കൊച്ചി: കോൺഗ്രസ് പ്രസിഡന്റാകാൻ ഒരുങ്ങുന്ന രാഹുൽ ഗാന്ധിയെ വാനോളം പുകഴ്‌ത്തി രംഗത്തെത്തിയിരുക്കയാണ് മുൻപ്രധാനമന്ത്രി ഡോ. മന്മോഹൻസിങ്. കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി കഠിനാധ്വാനിയാണെന്ന് പറഞ്ഞ മുൻപ്രധാന മന്ത്രി രാഹുലിന്റെ പ്രവർത്തനങ്ങൾക്ക് എന്നെങ്കിലുമൊരിക്കൽ അംഗീകാരം ലഭിക്കുമെന്നും എന്നാൽ രാഷ്ട്രീയം പ്രവചിക്കാനാവാത്ത ഒരു തൊഴിലാണെന്നും എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പറയാനാവില്ലെന്നും ശ്രമിക്കുകയെന്നതാണ് പ്രധാനമെന്നും ഹിമാചൽ പ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ വികസന പ്രവർത്തനങ്ങൾ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ, ക്രമസമാധാന നിലയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും മന്മോഹൻ സിങ് പറഞ്ഞു. സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഫ് നടത്തുന്ന 'പടയൊരുക്ക'ത്തിൽ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മന്മോഹൻ സിങ് കൊച്ചിയിലെത്തിയത്.

അതേ സമയം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ഡിസംബർ ആദ്യവാരം ചുമതലയേൽക്കും. തീയതി ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തകസമിതി യോഗം തിങ്കളാഴ്ച ഡൽഹിയിൽ ചേരും.

19 വർഷമായി അധ്യക്ഷയായി തുടരുന്ന സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് ചേരുന്ന പ്രവർത്തകസമിതി യോഗത്തിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തീരുമാനിക്കും. ഡിസംബർ ആദ്യവാരത്തോടെയായിരിക്കും സ്ഥാനാരോഹണം. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും നാമനിർദേശപത്രികസമർപ്പിക്കില്ലെന്നും അതിനാൽ തന്നെ ഐകകണ്‌ഠേന രാഹുലിനെ അധ്യക്ഷനായി തീരുമാനിക്കുമെന്നുമാണ് ഹൈക്കമാൻഡ് വ്യക്തമാക്കുന്നത്.

അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുൻപ്തന്നെ അധ്യക്ഷനായി ചുമതലയേൽക്കുന്നത്, തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. മുൻപെങ്ങുമില്ലാത്തവിധം ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി സജീവമായി രംഗത്തുണ്ട്.