- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബത്തോടൊപ്പം അയർലന്റിൽ ജോലിക്കെത്തിയ മലയാളി കത്തോലിക്ക സഭയിലെ ഡീക്കനായി; ജോയി ലാസറസ് എന്ന അപൂർവ്വ വ്യക്തിത്വത്തിന് ഇന്ന് അപൂർവ്വദിനം
പ്രവാസി മലയാളികൾക്കിടിൽ അപൂർവ്വമായി മാത്രം കേൾക്കാൻ കഴിയുന്ന ഒരു അസാധാരണമായ ജീവിത കഥയാണ് ഡോ. എം. ജി ലാസറസ് എന്ന ഈ തിരുവനന്തപുരം സ്വദേശിയുടേത്. ഫിലോസഫിയിൽ എംഎയും എംഎസ്ഡബ്ലുവും എംബിഎയും ഫിലോസഫിയിൽ ഡോക്ടറേറ്റും എടുത്ത് ശേഷം ഫിസിയോ തെറാപ്പിസ്റ്റായി ഒരു ദശകം മുൻപ് അയർലന്റിൽ ജോലിക്കെത്തിയ ഡോ. ലാസറസ് ഇന്ന് അപൂർവ്വമായ ഒരു കർമം ഏറ്റെടു
പ്രവാസി മലയാളികൾക്കിടിൽ അപൂർവ്വമായി മാത്രം കേൾക്കാൻ കഴിയുന്ന ഒരു അസാധാരണമായ ജീവിത കഥയാണ് ഡോ. എം. ജി ലാസറസ് എന്ന ഈ തിരുവനന്തപുരം സ്വദേശിയുടേത്. ഫിലോസഫിയിൽ എംഎയും എംഎസ്ഡബ്ലുവും എംബിഎയും ഫിലോസഫിയിൽ ഡോക്ടറേറ്റും എടുത്ത് ശേഷം ഫിസിയോ തെറാപ്പിസ്റ്റായി ഒരു ദശകം മുൻപ് അയർലന്റിൽ ജോലിക്കെത്തിയ ഡോ. ലാസറസ് ഇന്ന് അപൂർവ്വമായ ഒരു കർമം ഏറ്റെടുക്കുകയാണ്. കത്തോലിക്ക സഭയിലെ വൈദികന് തൊട്ട് മുൻപുള്ള പെർമിറ്റ് ഡീക്കൻ എന്ന പദവി എത്തുകയാണ് ഡോ. ലാസറസ്. കേരളത്തിൽ തീരെ പരിചയമില്ലാത്ത പെർമെന്റ് ഡീക്കൻ വിവാഹിതരായവർക്ക് വൈദികനുള്ള ഏതാണ്ട് എല്ലാ അധികാരങ്ങളോടും കൂടി ദൈവവേല ചെയ്യാനുള്ള അംഗീകാരമാണ്.
ഈ അപൂർവ്വ പദവിക്ക് ഡോ. ലാസറസ് തെരഞ്ഞെടുക്കപ്പെട്ടത് അത്ര എളുപ്പത്തിലായിരുന്നില്ല. കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ അയർലന്റിലെ ആദ്യത്തെ മലയാളി ഡീക്കൻ ആണ് എന്ന പറഞ്ഞാൽ അത്ഭുതപ്പെടേണ്ടതില്ല. ഒരു പക്ഷ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ മലയാളി ഡീക്കന്മാരിൽ ഒരാളായിരിക്കാം ലാസറസ്. അയർലന്റിലെ ആദ്യ ഇന്ത്യൻ ഡീക്കൻ കൂടിയാണ് ലാസറസ്. ഇന്ന ഉച്ചയ്ക്ക് 12 ന് സെന്റ് ഒലിവേർസ് ചർച്ചിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ ബിഷപ്പ് അൽഫോൻസാസ് കുള്ളിനൻ ആണ് ലാസറസിന് ഡീക്കൻ പട്ടം നൽകുന്നത്. അപൂർവ്വമായ ഈ ദിനത്തിനുള്ള തയ്യാറെടുപ്പുകൾ ആണ് ലാസറസും ഏറെ ദിവസങ്ങളായി. ഉച്ചയ്ക്ക് നടക്കുന്ന തിരുകർമ്മങ്ങളിൽ ബിഷപ് കൈവെപ്പ് ശിശ്രൂഷ നടത്തുന്നതോടെ ലാസറസ് ഡീക്കൻ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടും.
