- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്ത കൃതികൾ സംസ്‌കൃതത്തിൽ നിന്നും മലയാളത്തിലേക്കും തിരിച്ചും തർജ്ജമ ചെയ്തു; 90ാം വയസ്സുവരെ അദ്ധ്യാപന രംഗത്ത് സജീവം; വിടപറഞ്ഞ ഭാഷാപണ്ഡിതനും അദ്ധ്യാപകനുമാ ഡോ. മാവേലിക്കര അച്യുതന് ആദരാഞ്ജലികളുമായി പ്രമുഖർ
തിരുവനന്തപുരം: പ്രമുഖ ഭാഷാ പണ്ഡിതനും ഹിന്ദി പ്രചാരസഭാ അദ്ധ്യാപന പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പലുമായ ഡോ. മാവേലിക്കര അച്യുതൻ അന്തരിച്ചു. 96 വയസ്സായിരുന്നു.വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് കവടിയാർ ജവഹർ നഗർ ഒ -സ്ട്രീറ്റിൽ സായ് ജ്യോത്സ്‌നയിൽ ആയിരുന്നു അന്ത്യം.
1926 ഡിസംബർ 19ന് മാവേലിക്കര ഇറവൻകരയിൽ കെ.പി.മാധവൻ പിള്ളയുടെയും എൽ.ഗൗരിപ്പിള്ളയുടെയും മകനായിട്ടായിരുന്നു ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരത്ത് കോളേജ് വിദ്യാഭ്യാസം നടത്തി. സംസ്‌കൃതം, മലയാളം, ഹിന്ദി, വേദാന്തം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. കോളേജ് പഠനകാലത്ത് പ്രൈവറ്റായി സാഹിത്യ വിശാരദ്, രാഷ്ട്രഭാഷാ വിശാരദ് പരീക്ഷകളും പാസായി. സംസ്‌കൃതത്തിൽ പിഎച്ച്.ഡിയും എം.എഡും നേടി. 1950ൽ പറവൂർ സ്‌കൂളിൽ സംസ്‌കൃത അദ്ധ്യാപകനായി. തുടർന്ന് തിരുവനന്തപുരം സംസ്‌കൃത കോളേജിൽ ലക്ചററും പട്ടാമ്പി സംസ്‌കൃത കോളേജിൽ പ്രൊഫസറുമായി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ആദ്യത്തെ പിഎച്ച്.ഡി നേടി.
1982ൽ ഗവൺമെന്റ് ട്രെയിനിങ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. തുടർന്ന് ചിന്മയ മിഷൻ ലക്സിക്കൻ ഡിപ്പാർട്ട്‌മെന്റ്, സർവവിജ്ഞാനകോശം ഓഫീസ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി. 1988 മുതൽ കേരള ഹിന്ദി പ്രചാരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ പ്രിൻസിപ്പലായിരുന്നു. മലയാളം, ഇംഗ്‌ളീഷ്, സംസ്‌കൃതം, ഹിന്ദി ഭാഷകളിലായി അമ്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ഒ.എൻ.വി കുറുപ്പിന്റെ ഉജ്ജയിനി എന്ന കവിതാസമാഹാരം സംസ്‌കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
യുജിസിയുടെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സീനിയർ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 2005ൽ സംസ്‌കൃതത്തിനുള്ള ദേശീയ പുരസ്‌കാരം മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമാണ് നൽകിയത്.ഭാര്യ:പരേതയായ ജി.ഇന്ദിരാദേവി (റിട്ട.ഡി.ഇ.ഒ). മക്കൾ: എ.ജയചന്ദ്രൻ (കേരള യൂണിവേഴ്‌സിറ്റി മുൻ ഉദ്യോഗസ്ഥൻ), എ.ജ്യോത്സന (കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥ). മരുമക്കൾ: ശ്രീകല (മുൻ അദ്ധ്യാപിക, ചിന്മയ വിദ്യാലയ), ജി.പത്മകുമാർ (കോർപ്പറേഷൻ മുൻ സെക്രട്ടറി).