- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടർ കെ. ആർ. വിശ്വംഭരൻ ഐഎഎസ് അന്തരിച്ചു; അന്ത്യം മസ്തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലിരിക്കെ
കൊച്ചി: ഔഷധി ചെയർമാനും കാർഷിക വാഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായ കെ.ആർ. വിശ്വംഭരൻ ഐഎഎസ്(72) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആലപ്പുഴ മാവേലിക്കര കുന്നം സ്വദേശിയാണ്.
മാവേലിക്കര ബിഷപ്പ്മൂർ കോളജിൽ ബിരുദ പഠനശേഷം എറണാകുളം മഹാരാജാസിലും ലോ കോളജിലും പഠിച്ചു. കാനറാ ബാങ്കിൽ ഓഫിസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് സർക്കാർ ജോലിയിൽ ഫോർട്ട് കൊച്ചി തഹസിൽദാരായി. തുടർന്ന് പ്രോട്ടോക്കോൾ ഓഫിസർ, ഫോർട്ട്‌കൊച്ചി ആർഡിഒ, എറണാകുളം ജില്ലാ കലക്ടർ, ആലപ്പുഴ ജില്ലാ കലക്ടർ, ഹയർ എഡ്യൂക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ, ടെൽക്, റബർമാർക്ക് എംഡി എന്നീ നിലകളിൽ ജോലി ചെയ്തു. കാർഷിക സർവകലാശാല വൈസ് ചാൻസലറായാണ് വിരമിച്ചത്. കുറച്ചു നാൾ എറണാകുളത്ത് അഭിഭാഷകനായും പ്രവർത്തിച്ചു.
എറണാകുളം ജില്ലയിലെ വിവിധ സാംസ്‌കാരിക സംഘടനകളുമായി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്. സ്വരലയ ഉൾപ്പടെയുള്ള സംഘടനകളുടെ അധ്യക്ഷനായിരുന്നു. രാജ്യാന്തര പുസ്തകോൽസവ സമിതി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കോമളം (എസ്‌ബിഐ റിട്ടയേർഡ് ഉദ്യോഗസ്ഥ), മക്കൾ: അഭിരാമൻ, അഖില.