അയർലന്റിലെ നഗരമായ ത്രൂൾസിലെ സെന്റ് പാട്രിക്സ് കോളേജിൽനിന്നും നാല് വർഷത്തെ സുദീർഘമായ ദൈവശാസ്ത്ര പഠനത്തിന് ശേഷമാണ് തിരുവനന്തപുരം പൂവാർ സ്വദേശിയായ ലാസറസ് എന്ന നാൽപ്പത്തിയെട്ടുകാരൻ ഇന്ന് ഡീക്കൺ പദവി സ്വീകരിക്കുന്നത്. വാട്ടർഫോർഡ് ലിസ്മോർ രൂപതയിലെ ആദ്യത്തെ ഡീക്കനായിട്ടാണ് തിരുവനന്തപുരം ലാസറസ് മാറുന്നത്. കത്തോലിക്കാ സഭയിലെ ഏഴു കൂദാശകളും സ്വീകരിക്കുന്നവർ തീരെ കുറവാണ്. തിരുപ്പട്ടം അഥവാ വിവാഹം എന്നതിൽ ഏതെങ്കിലും കൂദാശയേ സാധാരണ വിശ്വാസികൾ സ്വീകരിക്കാറുള്ളൂ. എന്നാൽ ഡീക്കൺ പദവിയിൽ വിവാഹവും തിരുപട്ടവും സ്വീകരിക്കാം. ഇതാണ് വിവാഹിതനായിട്ടും ദൈവവേല ചെയ്യാനുള്ള നിയോഗം ലാസറസിന് ലഭിച്ചത്.
പുരോഹിത പദവിക്ക് തൊട്ടു മുമ്പിലുള്ള പദവിയാണ് ഡീക്കൻ പദവി. ഡീക്കന്മാർ രണ്ടു തരത്തിൽ ഉള്ളവരുണ്ട്. ഇവയിൽ ഒരു വിഭാഗം ഡീക്കൻ പദവിക്ക് ശേഷം പുരോഹിതനായി നിയമിക്കപ്പെടും. പെർമനന്റ് ഡീക്കൻ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവരാവട്ടെ വിവാഹിതരായ അത്മായർക്കും കരഗതമാക്കാവുന്ന സ്ഥാനമാണ്. വിശുദ്ധ കുർബാന പരികർമ്മം ചെയ്യുക, കുമ്പസാരം കേൾക്കുക എന്നിവയൊഴികെ പുരോഹിതൻ ചെയ്യുന്ന ആരാധനപരമായ എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്യാൻ ഡീക്കന്മാരെ സഭ തിരുപ്പട്ടത്തിലൂടെ ചുമതലപ്പെടുത്തുന്നു.
വിശുദ്ധ കുർബാനയിൽ സഹ കാർമികത്വം വഹിക്കാനും, മാമോദീസ നൽകാനും,വിവാഹം ആശിർവദിക്കാനും, സഭ ഡീക്കന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങളും വീടുകളും വെഞ്ചിരിക്കാനും എല്ലാ ആരാധനകൾക്കും നേതൃത്വം കൊടുക്കാനും ഡീക്കന് ഉത്തരവാദിത്വം നൽകപ്പെട്ടിട്ടുണ്ട്. ഡീക്കൻ പട്ടാഭിഷേകത്തിൽ അർത്ഥിയെ തിരുപ്പട്ടകൂദാശയ്ക്ക് ഉള്ളിലുള്ള ഒരു സവിശേഷ സേവനത്തിനു നിയമിക്കുന്നു. എന്തെന്നാൽ സേവിക്കപ്പെടാനല്ലാതെ, സേവിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും വന്ന ക്രിസ്തുവിന്റെ പ്രതിനിധിയാണയാൾ.
