ചെന്നൈ: പ്രശസ്ത സംഗീതജ്ഞൻ ബാലമുരളീകൃഷ്ണ അന്തരിച്ചു. 85 വയസായിരുന്നു. ചെന്നൈയിലാണ് അദ്ദേഹത്തിന്റെ അന്ത്യം ഉണ്ടായത്. കർണ്ണാടക സംഗീതജ്ഞൻ , വിവിധ സംഗീതോപകരണ വിദ്വാൻ , പിന്നണി ഗായകൻ , അഭിനേതാവ് , വാഗ്വേയകാരൻ, രാഗോപജ്ഞാതാവ് , സംഗീത സംവിധായകൻ തുടങ്ങി അദ്ധേഹത്തിന്റെ വിശേഷണങ്ങൾ ഒട്ടനവധിയാണ്. സംഗീതത്തിൽ ജനിച്ച് സംഗീതത്തിൽ വളർന്ന് സംഗീതത്തിൽ തന്നെ ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

നന്നേ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹം അച്ഛന്റെ തണലിൽ ആണ് വളർന്നത്. മികച്ച ഗുരുവിന്റെ കീഴിൽ സംഗീതാഭ്യസനം തുടങ്ങിയ അദ്ദേഹം എട്ടാം വയസ്സിൽ തന്നെ ഒരു ദീർഘസമയ കച്ചേരി നടത്തി വിസ്മയമായി. സംഗീത രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണിയാലൊടുങ്ങാത്തതാണ്.

എഴുപത്തി രണ്ടു മേളകർത്താരാഗങ്ങളും യൗവ്വന കാലത്ത് തന്നെ ഹൃദിസ്ഥമാക്കിയ ബാലമുരളി പിന്നീട് അതിലെല്ലാം കീർത്തനങ്ങളും രചിച്ചു. അതിനു പുറകെ പ്രശസ്തങ്ങളും അല്ലാത്തതുമായ ജന്യ രാഗങ്ങളിൽ കൃതികൾ രചിച്ചു. അപ്രശസ്തങ്ങളായ പല രാഗങ്ങളും കച്ചേരികളിൽ പാടിയും ശിഷ്യഗണങ്ങളിലൂടെയും ജനപ്രിയമാക്കി.. സംഗീത സംവിധായകനായി.. നടനായി... ഇന്നത്തെ പ്രമുഖരിൽ പലരും അദ്ധേഹത്തിന്റെ ശിഷ്യന്മാരാണ്... വായ്‌പ്പാട്ടിന് പുറമേ വയോളയിലും മൃദംഗത്തിലും ഗഞ്ചിറയിലും പ്രാവീണ്യം നേടി... പണ്ഡിറ്റ് ഭീം സെൻ ജോഷിയുടെയും ഹരിപ്രസാദ് ചൗരസ്യയുടെയും ഒപ്പം സംഗീത പരിപാടികൾ നടത്തി...ലോകമെമ്പാടും ഇരുപത്തി അയ്യായിരത്തിൽ കൂടുതൽ കച്ചേരികൾ നടത്തിയ അദ്ദേഹമാണ് അന്നമാചാര്യ കൃതികൾ പ്രശസ്തിയിൽ കൊണ്ട് വന്നത്..

ഒരു സംഗീത ശാസ്ത്രജ്ഞൻ കൂടിയായ ബാലമുരളീ കൃഷ്ണ ഏതാനും രാഗങ്ങൾ കണ്ടു പിടിക്കുക കൂടി ചെയ്തിട്ടുണ്ട്. രോഹിണി , മഹതി , ലവംഗി , സിദ്ധി , സുമുഖം , സർവശ്രീ , ഒംകാരി , ഗണപതി തുടങ്ങിയ രാഗങ്ങൾ അദ്ദേഹം കണ്ടു പിടിച്ചതാണ് .. ഇതിൽ തന്നെ മഹതി , ലവംഗി , സിദ്ധി ,സുമുഖം എന്നീ രാഗങ്ങൾക്ക് നാല് സ്വരങ്ങൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അതിലേറെ അത്ഭുതം സർവശ്രീ , ഒംകാരി , ഗണപതി എന്നീ രാഗങ്ങൾക്ക് വെറും മൂന്നു സ്വരങ്ങളും !! അദ്ധേഹത്തിന്റെ നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കഴിവുകളും എത്ര മാത്രം ഉണ്ടെന്ന് ഇതിലൂടെ തന്നെ മനസ്സിലാക്കാം.

പുതുമകളെ എന്നും ശ്രദ്ധിക്കാറുള്ള രവീന്ദ്രൻ മാസ്റ്റർ കിഴക്കുണരും പക്ഷി എന്ന തന്റെ ചിത്രത്തിലെ അരുണകിരണമണിയും എന്ന ഗാനം ബാലമുരളീകൃഷ്ണ കണ്ടു പിടിച്ച ലവംഗി എന്ന രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.. മാസ്റ്ററുടെ തന്നെ ഭരതം എന്ന ചിത്രത്തിൽ ഒന്നിലധികം ഗാനങ്ങൾ ബാലമുരളീകൃഷ്ണ പാടിയിട്ടുമുണ്ട്..

വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ധേഹത്തെ അനേകം രാജ്യാന്തര അവാർഡുകൾ തേടിയെത്തിയിട്ടുണ്ട്..മികച്ച പിന്നണിഗായകനും മികച്ച സംഗീത സംവിധായകനും ഉള്ള നാഷണൽ അവാർഡ് നേടിയ അപൂർവ്വതയും ഇദ്ദേഹത്തിന്റെ പേരിലുണ്ട് .. ഫ്രഞ്ച് സർക്കാർ അദ്ധേഹത്തെ ഷെവലിയർ പുരസ്‌കാരം നൽകി ആദരിച്ചു.