം.
യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ പ്രധാന ആശുപത്രിയാണ് ബാബ രാഘവ് ദാസ് മെഡിക്കൽ കോളേജ്. ഔദ്യോഗിക കണക്കനുസരിച്ചു ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 2017 ഓഗസ്റ്റിൽ 290 കുട്ടികളുടെ മരണം സംഭവിച്ചിരുന്നു. ഇതിൽ 213 കുട്ടികളും നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലായിരുന്നു.




