പാലാ: ആരും ആവശ്യപ്പെടാതെ തന്നെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാണ് ഡോ മാത്യു മാലയിൽ പാലാക്കാരുടെ കണ്ണും കരളുമായി മാറിയത്. സഹായം അഭ്യർത്ഥിച്ച് വീട്ടുമുറ്റത്ത് ചെല്ലുന്നവർക്കെല്ലാം പണം. വയറ് നിറയെ ഭക്ഷണം. പാവപ്പെട്ടവന് വേണ്ടുന്നതെല്ലാം വാരിക്കോരി നൽകാൻ ഡോ മാത്യു മാലയിലിന് യാതൊരു മടിയും ഇല്ലായിരുന്നു. ഇതോടെ ആറ് മാസം കൊണ്ട് മാത്യു മാലയിൽ പാലക്കാരുടെ മുത്തായി മാറി.

അപ്പോഴും അവരുടെ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു ആരാണ് ഈ ഡോ. മാത്യു മാലയിൽ. ചോദിക്കുന്നവരോടൊക്കെ തനിക്ക് ഇരുമ്പയിര് ബിസിനസ്സാണെന്നും ജീവകാരുണ്യപ്രവർത്തനം നടത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. നല്ല മനുഷ്യ സ്‌നേഹി എന്ന് പറഞ്ഞ് ജനം വാനോളം വാഴ്‌ത്തുകയും ചെയ്തു. ഒടുവിൽ ചെന്നൈയിൽ നിന്ന് സിബിഐ എത്തി അറസ്റ്റ് ചെയ്തപ്പോൾ മാത്യു മാലയിലിന്റെ തനിക്കുണം അറിഞ്ഞ് നാട്ടുകാർ മൂക്കത്ത് വിരൽ വെയ്ക്കുകയാണ്.

വ്യാജരേഖകൾ ഹാജരാക്കി പാസ്പോർട്ട് സംഘടിപ്പിച്ചെന്ന കേസിലാണ് ജീവകാരുണ്യപ്രവർത്തകനായ മാത്യു മാലയിലിനെ സിബിഐ അറസ്റ്റ് ചെയ്തത്. കോയമ്പകത്തൂർ, ഗോവ, മുംബൈ എന്തിന് കേരളത്തിൽ അടക്കം നിരവധി സംസ്ഥാനങ്ങളിൽ ഇയാളുടെ പേരിൽ കേസുകളുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. സിബിഐ. കേസിന്റെ അടിസ്ഥാനത്തിൽ ചെന്നൈ എഗ്മോർ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. വാറന്റുമായെത്തിയ സിബിഐ. ഉദ്യോഗസ്ഥർ പാലാ പൊലീസിന്റെ സഹായത്തോടെ പാലായിലെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

അതേസമയം ഭൂമി വിറ്റുനല്കാമെന്ന് വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി ഉതുപ്പ് ഐപ്പിൽനിന്ന് 189000 രൂപ വാങ്ങി കബളിപ്പിച്ചെന്ന പരാതിയിൽ പാലാ പൊലീസും കേസെടുത്തിരുന്നു. കോഴിക്കോടുള്ള പി.ആർ. ഗ്രൂപ്പിനെ കൊണ്ട് സ്ഥലം വാങ്ങിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം. പ്രതിയെ സംബന്ധിച്ച രേഖകൾ പരിശോധിച്ചപ്പോൾ ഡോ. സ്മിത്ത് മാത്യു എന്ന പേരും കാണാനായെന്ന് പാലാ പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിൽ വൈൻ, ഇരുമ്പയിര് തുടങ്ങിയവയുടെ ബിസിനസ് നടത്തുകയാണെന്ന് ഇയാൾ നാട്ടുകാരോട് പറഞ്ഞിരുന്നു.

