തിരുവനന്തപുരം: കണ്ണൂർ ജില്ലാ ആശുപത്രിയിലെ ആർ.എം.ഒ ഡോ . കെ. വി ലതീഷിനെ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസറായി നിയമിച്ചതിൽ മന്ത്രി കെ.കെ. ശൈലജ താല്പര്യമെടുത്താന്ന ആരോപണം ശക്തമാകുന്നു. ബാലാവകാശ കമ്മീഷൻ അംഗത്തിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ ആശ്വാസത്തിൽ ഇരിക്കുന്ന മന്ത്രിയെ വെട്ടിലാക്കുന്നതാണ് പുതിയ ആരോപണം. അച്ചടക്ക നടപടി നേരിടുന്ന ജൂനിയർ ഡോക്ടർ മന്ത്രിയുടെ താൽപ്പര്യ പ്രകാരം ഉന്നത നിയമനം ലഭിച്ചുവെന്നാണ് ആക്ഷേപം. കതിരൂർ മനോജ് വധക്കേസിലെ പ്രതിക്ക് വേണ്ടി ഇടപെടൽ നടത്തിയെന്ന ആരോപണവും ഈ ഡോക്ടർക്കെതിരെ ഉയർന്നിരുന്നു.

കതിരൂർ മനോജ് വധക്കേസിലെ പ്രതി കെ.വി.വിക്രമനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ഒ.പി യിൽ പരിശോധിക്കുകയോ ചെയ്യാതെ മനോരോഗത്തിന് നിംഹാൻസിൽ ഉന്നത ചികിത്സയ്ക്ക് റഫർ ചെയ്യുന്ന കത്ത് നൽകിയത് ഡോ. ലതീഷായിരുന്നു. ഇത്തരം കത്ത് നൽകേണ്ടത് ജില്ലാ ആശുപത്രി സൂപ്രണ്ട് ആയിരുന്നു. ചട്ടങ്ങൾ ലംഘിച്ച് രേഖകളിൽ പെടുത്താതെ രോഗിക്ക് ആശുപത്രി ലെറ്റർ ഹെഡ്ഡിൽ സർട്ടിഫിക്കറ്റ് നൽകിയത് കുറ്റകരമാണെന്നായിരുന്നു ഇത്. സിബിഐയാണ് ഇത് കണ്ടെത്തിയത്. ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിച്ചതും അവരാണ്. തുടർന്നാണ് അന്വേഷണം നടന്നത്.

ഇതിനൊപ്പം നിരവധി പേർക്ക് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിന് ഡോ. ലതീഷിനെതിരെ നടപടിയെടുക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി, ഡി.എച്ച്. എസ്, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ ഫയലിൽ കുറിച്ചതാണ്. ഈ ആരോപണമെല്ലാം അന്വേഷിച്ച ആരോഗ്യ വകുപ്പ് അഡി.ഡയറക്ടർ (വിജിലൻസ് )ഡോ. നീത വിജയന്റെ റിപ്പോർട്ടും ഡോക്ടർക്കെതിരായിരുന്നു. ആശുപത്രി ലെറ്റർ ഹെഡ്ഡിൽ സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ചികിത്സാ രേഖകൾ തയ്യാറാക്കിയതിന് ഡോക്ടർക്കെതിരെ നടപടി ആരംഭിച്ചെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോ.ലതീഷിനെതിരെ കർശന നടപടിയെടുക്കാൻ ആരോഗ്യ ഡയറക്ടറോട് നിർദ്ദേശിച്ചിട്ടുണ്ടെന്നായിരുന്നു ആരോഗ്യ സെക്രട്ടറി അറിയിച്ചിരുന്നത്. അത്തരത്തിലൊരു ഡോക്ടറെയാണ് സുപ്രധാന തസ്തികയിൽ നിയോഗിച്ചത്.

കല്യാശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ അസിസ്റ്റന്റ് സർജനായിരിക്കുമ്പോഴായാണ് ആറുമാസം മുൻപ് ലതീഷിനെ ജില്ലാ പ്രോഗ്രാം മാനേജറായി നിയമിക്കുന്നത്. ലതീഷിനെതിരേ നടപടിക്ക് നിർദ്ദേശംനൽകിയ അണ്ടർസെക്രട്ടറി കെ.എസ്. വിജയശ്രീ തന്നെയാണ് പ്രോഗ്രാം മാനേജറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇറക്കിയത്. വിക്രമൻ മദ്യത്തിന് അടിമയാണെന്നും വർഷങ്ങളായി തന്റെ കീഴിൽ ചികിത്സയിലാണെന്നുമുള്ള റിപ്പോർട്ടാണ് ലതീഷ് നൽകിയത്. ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വിക്രമനെ ചികിത്സിച്ചതായി രേഖയുമുണ്ടായിരുന്നില്ല. വ്യാജമായാണ് സർട്ടിഫിക്കറ്റ് നൽകിയതെന്ന് ആശുപത്രി സൂപ്രണ്ടും സിബിഐയെ അറിയിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് സിബിഐ.യുടെ വിലയിരുത്തൽ. ഇതിനുശേഷം, സിബിഐ. അന്വേഷണസംഘം ലതീഷിൽനിന്ന് മൊഴിയെടുത്തു.

ലതീഷ് നൽകിയത് വ്യാജരേഖയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർക്ക് സിബിഐ. ഡിവൈ.എസ്‌പി. കത്ത് നൽകിയത്. ജില്ലാ ആശുപത്രിയുടെ ലെറ്റർപാഡ് ഉപയോഗിക്കാൻ ലതീഷിന് അധികാരമില്ലെന്നും അനുമതി നൽകിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സിബിഐ.ക്ക് വിശദീകരണംനൽകി. ഇദ്ദേഹത്തിനെതിരേ വകുപ്പുതല നടപടി സ്വീകരിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും സിബിഐ.യെ അറിയിച്ചു. ഇത്തരത്തിലൊരാളെയാണ് ഉന്നത പദവിയിൽ ശൈലജ ടീച്ചർ നിയമിച്ചതെന്നാണ് ആരോപണം.