കോട്ടയം: ഡോ. മാത്യൂസ് മാർ സേവേറിയോസ് ഓർത്തഡോക്സ് സഭ പരമാധ്യക്ഷനാകും. ഇത് സംബന്ധിച്ച് ഓർത്തഡോക്സ് സുന്നഹദോസിൽ ധാരണയായി. പ്രഖ്യാപനം നാളെയുണ്ടാകും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ആണ് ഡോ. മാത്യൂസ് മാർ സേവേറിയോസ്.

ജൂലായ് 12ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവ അന്തരിച്ചതിനെ തുടർന്നാണ് പുതിയ പരമാധ്യക്ഷനെ തെരഞ്ഞെടുത്തത്. ഇന്ന് ചേർന്ന യോഗത്തിൽ 24 മെത്രാപൊലീത്തന്മാർ പങ്കെടുത്തിരുന്നു. ഇത് സംബന്ധിച്ച് നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ഒക്ടോബർ 14 ന് പരുമലയിൽ ചേരുന്ന മലങ്കര അസോസിയേഷൻ യോഗം സിനഡ് നിർദ്ദേശം അംഗീകരിക്കുന്നതോടെ അടുത്ത കാതോലിക്ക ബാവായും മലങ്കര മെത്രാപ്പൊലീത്തയുമായി ഡോ.മാത്യൂസ് മാർ സേവേറിയോസ് അവരോധിക്കപ്പെടും. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനും എപ്പിസ്‌കോപ്പൽ സുന്നഹദോസിന്റെ മുൻ സെക്രട്ടറിയും വർക്കിങ് കമ്മിറ്റിയംഗവുമാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്ത. കാലം ചെയ്ത കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു. കോട്ടയം വാഴൂർ സ്വദേശിയാണ്.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തതോടെയാണ് പുതിയ കാതോലിക്ക ബാവായെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചത്. പരിശുദ്ധ കാതോലിക്കാ ബാവാ കാലം ചെയ്തതിനെത്തുടർന്ന് രൂപീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ് കൗൺസിൽ അധ്യക്ഷൻ തുമ്പമൺ ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ക്ലിമ്മിസ് സിനഡിൽ അധ്യക്ഷത വഹിച്ചു.