തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് അന്താരാഷ്ട്ര അംഗീകാരം. പാരമ്പര്യ കൊളസ്‌ട്രോൾ രോഗബാധ (ഫെമിലിയൽ ഹൈപ്പർകൊളസ്‌റോമിയ) യെക്കുറിച്ചുള്ള പഠനത്തിനാണു നേട്ടം. മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം മേധാവി പ്രൊഫ. സുനിത വിശ്വനാഥൻ, പ്രൊഫ. ശിവപ്രസാദ്, പ്രൊഫ. ബി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്.

കോവിഡുകാലത്ത് അടക്കം ഹൃദ് രോഗ ചികിൽസയിൽ സുത്യർഹ സേവനമാണ് തിരുവനന്തപുരത്തെ കാർഡിയോളജി വിഭാഗം ചെയ്തത്. ഈ സമയത്ത് പോലും കോവിഡ് രോഗികൾക്കും കോവിഡ് ഇതര രോഗികൾക്കും ആൻജിയോപ്ലാസ്റ്റി അടക്കമുള്ള ചികിൽസ ഉറപ്പാക്കിയിരുന്നു ഈ വിഭാഗം. ഇതിനൊപ്പമാണ് സാമൂഹിക പഠനങ്ങളിലും ശ്രദ്ധ നൽകിയത്. ഇതാണ് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുന്നത്,

50 വയസിനു താഴെയുള്ള പുരുഷന്മാരിലും 60 വയസിനു താഴെയുള്ള സ്ത്രീകളിലും കാണപ്പെടുന്ന ഹൃദ്രോഗബാധയുടെ പ്രധാന കാരണമാണു പാരമ്പര്യ കൊളസ്‌ട്രോൾ രോഗം. ഇതുമായി ബന്ധപ്പെട്ടു 54 മലയാളി ഹൃദ്രോഗികളിൽ നടത്തിയ പഠനത്തിൽ 19-ഓളം പുതിയ ജനിതക വ്യതിയാനങ്ങൾ കണ്ടെത്തി. ഇതിൽ ഒമ്പതു ജനിതക വ്യതിയാനങ്ങൾ ഇന്ത്യയിൽനിന്ന് ആദ്യമായാണു റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഒരെണ്ണം ലോകത്തുതന്നെ ആദ്യമായി കണ്ടുപിടിക്കുന്നതാണ്.

തിരുവനന്തപുരം സ്വദേശിയായ 30 വയസുള്ള ഹൃദയാഘാത രോഗിയിലാണ് ഈ ജനിതക വ്യതിയാനം കണ്ടെത്തിയത്. കണ്ടുപിടിത്തത്തിന് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തി(എൻ ഐ എച്ച്)ന്റെ കീഴിലുള്ള നാഷണൽ സെന്റർ ഫോർ ബയോ ടെക്‌നോളജി ഇൻഫർമേഷന്റെ(എൻ സി ബി ഐ) പ്രത്യേക പരാമർശം ലഭിച്ചു.

ഇന്ത്യയിൽനിന്ന് ആദ്യമായാണ് ഒരു മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിന് ഇത്തരമൊരു നേട്ടം. ചെറുപ്പക്കാരെ ബാധിക്കുന്ന ഹൃദ്രോഗ കാരണങ്ങളിലേക്കുള്ള തുടർ ഗവേഷണത്തിനുള്ള നാഴികക്കല്ലുകൂടിയാണ് ഈ കണ്ടുപിടിത്തം. ദേശീയ ഏജൻസിയായ നാഷണൽ ഇന്റർവെൻഷൻ കൗൺസിൽ കണക്കുകളിൽ രാജ്യത്തെ ഏറ്റവും കൂടുതൽ ആൻജിയോ പ്ലാസ്റ്റി ചെയ്യുന്ന സർക്കാർ ആശുപത്രിയെന്ന സ്ഥാനം തിരുവനന്തപുരം മെഡിക്കൽ കോളേജിനാണ്.

ഹൃദയത്തിന്റെ താളക്രമത്തെ ബാധിക്കുന്ന എട്രിയൽ ഫ്രിഡറലേഷൻ രോഗം ആർക്കെല്ലാം ഉണ്ടെന്ന് കണ്ടെത്താൻ വലിയൊരു സാമൂഹിക സർവ്വേയും കാർഡിയോളജി വിഭാഗം ഏറ്റെടുത്ത് നടപ്പാക്കിയിരുന്നു. ഇതും ഏറെ ചർച്ചയായിരുന്നു. കാർഡിയോളജി വിഭാഗം അയിരത്തിൽ അധികം ആരോഗ്യമുള്ള സ്‌കൂൾ കുട്ടികളിൽ നടത്തിയ പഠനത്തിൽ എട്ട് ശതമാനം കുട്ടികളിൽ ഹൈപ്പർ ടെൻഷൻ(രക്തസമ്മർദ്ദം) കണ്ടെത്തുകയും ചെയ്തു. ചികിൽസയ്‌ക്കൊപ്പം കേരളാ ആരോഗ്യ മോഡലിനെ ശക്തിപ്പെടുത്താനാണ് ഈ പഠനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്.