പൂവാറിലെ പ്രശസ്തമായ കുടുംബത്തിൽ ജോർജ്ജ് ലാസറസിന്റെയും മാർഗരറ്റ് ലാസറസിന്റെയും പത്തു മക്കളിൽ ഏറ്റവും ഇളയ കുട്ടിയായിട്ടാണ് എംജി ലാസറസ് ജനിച്ചത്. ചെറുപ്പം മുതലേ ലാസറസിന്റെ ആഗ്രഹം തന്നെ ഒരു വൈദീകൻ ആവണം എന്നായിരുന്നു. പഞ്ചായത്ത് മെമ്പറും പൊതു പ്രവർത്തകനുമായിരുന്നു ലാസറസിന്റെ പിതാവ് ജോർജ് ലാസറസ്. വെളുപ്പിന് നാല് മണിക്ക് ഉറക്കമെണീറ്റ് കുടുംബത്തോടൊപ്പം പ്രാർത്ഥന നടത്തി പൂവാർ പള്ളിയിലെത്തി ദേവാലയ ശുശ്രൂഷിയെ ഉണർത്തുമണിയടിക്കാൻ വിളിച്ചുണർത്തി വിശുദ്ധ കുർബാനയ്ക്ക് ഒരുങ്ങുമായിരുന്ന പിതാവ് തന്നെയാണ് ദൈവവഴിയിൽ ലാസറസിന് പ്രചോദനമായത്.
ദൈവവഴികളിൽ ഏറെ ചേർന്നുനടന്നിരുന്ന ലാസറസിന്റെ പിതാവ് ലാസറസിന്റെ മൂത്ത സഹോദരനെ വൈദികനാകാൻ സെമിനാരിയിലേക്ക് അയച്ചെങ്കിലും അദ്ദേഹം തിരികെ വീട്ടിൽ വന്നത് വീട്ടിൽ ആകെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഈ പ്രശ്നങ്ങൾ ആകട്ടെ ചെറുപ്പത്തിലെ വൈദികനാകാൻ കൊതിച്ചിരുന്ന ലാസറസിനെ അപ്പൻ സെമിനാരിയിൽ അയക്കുന്നതിൽനിന്നും വിലക്കുകയും ചെയ്യുന്നിടത്തേക്ക് വരെ നീളുകയും ചെയ്്തു. അനുവാദം ചോദിച്ചു കരഞ്ഞു നോക്കിയ മകനോട് പക്വത എത്തിയ ശേഷം തീരുമാനിച്ചാൽ മതിയെന്നായിരുന്നു അപ്പന്റെ മറുപടി.
അപ്പന്റെ തീരുമാനത്തിന് മുന്നിൽ മുട്ടു മടക്കിയ ലാസറസ് എന്നാൽ പഠനത്തിൽ മിടുക്കനായി മുന്നേറി. മാനേജ്മെന്റിൽ എം ബി എയും, ഫിലോസഫിയിൽ എം എ യും, നേടിയ ലാസറസിന് എം എസ് ഡബ്ല്യൂവും പഠിക്കുമ്പോൾ തന്നെ നിരവധി കോളജുകളിൽ സെമിനാരികളിലും പഠിപ്പിക്കാനും അവസരം ലഭിച്ചു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ ലക്ച്ചറർ ആയിരിക്കുമ്പോൾ തന്നെ തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിലെ വൈദീക വിദ്യാർത്ഥികളെ സൈക്കോളജിയും സോഷ്യോളജിയും ഫിലോസോഫിയും പഠിപ്പിക്കാനും ലാസറസിന് കഴിഞ്ഞു. തിരുവനന്തപുരത്തെ പ്രശസ്തമായ് ലയോളാ ജസ്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ലാസറസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇതിനിടെ ലാസറസ് വീട്ടുകാരുടെ ഇഷ്ടപ്രകാരം വിവാഹിതനുമായി. ഇതിനു ശേഷമാണ് ജോലിക്കായി ലാസറസ് അയർലന്റിലേക്ക് വിമാനം കയറിയത്. കൗണ്ടി ടിപ്പററിയിലെ ക്ലോൺമൽ എന്ന ചെറു നഗരത്തിൽ സീനിയർ മെന്റൽ ഹെൽത്ത് സോഷ്യൽ വർക്കറായിയായിരുന്നു ലാസറസ് അയർലന്റിലെത്തിയത്. 2003ൽ അയർലന്റിലെത്തിയ ലാസറസ് 2005ലാണ് കുടുംബത്തെ ഇവിടെക്ക് കൊണ്ടുവന്നത്. സുവിശേഷ പ്രവർത്തനങ്ങളിൽ എന്നും തൽപരനായിരുന്ന ലാസറസിന്റെ പ്രാർത്ഥനാ ജീവിതം ആയിടയ്ക്ക് നാട്ടിൽ നിന്നും ക്ലോൺമലിൽ വന്നിരുന്ന ഏതാനം മലയാളി നഴ്സുമാരെ കണ്ടെത്തി അവരെയും ചേർത്ത് ക്ലോൺമലിൽ ഒരു കൂട്ടായ്മ സംഘടിപ്പിച്ചതോടെ വീണ്ടും സജീവമായി.
