- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കന്നിയങ്കത്തിൽ സാക്ഷാൽ കാനത്തെ തോൽപ്പിച്ച് നിയമസഭയിലേയ്ക്ക്; ജനങ്ങൾക്ക് മുന്നിൽ തുറന്നിട്ട വാതിലുമായി തുടർച്ചയായ നാലാം തവണയും എംഎൽഎ; അച്ഛന്റെ വഴിയെ ആദ്യം അദ്ധ്യാപനത്തിലേയ്ക്കും പിന്നെ രാഷ്ട്രീയത്തിലേയ്ക്കും ചുവടുവച്ച ഡോ. ജയരാജ് ഒടുവിൽ ക്യാബിനറ്റ് പദവിയിലേയ്ക്ക്
തിരുവനന്തപുരം: രാഷ്ട്രീയ അതിരുകളില്ലാത്ത വ്യക്തിബന്ധവും ജനകീയതയുമാണ് ഡോ. ജയരാജിനെ കഴിഞ്ഞ 15 കൊല്ലക്കാലമായി ഒരേ മണ്ഡലത്തിന്റെ മുഖമാക്കി മാറ്റുന്നത്. കറുകച്ചാൽ ചമ്പക്കര ചെറുമാക്കൽ വീടിനു ഗേറ്റ് ഉണ്ടായിരുന്നില്ല. ഗൃഹനാഥനായ പ്രഫ. കെ.നാരായണക്കുറുപ്പിനെ കാണാൻ ഏതു നിമിഷവും ആർക്കും കയറിവരാമായിരുന്നു.
മകൻ ഡോ. എൻ.ജയരാജ് ഇന്ദീവരമെന്ന വീടു വച്ചപ്പോഴും പതിവു തുടർന്നു. 'ജനങ്ങളിൽനിന്ന് അകന്നുനിൽക്കരുത്' അച്ഛൻ പഠിപ്പിച്ചത് അതാണെന്നു ജയരാജ്. മന്ത്രിയും ഡപ്യൂട്ടി സ്പീക്കറുമായിരുന്ന നാരായണക്കുറുപ്പിന്റെയും കെ.ലീലാദേവിയുടെയും മകന്റെ തുടർച്ചയായ വിജയങ്ങളുടെ കാരണവും ഈ തുറന്ന സമീപനം തന്നെ.
പ്രതിപക്ഷ നേതാവ് പി.ടി.ചാക്കോ, ആരോഗ്യമന്ത്രി വി.കെ.വേലപ്പൻ, പിന്നീട് നാരായണകുറുപ്പും വാഴൂരിന്റെ ജനപ്രതിനിധികളായിരുന്നു എല്ലാവരും. ജയരാജിന്റെ ആദ്യ ജയവും വാഴൂരിൽനിന്നായിരുന്നു. പിന്നീടു മണ്ഡലം കാഞ്ഞിരപ്പള്ളിയായി പുനഃസംഘടിപ്പിച്ചപ്പോഴും പ്രതിനിധി ജയരാജ് തന്നെ. ഇപ്പോൾ ജയരാജും കാബിനറ്റ് പദവിയിൽ എത്തുന്നു.
പിതാവ് പ്രൊഫ. നാരായണകുറുപ്പിന്റെ പാത പിന്തുടർന്ന് അദ്ധ്യാപനവും രാഷ്ട്രീയവും ജീവിതത്തിന്റെ ഭാഗമാക്കിയയാളാണ് ജയരാജ്. 25 വർഷത്തോളം എൻഎസ്എസ് കോളജുകളിൽ സാമ്പത്തിക ശാസ്ത്രമാണു ജയരാജ് പഠിപ്പിച്ചത്. കേരള സർവകലാശാലയിൽനിന്നും പിഎച്ച്ഡി നേടി.
രണ്ടു വട്ടം കോട്ടയം ജില്ലാ പഞ്ചായത്തംഗമായിരുന്നു. 2006ലെ ആദ്യ നിയമസഭാ മത്സരത്തിൽ വാഴൂരിൽ തോൽപിച്ചത് ഇപ്പോഴത്തെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയാണ്. പിന്നീടു മൂന്നു വട്ടം കാഞ്ഞിരപ്പള്ളി എംഎൽഎ.
പാർട്ടി പിളർപ്പിൽ ജോസ് കെ.മാണിക്കൊപ്പം ഉറച്ചുനിന്നു. കാഞ്ഞിരപ്പള്ളിക്കായി അവസാന നിമിഷം വരെ വാദിച്ച സിപിഐയെ മറികടന്നു സീറ്റ് ഉറപ്പിക്കാൻ ജോസ് കെ.മാണിയെ പ്രേരിപ്പിച്ചതും അതു തന്നെ. കവിയും കോളമിസ്റ്റുമാണ്. ഭാര്യ: ഗീത. മകൾ: പാർവതി.