തിരുവനന്തപുരം: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ ഡോ. എൻ എ കരീം അന്തരിച്ചു. 90 വയസായിരുന്നു. വിദ്യാഭ്യാസ വിദഗ്ധൻ, സാഹിത്യകാരൻ, ചരിത്രകാരൻ എന്ന നിലകളിൽ പ്രശസ്തനായിരുന്നു.

തിരുവനന്തപുരം പേരൂർക്കട ഇന്ദിര നഗറിലെ വസതിയിൽ ഇന്നുച്ചയോടെയായിരുന്നു അന്ത്യം. കേരള സർവകലാശാലയിൽ രണ്ട് തവണ പ്രോ വൈസ് ചാൻസലറായിരുന്നു. കാലിക്കറ്റ് സർവകലാശാല സ്റ്റുഡൻസ് ഡീനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

തിരുരങ്ങാടി ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എ.കെ ആന്റണിക്കെതിരെ ഇടത് സ്ഥാനാർത്ഥിയായി ഡോ. കരീം മത്സരിച്ചിരുന്നു. 1926ൽ കൊച്ചിയിലാണ് അദ്ദേഹം ജനിച്ചത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ബിരുദവും അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ ബിരുദാനന്തര ബിരുദവും കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡിയും നേടി. ഡൽഹി ജാമിഅ മില്ലിയ അടക്കം പ്രശസ്തമായ നിരവധി സർവകലാശാലകളിലും കോളജുകളിലും അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു.