പത്തനംതിട്ട: ഡോ. ഓമനയെ ഓർമയില്ലേ?കാമുകനെ കൊന്നു വെട്ടി നുറുക്കി സ്യൂട്ട്‌കേസിലാക്കിയ ഡോ. ഓമന. കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയും ചെയ്ത ഓമനയെ തേടി 16 വർഷമായി ഇന്റർപോളും തമിഴ്‌നാട് പൊലീസും അലയുകയാണ്.

ഡോ. ഓമന എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ല. തമിഴ്‌നാട് പൊലീസും ഇന്റർപോളും അനേ്വഷണം നടത്തുകയും ക്രിമിനൽ ഇന്റലിജൻസ് ഗസറ്റിലടക്കം ഫോട്ടോ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടും പയ്യന്നൂർ കരുവാച്ചേരി സ്വദേശിയായ ഓമന എടാട്ട് കാണാപ്പുറത്താണ്. 1996 ജൂലൈ 11 ന് പയ്യന്നൂരിലെ കരാറുകാരനായ, കാമുകൻ മുരളീധരനെ ഊട്ടിയിലെ ലോഡ്ജിൽ വെട്ടിനുറുക്കിയ ശേഷം സ്യൂട്ട്‌കേസിലാക്കി ടാക്‌സി കാറിൽ കൊഡൈക്കനാലിലെ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോകവെയാണ് ഓമന പിടിയിലാവുന്നത്.

കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കേസിൽ വച്ചിരുന്ന മൃതദേഹം പുറത്തെടുക്കവെ സംശയം തോന്നിയ ടാക്‌സി ഡ്രൈവറാണ് നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞു വച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിക്കുന്നത്. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന മുങ്ങി. 16 വർഷമായി ഒളിവിൽ കഴിയുന്ന ഓമനയെ പിന്നീട് ഒരിക്കലും തമിഴ്‌നാട് പൊലീസിനു കണ്ടെത്താനായില്ല. ഇവർ മലേഷ്യയിൽ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇന്റർപോളിന് കേസ് കൈമാറിയിട്ടും ഫലമുണ്ടായില്ല. ഓമനയ്ക്കായി ഇന്റർപോൾ രാജ്യത്തെ പ്രധാന സ്ഥലങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും പതിച്ച റെഡ് കോർണർ നോട്ടീസ് ഇപ്പോഴും നിലനില്ക്കുന്നു.

ഊട്ടി റെയിൽവേ സ്റ്റേഷനടുത്തുള്ള ഒരു ലോഡ്ജിൽ വച്ചാണ് മുരളീധരനെ ഓമന കൊലപ്പെടുത്തുന്നത്. ആദ്യം ഊട്ടി റെയിൽവേ സ്റ്റേഷന്റെ വിശ്രമമുറിയിൽ വച്ച് വിഷം കുത്തി വച്ചു. പിന്നെ ഒരു ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. തുടർന്ന് പോസ്റ്റുമോർട്ടം ചെയ്യുന്നതു പോലെ ശരീരം നിരവധി കഷണങ്ങളാക്കി വലിയ സ്യൂട്ട്‌കേസിലാക്കുകയായിരുന്നു. മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളിൽ ഓമന ഒളിവിൽ  കഴിഞ്ഞിരുന്നതായാണ് 16 വർഷമായി അനേ്വഷണം നടത്തുന്ന സംഘത്തിനു ലഭിച്ച വിവരം. ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നിങ്ങനെയുള്ള പേരുകളും ഇവർ ഒളിവിൽ കഴിയുമ്പോൾ സ്വീകരിച്ചിരുന്നതായി അനേ്വഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്.

കൊലപാതകം നടക്കുമ്പോൾ 43 വയസുണ്ടായിരുന്നു ഡോ. ഓമനയ്ക്ക്. ഈ കേസിൽ വലിയ രീതിയിലുള്ള ഒരനേ്വഷണവും തമിഴ്‌നാട് പൊലീസിൽ നിന്നു നിലവിൽ ഉണ്ടാകുന്നില്ല എന്നാണ് വിവരം. പയ്യന്നൂർ കരുവാഞ്ചേരിയിലാണ് ഓമനയുടെ വീട്. അവിടിപ്പോൾ ഒരു ലേഡീസ് ഹോസ്റ്റൽ പ്രവർത്തിക്കുന്നു. ഓമന വിവാഹമോചനം നേടി കഴിയുന്ന സമയത്താണ് പി. മുരളീധരൻ എന്ന കരാറുകാരനുമായി പരിചയപ്പെട്ടത്.

അയാൾ തന്നിൽ നിന്ന് അകലുന്നുവെന്ന് തോന്നിയപ്പോഴായിരുന്നു കൊല നടത്തിയത് എന്നാണ് ഓമന പൊലീസിന് നൽകിയ മൊഴി. 1998 ജൂൺ 15 നാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പിന്നീട് കേസ് വച്ചു താമസിപ്പിക്കാൻ ഇവർ തന്നെ ശ്രമിച്ചുവെന്നാണ് ആരോപണം.