പത്തനംതിട്ട വെണ്ണിക്കുളം ചാമക്കാലായിൽ അലക്സ് മാത്യു(47) വാണ് ഡോ. മാത്യു മാലയിൽ എന്ന പേരിൽ പാലായിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി പോന്നത് സിബിഐ. ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ചയാണ് ഇയാളെ പാലായിലെ വാടക വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതിയെ സിബിഐ. സംഘം ചെന്നൈയ്ക്ക് കൊണ്ടുപോയി. ഇയാളുടെ പേരിൽ കോയമ്പത്തൂർ, മുംബൈ എന്നിവിടങ്ങളിലും കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.

വിലയേറിയ കാറിലായിരുന്നു മാത്യുവിന്റെ സഞ്ചാരം. ഒപ്പം അകമ്പടിവാഹനങ്ങളിൽ കുറെ ചെറുപ്പക്കാരും ഉണ്ടായിരുന്നു. എല്ലാവർക്കും ചോദിക്കുന്ന പണം നൽകി. കൊഴുവനാലിൽ ഒരു പാർപ്പിട പദ്ധതിക്കായി 40 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മാത്യു അഞ്ചു ലക്ഷം രൂപ സംഘാടകരെ ഏൽപ്പിക്കുകയും ചെയ്തു. പാലായിലെ ഒരു അനാഥാലയത്തിന് 18 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. അനാഥനും വൃക്കരോഗിയുമായ ഒരു ബാലന്റെ വൃക്കമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ നല്കിയതാണ് ഒടുവിലത്തെ വലിയ സംഭാവന.

ഇതിന്റെ പേരിൽ ഒരു സന്നദ്ധസംഘടന മാത്യുവിനെ ആദരിക്കുകയും ചെയ്തു. പല ഇടങ്ങളിലും ഇയാളുടെ ഫ്‌ലക്‌സുകൾ സ്ഥാപിച്ചു. ഇതിനിടയിൽ മാത്യു മാലയിലിന്റെ ലക്ഷ്യത്തെക്കുറിച്ചും അഭ്യൂഹങ്ങളുണ്ടായി. പാലായിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശ്യമുണ്ടെന്നുവരെ ആളുകൾ അടക്കംപറഞ്ഞു. സ്്ത്രീകൾ ഉൾപ്പെടെ പതിനഞ്ചോളം ജീവനക്കാരും മാത്യു മാലയിലിന്റെ വീടിനോട് ചേർന്ന ഓഫീസിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. പാലാ ടൗണിന് സമീപം പന്ത്രണ്ടാം മൈലിൽ ആറ് മാസം മുമ്പാണ് വീട് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.

ചില സംഘടനകളുടെ സഹായത്തോടെ ആശുപത്രികൾക്കും മറ്റും പണവും ഉപകരണങ്ങളും നല്കി. പാലായിലെ അറിയപ്പെടുന്ന ചില സംഘടനകളുടെ സഹകരണത്തോടെ ചികിത്സാ-ഭവനനിർമ്മാണ പദ്ധതികൾക്ക് പണം നല്കുമെന്നും വാഗ്ദാനം നല്കിയിരുന്നു. ചില പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഇയാളുടെ സാമ്പത്തികസ്രോതസ്, പ്രവർത്തനരീതി എന്നിവയിൽ സംംശയമുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് വിഭാഗം പലതവണ റിപ്പോർട്ട് നൽകിയിരുന്നെന്ന് പൊലീസ് പറഞ്ഞു.

വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് 2004ൽ സിബിഐ ചെന്നൈ യൂണിറ്റാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മറ്റൊരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ചെന്നൈയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാസ്‌പോർട്ട് പിടികൂടിയതും കേസെടുത്തതും. ഗോവയിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. കൂടിയ വിലയ്ക്ക് ഭൂമി വിൽക്കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയിൽ നിന്ന് രണ്ടുലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പത്രങ്ങളിൽ ഇയാൾക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലാ പൊലീസ് സിബിഐയെ വിവരം അറിയിക്കുകയും സിബിഐ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.