പത്തനംതിട്ട: മനീഷ എന്ന ആദിവാസിപ്പെൺകൊടിക്ക് വലിയ മോഹങ്ങളൊന്നുമുണ്ടായിരുന്നില്ല. നന്നായി പഠിച്ച് ഒരു നഴ്സ് ആകണം. എന്നിട്ട്, സ്വന്തം ഗ്രാമത്തിൽ സേവനം ചെയ്യണം. പക്ഷേ, നഴ്സാകാൻ ആഗ്രഹിച്ച മനീഷയെ പഠനത്തിലെ മികവ് എത്തിച്ചത് ഡോക്ടറുടെ കുപ്പായത്തിലാണ്. അപ്പോഴും അടിസ്ഥാന ആഗ്രഹത്തിന് മാറ്റമില്ല.

സ്വന്തം ഗ്രാമത്തിൽ സർക്കാർ ഡോക്ടറായി വരണം. സ്വന്തക്കാർക്കും നാട്ടുകാർക്കും മരുന്ന് എഴുതണം. പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ ചിറ്റാർ പാമ്പിനി ആദിവാസി കോളനിയിൽ പ്ലാങ്കൂട്ടത്തിൽ മുരളീധരന്റെയും രജനിയുടെയും രണ്ടു മക്കളിൽ ഇളയ ആളാണ് മനീഷ. സീതത്തോട് പഞ്ചായത്തിലെ ആദിവാസി മേഖലയിൽ നിന്ന് ആദ്യമായി ഡോക്ടർ ആകുന്ന പെൺകുട്ടി.

നഴ്സാകാൻ പഠിച്ച മനീഷയെ ഡോക്ടർ ആക്കിയത് ബന്ധുക്കളും പട്ടികവർഗ വകുപ്പും ചേർന്ന് നൽകിയ പിന്തുണയാണ്. ഒരു പാട് പരാധീനതകൾക്കും ദുരിതങ്ങൾക്കും ഇടയിൽ നിന്നാണ് മനീഷ് പഠിച്ചു കയറിയത്. നാലാം ക്ലാസ് വരെ പഠിച്ചത് ചിറ്റാർ കൂത്താട്ടുകുളം ഗവ. എൽപിഎസിൽ. അഞ്ചാം ക്ലാസ് ആയപ്പോഴേക്കും പഠനം പുന്നപ്ര എംആർഎസിലേക്ക് മാറി. ഹയർ സെക്കൻഡറിയും അവിടെ തന്നെ തുടർന്നു. പാല ബ്രില്യൻസിൽ പ്രവേശന പരീക്ഷാ പരിശീലനം നടത്തി.

ഇതിനിടെ പട്ടികവർഗ ക്വോട്ടയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിന് പ്രവേശനം കിട്ടി. കഴിഞ്ഞ മാസമാണ് നല്ല മാർക്കോടെ മനീഷ് എംബിബിഎസ് പാസായത്. ഇപ്പോൾ ഹൗസ് സർജനാണ്. പണ്ടൊക്കെ ചിറ്റാർ പിഎച്ച്സി കാണുമ്പോൾ ആഗ്രഹിച്ചിട്ടുണ്ട്. ഡോക്ടർ ആകാനായിരുന്നു മോഹം. എന്നാൽ വീട്ടിലെ സാമ്പത്തിക പരാധീന തടസമായപ്പോൾ നഴ്സെങ്കിലും ആയാൽ മതിയെന്ന് മനസ്സിലുറപ്പിച്ചു. പഠനത്തിലെ മികവും നിശ്ചയദാർഡ്യവും മനീഷയെ കൈവിട്ടില്ല. അങ്ങനെ സുമനസ്സുകളുടെ സഹായത്തോടെ ഡോക്ടറുടെ കുപ്പായം സ്വന്തമായി.

പിതാവ് മുരളീധരൻ കർഷകനാണ്. മാതാവ് രജനി തൊഴിലുറപ്പിനും പോകുന്നു. ഇവരുടെ
തുഛവരുമാനം വീട്ടു ചെലവിന് പോലും തികയാറില്ലായിരുന്നു. റാന്നി പട്ടികവർഗ വിഭാഗം ഓഫീസിൽ ആദിവാസി വികസന ഓഫീസർ വിനോദിന്റെ സഹായമാണ് ഒരു പരിധി വരെ മനീഷയെ സഹായിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും നിഴലു പോലെ ഒപ്പം നിന്നു. മിക്ക പുസ്തകങ്ങളും എത്തിച്ചു കൊടുത്തത് അദ്ധ്യാപകരും കൂട്ടുകാരുമായിരുന്നു.

പിജിക്ക് പോകുന്നതിനാണ് മനീഷയ്ക്ക് ആഗ്രഹം. പക്ഷേ, സാമ്പത്തികം തടസം തന്നെയാണ്. നല്ല മനസുള്ളവർ സഹായിക്കുമെന്നാണ് പ്രതീക്ഷ. മനീഷയുടെ ഏക സഹോദരൻ മിഥുൻ പിഎസ് സി കോച്ചിങ്ങിന് പോകുന്നു. സർക്കാർ ജോലി തന്നെ ലക്ഷ്യം.