ക്ലോൺമൽ ഉൾപ്പെടുന്ന വാട്ടർഫോർഡ് രൂപതയിൽ അയർലണ്ടിലെ എല്ലാ രൂപതകളിലും എന്നത് പോലെ തന്നെ വൈദീക പ്രതിസന്ധി രൂക്ഷമായിരുന്നു. ഒന്നരലക്ഷത്തിൽ അധികം കത്തോലിക്കരും 45 ലധികം ഇടവകകളും ഉള്ള രൂപതയിൽ വെറും 3 പേരാണ് കഴിഞ്ഞ 15 വർഷത്തിനിടയിൽ പൗരോഹിത്യം സ്വീകരിച്ചത്. മരണാസന്നരും രോഗികളുമായ അനവധി പേർ അന്ത്യ ശുശ്രൂഷകൾ പോലും ലഭിക്കാതെ കടന്നുപോകുന്ന കാഴ്ച്ചകൾ പതിവായപ്പോഴാണ് രൂപതാധികൃതർ അത്മായരിൽ നിന്നും യോഗ്യരായവരെ ഡീക്കന്മാരായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
ഈ അറിയിപ്പ് ലാസറസിന് ദൈവ വിളിയായി തോന്നുകയായിരുന്നു. പൂർണ പിന്തുണയുമായി ഭാര്യയും മക്കളും ഒപ്പം ചേർന്നതോടെ ലാസറസിന് പിന്നെ ഒന്നും ആലോചിക്കേണ്ടിവന്നില്ല. ചെറുപ്പം മുതലുള്ള ആഗ്രഹം സഫലമാകാൻ പോകുന്ന സന്തോഷം പറഞ്ഞറിയിക്കാനായില്ലെന്നാണ് ലാസറസ് പറയുന്നത്. ഏറെ പേർ ഡീക്കനാകാൻ അപേക്ഷ സമർപ്പിച്ചെങ്കിലും ലാസറസിനെയും മറ്റൊരാളെയും മാത്രമാണ് തെരെഞ്ഞെടുത്തത് എന്നത് ദൈവത്തിന്റെ മറ്റൊരു അത്ഭുതമായി മാറി.തുടർന്ന് നാലു വർഷം ലാസറസ് ദൈവശാസ്ത്ര പഠനം നടത്തിയാണ് ഡീക്കൻ പദവി സ്വീകരിക്കാൻ ലാസറസ് ഒരുങ്ങുന്നത്.
ഇന്ന് ക്ലോൺമൽ ദേവാലയത്തിൽ നടക്കുന്ന തിരുപ്പട്ട സ്വീകരണത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന അമ്മ മാർഗരറ്റ് ലാസറസിന് അപ്രതീക്ഷിതമായ കാരണങ്ങളാൽ ശിശ്രൂഷകളിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ഇല്ലെന്ന സങ്കടം മാത്രമേ ഡോ.ലാസറസിന് ബാക്കിയുള്ളൂ.ഇന്ന് നടക്കുന്ന തിരുപ്പട്ട ശിശ്രൂഷയിൽ മലയാളികൾ അടക്കമുള്ള വൻജനാവലിയാകും പങ്കെടുക്കുക. സീനയാണ് ലാസറസിന്റെ ഭാര്യ. മൂന്നു മക്കളാണ് ഡോ.ലാസറസ് സീനാ ദമ്പതികൾക്ക്. ലിവിങ് സെർറ്റ് ഫലം കാത്തിരിക്കുന്ന റൊമോൾഡ്, ജൂനിയർ സെർറ്റ്കാരി സറീന, മൂന്നാം ക്ലാസുകാരി ട്രേസി എന്നിവരാണ് അവർ.